നെസ്‌ലേ, റിലയന്‍സ് പാല്‍പൊടികളില്‍ അപകടകരമായ രാസവസ്തുക്കളെന്ന് തമിഴ്‌നാട് മന്ത്രി
ചെന്നൈ: നെസ്‌ലേ, റിലയന്‍സ് എന്നീ ബ്രാന്‍ഡുകളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തമിഴ്‌നാട് ക്ഷീര വികസന കോര്‍പ്പറേഷന്‍ മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി. കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയെന്ന് ബാലാജി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ രണ്ട് കമ്പനികളുടെ പാല്‍പ്പൊടി ഉത്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സ്വകാര്യ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന പാല്‍പ്പൊടി കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന രാജേന്ദ്രയുടെ പരാമര്‍ശം ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു. തെളിവുകളില്ലാതെയാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു കമ്പനികളുടെ വാദം.
ഇതേതുടര്‍ന്ന് ചെന്നൈയിലെ സെന്‍ട്രലയിസിഡ് ലാബില്‍ ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്ത വിവരവുമായി മന്ത്രി പത്രസമ്മേളനം വിളിക്കുകയായിരുന്നു.
മറ്റ് ഏതെങ്കിലും ഉത്പന്നത്തില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തി വരികയാണെന്നും ഫലം വന്നാല്‍ പുറത്ത് വിടുമെന്നും മന്ത്രി അറിയിച്ചു. ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയ കാര്യം തുറന്നു പറഞ്ഞതിന് ക്യാബിനറ്റ് പദവി നഷ്ടമാകുമെന്ന് ഭയപ്പെടുന്നില്ല. മായം ചേര്‍ത്ത ഉത്പന്നങ്ങള്‍ തമിഴ്‌നാട്ടില്‍ വില്‍ക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയ്ക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."