മല്യയ്‌ക്കെതിരേ ജാമ്യമില്ലാ വാറണ്ട്
ന്യൂഡല്‍ഹി: ആയിരക്കണക്കിനു കോടി രൂപ ബാങ്ക് വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയ്‌ക്കെതിരേ ഡല്‍ഹി കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ വിമാനത്തിന്റെ പേരില്‍ നല്‍കിയ ഒരുകോടിരൂപയുടെ വണ്ടിച്ചെക്ക് കേസിലാണ് ഡല്‍ഹിയിലെ പട്യാലാ ഹൗസ് കോടതിയുടെ നടപടി. നവംബര്‍ നാലിനു നേരിട്ടു ഹാജരാവണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മല്യക്ക് വാറണ്ട് ഉത്തരവ് അയച്ചുകൊടുക്കാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിങ്ഫിഷര്‍ വിമാനം ഡല്‍ഹി വിമാനത്താവളം ഉപയോഗിച്ചതിന്റെ വാടകനിരക്കായി നല്‍കിയ വിവിധ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2012 ഫെബ്രുവരിയില്‍ വിമാനത്താവള അധികൃതരാണ്(ഡി.ഐ.എ.എല്‍) കോടതിയെ സമീപിച്ചത്. കേസില്‍ നിരവധി തവണ ഹാജാരാകാന്‍ ആവശ്യപ്പെട്ടിട്ടും മല്യ അനുസരിക്കാതിരുന്നതിനാലാണു നടപടിയെന്നും നവംബര്‍ നാലിന് കേസ് പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കേണ്ടതിന്റെ ചുമതല നിയമപാലന അധികൃതര്‍ക്കാണെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമീത് ആനന്ദ് വ്യക്തമാക്കി.
ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് നാലുകേസുകളാണ് മല്യയ്‌ക്കെതിരേ ഡല്‍ഹി വിമാനത്താവള അധികൃതര്‍ നല്‍കിയിരിക്കുന്നത്. മൊത്തം ഏഴരകോടി രൂപയുടെ ചെക്ക് മടങ്ങിയതായാണ് ആരോപണം. ഇതില്‍ ഒരു കേസിലാണ് ഇന്നലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം സുപ്രിംകോടതി മല്യയ്‌ക്കെതിരേ കോടതിയലക്ഷ്യത്തിനു നോട്ടിസയച്ചിരുന്നു. ഇതിനു പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അധികൃതരും വിവിധ കേസുകളിലായി അദ്ദേഹത്തിനെതിരേ നോട്ടിസയച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞമാസം മുംബൈകോടതി അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തു നാടുവിട്ട മല്യ, 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാനുണ്ട്. ഇതടക്കമുള്ള കേസുകളും നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ചില്‍ ഇന്ത്യ വിട്ട വിജയ്മല്യ നിലവില്‍ ബ്രിട്ടനിലാണ് കഴിയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."