ശാസ്ത്ര കൗതുകം ഇന്ന് മിഴിതുറക്കും
കണ്ണൂര്‍: കുരുന്നുചിന്തകളില്‍ തളിര്‍ക്കുന്ന ശാസ്ത്ര കൗതുകങ്ങളുടെ വിസ്മയത്തിന് ഇന്നുമുതല്‍ കണ്ണൂരില്‍ തുടക്കമാകും. രാവിലെ 10 മുതല്‍ സംഘാടക സമിതി ഓഫിസ് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കിയതിനാല്‍ മേള 24 നും 25നും രണ്ടുദിവസം മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.
ക്വിസ് മത്സരങ്ങള്‍ മാത്രമാണ് ഇന്ന് നടക്കുന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് പ്രധാനവേദി. സെന്റ് തെരേസാസ് എച്ച്.എസ്.എസ്, ചൊവ്വ എച്ച്.എസ്.എസ്, എളയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്, സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ് എന്നിവയാണ് മറ്റു വേദികള്‍.ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 14 ജില്ലകളില്‍ നിന്നു 173 മത്സരയിനങ്ങളില്‍ 5000ത്തില്‍പ്പരം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ഈ വര്‍ഷം യു.പി വിഭാഗം വിദ്യാര്‍ഥികള്‍ സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കില്ല. യു.പി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശാസ്‌ത്രോത്സവം സംഘടിപ്പിക്കും. ജില്ലകള്‍ തമ്മിലുള്ള മത്സരവും ഇത്തവണയില്ല. വിദ്യാര്‍ഥികള്‍ക്ക് ട്രോഫിയും നല്‍കില്ല. അതത് വിഷയങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.
ശാസ്ത്ര ഇനത്തില്‍ 700 വിദ്യാര്‍ഥികളും ഗണിതശാസ്ത്രത്തില്‍ എട്ടിനങ്ങളിലായി 760 പേരും സാമൂഹ്യശാസ്ത്രത്തില്‍ 540 വിദ്യാര്‍ഥികളും മത്സര രംഗത്തുണ്ട്. പ്രവൃത്തി പരിചയത്തില്‍ 70 ഇനങ്ങളിലായി 1,900 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും സ്‌പെഷല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 950 പേരും ഐ.ടിയില്‍ 10 ഇനങ്ങളിലായി 310 വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡി.ഡി.ഇ നിര്‍മല ദേവി, കെ.കെ പ്രകാശന്‍, ജിമ്മി കെ. ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."