കുഴല്‍പ്പണം കടത്ത്: രണ്ടു മാസത്തിനിടെ സഊദിയില്‍ പിടിയിലായത് ഇരുപതിലധികം മലയാളികള്‍
അബ്ദുസ്സലാം കൂടരഞ്ഞി#
റിയാദ്: കള്ളപ്പണം കണ്ടെത്തുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘം സഊദിയില്‍ നടത്തിയ ശക്തമായ പരിശോധനയില്‍ രണ്ടു മാസത്തിനകം പിടിയിലായത് ഇരുപതിലധികം മലയാളികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ശക്തമായ പരിശോധനക്കിടെ ഈ മേഖലയില്‍ വിവിധ തലങ്ങളിലെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന അറുപതിലധികം ആളുകളെയാണ് പിടികൂടിയിരിക്കുന്നത്. ഇവരില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരുമായും ബന്ധമുള്ള മുഴുവന്‍ കരിയര്‍മാരെയും പിടികൂടുന്ന രീതിയിലാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. പിടികൂടിയ മലയാളികളില്‍ ബഹു ഭൂരിഭാഗവും കമ്മീഷന്‍ അടിസ്ഥാനത്തില്‍ പണക്കടത്തു സംഘത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നവരാണ്.
പിടികൂടിയവരെ റിയാദ് തര്‍ഹീല്‍, കിംഗ് ഖാലിദ് വിമാനത്താവളം, അല്‍ഹായിര്‍ ജയില്‍ എന്നിവിടങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണികള്‍ പിടിക്കപ്പെട്ടതറിഞ്ഞ് നാട്ടിലേക്ക് മുങ്ങിയവരും യാത്രാ വിലക്കുളളതിനാല്‍ പോകാന്‍ കഴിയാത്തവരുമായ മലയാളികളും കുഴല്‍പണ കേസുകളില്‍ ബന്ധപ്പെട്ടു കിടക്കുന്നതായാണ് വിവരം. പല സമയങ്ങളിലായി ട്രക്കുകളിലും കാറുകളിലുമൊക്കെയായി പണം കടത്തുന്ന സംഘങ്ങളെ പോലീസ് പിടികൂടി വരികയാണ്.
കുഴല്‍പണം കൈകാര്യം ചെയ്യുന്നവരുടെ റൂമുകളില്‍ താമസിച്ചവരും അവരുമായി നിരന്തരം ഫോണില്‍ സംസാരിച്ചവരും പിടിക്കപ്പെട്ടവരില്‍ പെടും. കാരിയര്‍മാരെ പിടികൂടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആ നെറ്റ്‌വര്‍ക്ക് മുഴുവന്‍ പിടികൂടുകയാണ് ചെയ്യുന്നത്. റിയാദിലെ കേസുമായി ബന്ധപ്പെട്ട് ദമാമില്‍ നിന്നും പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കള്ളപ്പണ അന്വേഷണ സംഘം രാജ്യസുരക്ഷാ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം കേസുകള്‍ പ്രത്യേക കോടതികളില്‍ മാത്രമേ വാദം കേള്‍ക്കുകയുള്ളൂ. പുതിയ നിയമ പ്രകാരം കള്ളപ്പണം വെളുപ്പിക്കലിന് രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവോ അഞ്ചു മില്യന്‍ റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒന്നിച്ചോ അനുഭവിക്കണമെന്നതാണ് ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ രാജ്യത്തേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തി നാടു കടത്തുകയും ചെയ്യും. പണത്തിന്റെ നിയമപ്രകാരമുള്ള സ്രോതസ്സ് കാണിക്കാതിരിക്കാനായി പണം കൊണ്ടുപോകുന്നതും ട്രാന്‍സ്ഫര്‍ ചെയ്യുന്നതും അതിന് സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും സൗകര്യം ചെയ്തുകൊടുക്കുന്നതും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും പുതിയ കള്ളപ്പണ നിയമമനുസരിച്ച് സഊദിയില്‍ കുറ്റകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."