ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11ന് ആരംഭിച്ച് 20ന് അവസാനിക്കും. എല്‍.പി, യു.പി ക്ലാസുകളിലെ പരീക്ഷകള്‍ 12ന് തുടങ്ങി 20നാണ് അവസാനിക്കുക. ഇന്നലെ ചേര്‍ന്ന ക്യു.ഐ.പി യോഗത്തിലാണ് പരീക്ഷാ തിയതി സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷകളും 11 മുതല്‍ 20 വരെ നടക്കും.
എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 27 വരെയാണ്. ഐ.ടി പ്രാക്ടിക്കല്‍ ഫെബ്രുവരി 28ന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കും. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് നടത്തുക. പത്താം ക്ലാസിലെ ഊര്‍ജതന്ത്ര പരീക്ഷാ തിയതിയും ഗണിതശാസ്ത്ര പരീക്ഷാ തിയതിയും പരസ്പരം മാറ്റണമെന്ന അഭിപ്രായം ക്യു.ഐ.പിയില്‍ ഉയര്‍ന്നു. നിലവില്‍ ഊര്‍ജതന്ത്രം 18നും ഗണിതശാസ്ത്രം 26നുമാണ്. രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതിനാല്‍ 18ലേക്ക് ഗണിതശാസ്ത്ര പരീക്ഷ മാറ്റിയാല്‍ അതു വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഗുണകരമായിരിക്കുമെന്ന അഭിപ്രായമുയര്‍ന്നു. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഒരുമിച്ചു നടത്തണമെന്ന നിര്‍ദേശം ഇന്നലത്തെ യോഗത്തിലും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ നയപരമായി കൈക്കൊള്ളേണ്ടതായതിനാല്‍ വിദ്യാഭ്യാസ മന്ത്രി തീരുമാനങ്ങള്‍ എടുക്കട്ടെയെന്ന നിലപാടാണ് എ.ഡി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്.
എ.ഡി.പി.ഐ ജെസി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപക സംഘടനാ ഭാരവാഹികളായ കെ.സി ഹരികൃഷ്ണന്‍, ശ്രീകുമാര്‍, സലാവുദ്ദീന്‍, ജയിംസ് കുര്യന്‍, എ.കെ സൈനുദ്ദീന്‍, ഗോപകുമാര്‍, റോയ് പി. ജോണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."