പള്ളിക്കുന്നില്‍ ഖാദി നെയ്ത്ത് കേന്ദ്രങ്ങള്‍ തുടങ്ങും
കല്‍പ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വയനാട്ടില്‍ നെയ്ത്തു കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആദ്യ നെയ്ത്തുകേന്ദ്രത്തിന്റെ ഉദ്ഘാടനം പള്ളിക്കുന്നില്‍ നിര്‍മല മഹിള സമാജം സൗജന്യമായി ലഭ്യമാക്കിയ സ്ഥലത്തു നാളെ ഉച്ചക്ക് രണ്ടിന് ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സന് ശോഭന ജോര്‍ജ് നിര്‍വഹിക്കുമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസിലെ പ്രൊജക്ട് ഓഫിസര്‍ കെ.പി ദിനേഷ്കുമാര്‍, സ്വാഗതസംഘം ഭാരവാഹികളായ എം.കെ രാമചന്ദ്രന്, പി ദിലീപ്കുമാര് എന്നിവര്‍ അറിയിച്ചു.
പള്ളിക്കുന്നില്‍ നിര്‍മല മഹിളാസമാജം നല്കിയ സ്ഥലത്ത് ഖാദി നൂല്നൂല്പ്പുകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. 14 പേര് തൊഴില്‍ ചെയ്യുന്ന ഇവിടെ നെയ്ത്ത് കേന്ദ്രത്തിനായി 16 തറികള്‍ അനുവദിച്ചിട്ടുണ്ട്. ഇവ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഖാദി ബോര്‍ഡിന് കീഴില്‍ പുല്‍പ്പള്ളി, തവിഞ്ഞാല്‍, തിരുനെല്ലി എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളിലും നെയ്ത്തുകേന്ദ്രം ആരംഭിക്കുന്നതിന് പഞ്ചായത്തുകളുടെ സഹകരണത്തോടെ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് നൂറോളം അപേക്ഷകള്‍ ബോര്‍ഡിന് ലഭിച്ചു. ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ മേപ്പാടി, പടിഞ്ഞാറത്തറ, നേന്മേനി വില്ലേജുകളിലുള്ള സ്ഥലങ്ങളില്‍ കെട്ടിടം പണിത് ഉല്പാദന യൂനിറ്റുകള്‍ തുടങ്ങുന്നതിനും നീക്കമുണ്ട്. നെയ്ത്തു കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിടം വാടകയല്ലാതെ ലഭിക്കുന്നതിനു കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ശ്രമം നടത്തിവരികയാണെന്നും പ്രൊജക്ട് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."