ബദല്‍ റോഡ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം'
കല്‍പ്പറ്റ: ഇന്ന് ജില്ലയിലെത്തുന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ താമരശ്ശേരി ചുരം ബദല്‍ റോഡ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എം ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, ജില്ലാ കമ്മിറ്റിയംഗം ടി.പി കുര്യാക്കോസ് എന്നിവര്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ 40 വര്‍ഷങ്ങളായി നിരന്തരം ആവശ്യപ്പെടുന്ന ബദല്‍ റോഡ് യാഥാര്‍ഥ്യമാകാതെ വയനാടിന്റെ പുനര്‍നിര്‍മാണം പൂര്‍ണമാകില്ല. ബദല്‍പാതകളില്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡും മേപ്പാടി-ആനക്കാംപോയില്‍ റോഡും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കഴിഞ്ഞവര്‍ഷം നിയമസഭയില്‍ മന്ത്രി അറിയിച്ചിരുന്നു. ഇതില്‍ മേപ്പാടി-ആനക്കാംപൊയില്‍ റോഡിന്റെ ശാസ്ത്രീയ പഠനത്തിനും സര്‍വേയ്ക്കും രണ്ടു കോടി അനുവദിച്ചെങ്കിലും 70 ശതമാനം പ്രവൃത്തി പൂര്‍ത്തിയായ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ കാര്യത്തില്‍ മൗനത്തിലാണ്.
52 ഏക്കര്‍ വനഭൂമിക്ക് പകരം 104 ഏക്കര്‍ വിട്ടു നല്‍കിയതും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ആറു മാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാവുന്നതുമാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. എന്നാല്‍ അനുമതിക്കായി ഉത്തരവാദപ്പെട്ടവരാരും കേന്ദ്ര മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുന്നില്ല. ബദല്‍ റോഡിനായി ജനാധിപത്യ കേരള കോണ്‍ഗ്രസ് നടത്തിവന്ന പ്രക്ഷോഭം നിര്‍ത്തിവച്ചത് ജൂലൈ അഞ്ചിനു കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ജനപ്രതിനിധികളടക്കം പങ്കെടുത്ത യോഗതീരുമാനം അനുസരിച്ചാണ്. അന്നു രൂപീകരിച്ച ബദല്‍ റോഡ് ആക്ഷന്‍ കൗണ്‍സില്‍ ഇതേവരെ യോഗം ചേരുകയോ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയോ ചെയ്തിട്ടില്ല. യോഗ തീരുമാനം നടപ്പാക്കുന്നതിന് കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറും നേതൃപരമായ പങ്കുവഹിക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."