മാവോയിസ്റ്റുകളെ എതിര്‍ക്കുന്നത് ചെഗുവേരയുടെ ചിത്രം ആത്മാവില്‍ പതിച്ചവര്‍: പി. സുരേന്ദ്രന്‍
കേരളത്തിലെ ഭൂരിഭാഗം എഴുത്തുകാരും പിണറായി കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നവര്‍
മഞ്ചേരി: മവോയിസ്റ്റ് വേട്ടയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍. സുപ്രഭാതം വിഷ്വല്‍ മീഡിയക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇടതുപക്ഷത്തെയും പൊലിസിനെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
സംസ്ഥാനത്ത് മുന്‍പെങ്ങുമില്ലാത്ത സ്ഥിതിയാണ്. മാവോയിസ്റ്റ് വേട്ടയും യു.എ.പി.എ ചുമത്തലും ഭീതിതമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. മാവോയിസ്റ്റുകള്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്. അവര്‍ ആയുധം ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്തുന്നുവെന്ന് പിണറായി വിജയന്‍ പറയുമ്പോള്‍ ചിരിവരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസും സി.പി.എമ്മുമാണ്. അവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുന്നവരും ആയുധ ശേഖരം ഉള്ളവരുമാണ്. ടി.പിയെ കൊന്നത് ക്രൂരമല്ലേയെന്നും പി. സുരേന്ദ്രന്‍ ചോദിച്ചു.
ചെഗുവേരയുടെ ആശയമാണ് മാവോയിസ്റ്റുകള്‍ പിന്തുടരുന്നത്. സി.പി.എം കൊണ്ടുനടക്കുന്നത് ചെഗുവേരയുടെ ചിത്രമാണ്. ചെഗുവേരയും ഫിദല്‍ കാസ്‌ട്രോയും മാവോയും മുന്നോട്ടുവച്ച ആശയങ്ങളാണ് മാവോയിസ്റ്റുകള്‍ സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ അവരുടെ ഓഫിസുകളിലെ ചുമരില്‍ മാവോ, ഫിദല്‍ കാസ്‌ട്രോ, ചെഗുവേര എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പിന്നെ എപ്പോഴാണ് അവര്‍ക്ക് മാവോയുടെ ആശയങ്ങളോട് എതിര്‍പ്പ് തുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു.
ലഘുലേഖ കൈവശം വച്ചതിനാണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തിയത്. ഇവിടെ പ്രശ്‌നം ലഘുലേഖയല്ല. എന്താണ് തീവ്രവാദമെന്ന് സര്‍ക്കാര്‍ അജണ്ട നിശ്ചയിക്കുന്നു എന്നതാണ് പ്രശ്‌നം. തീവ്ര വലതുപക്ഷ ആശയങ്ങളിലേക്ക് സി.പി.എം മാറുന്നതിന്റെയും ബി.ജെ.പി സര്‍ക്കാരിന്റെ അജണ്ടകള്‍ ഭംഗിയായി പിണറായി വിജയന്‍ നടപ്പാക്കിക്കൊടുക്കുകയും ചെയ്യുന്ന വേദനാജനകമായ അവസ്ഥയിലേക്ക് ഇടതുപക്ഷത്തിന് മാറ്റം സംഭവിച്ചതിന്റെയും തെളിവാണിത്.
കേരളത്തിലെ ഭൂരിഭാഗം എഴുത്തുകാരും പിണറായി വിജയന്‍ കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നവരാണ്. ഇവര്‍ക്കൊന്നും ഭരണകൂട ഭീകരതയെ എതിര്‍ക്കാനാവില്ലെന്നും സി.പി.എമ്മിന് പരുക്കേല്‍ക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്നവരാണ് എഴുത്തുകാരില്‍ കൂടുതലെന്നും പി. സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."