അതിജീവനത്തിന്റെ കര്‍ഷക കൂട്ടായ്മയില്‍ നൂറ്‌മേനി വിളയിച്ച് കീഴ്‌ക്കൊല്ല പാടശേഖരം
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: പ്രളയാനന്തരം വീണ്ടെടുത്ത അതിജീവനത്തിന്റെ കര്‍ഷക കൂട്ടായ്മയില്‍ നൂറ്‌മേനി വിളയിച്ച് കീഴ്‌ക്കൊല്ല പാടങ്ങളിലെ വിളവെടുപ്പുത്സവം. ജില്ലയിലെ തെക്കന്‍ പ്രദേശമായ ചെങ്കലില്‍ ഇരുനൂറോളം ഹെക്ടര്‍ സ്ഥലത്താണ് പച്ചക്കറി കൃഷിയുള്ളത്. തലസ്ഥാന ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പഞ്ചായത്ത് എന്ന ഖ്യാതിയും ചെങ്കലിന് സ്വന്തം.
ചെങ്കലിലെ പ്രധാന പച്ചക്കറി ക്ലസ്റ്ററായ കീഴ്‌ക്കൊല്ലയില്‍ ഇക്കഴിഞ്ഞ പ്രളയകാലം വല്ലാത്ത ദുരിതമാണ് വിതച്ചത്. അറുപതോളം കര്‍ഷകര്‍ വിവിധ പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്യുന്ന കീഴ്‌ക്കൊല്ലയിലെ പാടങ്ങളില്‍ നിലയ്ക്കാത്ത പൊക്കത്തില്‍ വെള്ളം കയറി. കര്‍ഷകരുടെ സ്വപ്നങ്ങളിലേയ്ക്ക് യാതനകള്‍ അപ്രതീക്ഷിതമായി വന്നെത്തിയെങ്കിലും മണ്ണിനെയും കൃഷിയേയും നെഞ്ചോട് ചേര്‍ക്കുന്ന കീഴ്‌ക്കൊല്ലയിലെ കര്‍ഷകര്‍ തളരാന്‍ ഒരുക്കമായിരുന്നില്ല.
കര്‍ഷക കൂട്ടായ്മയ്ക്ക് സകലവിധ പിന്‍തുണയുമായി പഞ്ചായത്തും കൃഷിഭവനും ജനപ്രതിനിധികളും നാട്ടുകാരും മുന്നോട്ടു വന്നപ്പോള്‍ കീഴ്‌ക്കൊല്ലയിലെ പാടങ്ങളില്‍ വീണ്ടും ഹരിതാഭയുടെ നാമ്പുകള്‍ വിടരുകയായിരുന്നു. പടവലം, പാവല്‍, കത്തിരി, വഴുതന, വെണ്ട, ചീര, കോവല്‍ തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ കൃഷി ചെയ്യപ്പെട്ടു. നാട്ടിന്‍പുറത്തെ ചന്തകളിലും ചാല കമ്പോളത്തിലും മാത്രമല്ല കീഴ്‌ക്കൊല്ലയിലെ പച്ചക്കറികളുടെ ഗുണഭോക്താക്കള്‍ അങ്ങ് വിദേശങ്ങളിലേയ്ക്കും ഇവിടെ നിന്നും പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കൃഷിഭവന്‍ അധികൃതര്‍ വ്യക്തമാക്കി.
ചെങ്കല്‍ പഞ്ചായത്തും കൃഷിഭവനും ഹരിത കേരളം മിഷനും വിവ കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് ഓര്‍ഗാനിക് തിയറ്ററിന്റെ ഭാഗമായി 'ചെങ്കല്‍ പെരുമ'എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനവും ഹരിത കേരള മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ നിര്‍വഹിച്ചു. കൃഷിയുടെ കാവലാളെന്ന് അറിയപ്പെടുന്ന 'കടന്‍പന്‍ മൂത്താന്റെ' (കൃഷിയുടെ സംരക്ഷകന്‍) സംവാദം, ജൈവ വിളംബര ജ്വാലാ പ്രയാണം, ഓര്‍ഗാനിക് തിയറ്റര്‍ ഡോക്യുമെന്ററി പ്രദര്‍ശനം, പാട സംരക്ഷണ ചങ്ങല, പാട വരമ്പത്തെ വരയാനന്ദം എന്നിവ അരങ്ങേറി.
വിളവെടുപ്പ് ഉത്സവത്തോനനുബന്ധിച്ച് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ ബെന്‍ഡാര്‍വിന്‍, മാധ്യമ പ്രവര്‍ത്തക സരസ്വതി നാഗരാജന്‍, കൃഷി ഓഫിസര്‍ ബാലചന്ദ്രന്‍, ഓര്‍ഗാനിക് തിയറ്ററിന്റെ ശില്‍പ്പിയും മാധ്യമ പ്രവര്‍ത്തകനുമായ എസ്.എന്‍ സുധീര്‍, കവിയും കാര്‍ട്ടൂണിസ്റ്റുമായ ഹരി ചാരുത, ചിത്രകാരന്‍ ആനന്ദ്, നാടക പ്രവര്‍ത്തകന്‍ ഷെരീഫ് പനങ്ങോട് സംബന്ധിച്ചു. എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കര്‍ഷകര്‍ എന്നിങ്ങനെ വലിയൊരു സദസ് പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. കടന്‍പന്‍ മൂത്താന്‍ ജൈവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിഥികളും സദസ്യരുമൊരുമിച്ച് പാടസംരക്ഷണ ചങ്ങല തീര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."