കുറ്റക്കാരനെന്ന് കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് ഐ.എഫ്.എസ് ശുപാര്‍ശക്ക് നീക്കം
പാലക്കാട്: പാട്ടക്കരാര്‍ ലംഘനം നടത്തിയ നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും പിന്നീട് ഇതു റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വന്നയുടന്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാതെ സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി ഐ.എഫ്.സിന് ശുപാര്‍ശ ചെയ്യാന്‍ നീക്കം. അന്നു നെന്മാറ ഡി.എഫ്.ഒ ആയിരുന്ന വ്യക്തിയെയാണ് ഇപ്പോള്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഐ.എഫ്.എസിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇദ്ദേഹം ഇപ്പോഴും തൃശൂരില്‍ വനംവകുപ്പിലെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തു വരികയാണ്.
2009ലാണ് 280 ഏക്കറോളം വരുന്ന ചെറുനെല്ലി എസ്റ്റേറ്റ് പാട്ടക്കരാര്‍ ലംഘിച്ചതായി അന്നത്തെ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (കിഴക്കന്‍ മേഖല) കണ്ടെത്തിയത്. ഇതേതുടര്‍ന്ന് വനംവകുപ്പ് എസ്റ്റേറ്റ് ഏറ്റെടുത്തു. ഇതു ചോദ്യം ചെയ്ത് പാട്ടത്തിനെടുത്തവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് വനംവകുപ്പ് ഏറ്റെടുത്ത നടപടി താല്‍ക്കാലികമായി റദ്ദാക്കി. ഈ വിധി വന്നയുടന്‍ അന്നു നെന്മാറ ഡി.എഫ്.ഒ ആയിരുന്ന ഉദ്യോഗസ്ഥന്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍നിന്ന് നിയമോപദേശം തേടി ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കാതെ പാട്ടക്കാര്‍ക്ക് എസ്റ്റേറ്റ് വിട്ടുകൊടുക്കുകയാണുണ്ടായത്.സംഭവത്തില്‍ വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ അന്വേഷണം നടത്തി ഡി.എഫ്.ഒ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് മാസം സസ്‌പെന്‍ഡ് ചെയ്തു.
സര്‍വിസില്‍നിന്ന് ഒഴിവാക്കാന്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തുവെന്നാണ് വിവരം. ഇതിനിടെ ജോലിയില്‍ തിരിച്ചു കയറുകയും പ്രമോഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് സംഭവത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നതിനു പകരം, ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി ഐ.എഫ്.എസിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കുകയാണ് ചെയ്തത്. അതേസമയം നല്ല രീതിയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് വനംവകുപ്പ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ച ഉദ്യോഗസ്ഥന് ഐ.എഫ്.എസ് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതു വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."