പെരുമാതുറ മുതലപ്പൊഴി ടൂറിസം പദ്ധതി നിര്‍മാണത്തിന് 28ന് തുടക്കം
പെരുമാതുറ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പെരുമാതുറ മുതലപ്പൊഴിയില്‍ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമേകുന്ന ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. കടലും കായലും മുത്തമിടുന്ന മുതലപ്പൊഴിയും കായലിന്റെയും കടലിന്റെയും മനോഹര കാഴ്ച ഒരേ ദിശയില്‍ നിന്ന് ആസ്വദിക്കാനും ദിവസവും ഇവിടെ എത്തുന്ന നൂറ് കണക്കിന് സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ തുടക്കമാകുന്നത്.
പദ്ധതിയുടെ നിര്‍മാണോഘാടനം ഈ മാസം 28ന് വൈകിട്ട് 5ന് മന്ത്രി കടകംപള്ളി നിര്‍വഹിക്കും. ഇതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച് മൂന്ന് കോടി രൂപയാണ് ആദ്യഘട്ടമായി ചിലവഴിക്കുന്നത്. നിര്‍മാണം ഏറ്റെടുത്ത കരാര്‍ കാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പായുള്ള പരിശോധന ഇതിനകം പൂര്‍ത്തീകരിച്ചു. നേരത്തെ പെരുമാതുറ ഭാഗത്തെ പുലിമുട്ടിനോട് ചേര്‍ന്ന വിശാലമായ തീരമായിരുന്നു പദ്ധതിക്കായി തെരഞ്ഞെടുത്തത്. അതിന്റെ സര്‍വേ നടപടികളും വര്‍ഷങ്ങള്‍ മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് ആവിശ്യമായ പാറകള്‍ കൊണ്ട് പോകുന്നതിലേക്ക് കൂറ്റന്‍ ബോട്ട് ജെട്ടി നിര്‍മിക്കുവാനായി അദാനി പെരുമാതുറ തീരത്തെ കണ്ടെത്തിയതോടെ ഈ തീരം നഷ്ടമാവുകയായിരുന്നു. ഇതോടെ പദ്ധതി തന്നെ ഉപേക്ഷിച്ച സര്‍ക്കാര്‍ പ്രദേശവാസികളുടെ നിരന്തര സമരങ്ങളും ഇടപെടലുകളുടെയും അടിസ്ഥാനത്തില്‍ ജെട്ടി നിര്‍മാണം നടക്കുന്നിടത്ത് നിന്നും ഏകദേശം 500 മീറ്റര്‍ അകലെയുള്ള തീരത്താണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. അത് കാരണം നേരത്തെ തീരുമാനിച്ചുറപ്പിച്ച നിര്‍മാണങ്ങള്‍ക്ക് ഏറെ മാറ്റങ്ങളുണ്ടായേക്കും. നിര്‍മാണ ചുമതല ഹാര്‍ബര്‍ അതോറിറ്റിയെയാണ് കേരളാ ടൂറിസം വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ഹാര്‍ബര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്.
തീരത്തെത്താന്‍ പ്രത്യേക പ്രവേശനകവാടം, കാറ്റാടി മരങ്ങളെ പുറത്താക്കി കൊണ്ടുള്ള കൂറ്റന്‍ മതില്‍ കെട്ട്, നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം, റോഡും റോഡിനോട് ചേര്‍ന്നുള്ള നടപ്പാതയും ഇരിപ്പിട സൗകര്യങ്ങളും കുട്ടികള്‍ക്കായുള്ള പുതുമയാര്‍ന്ന പാര്‍ക്ക്, ലഘു ഭക്ഷണശാലകള്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍, ബീച്ച് വൈദ്യുതീകരിക്കല്‍.അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കുകള്‍ എന്നിവയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്കും ഇവിടെ എത്തുന്ന നൂറ് കണക്കിന്‌സഞ്ചാരികള്‍ക്കും ഏറെ ഗുണം ചെയ്യും. പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറിന്റെ വളര്‍ച്ച മുന്നില്‍ കണ്ടും കൊല്ലം തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലക്ഷ്യം വെച്ച് കൊണ്ടും കായലും കടലും സംഗമിക്കുന്ന മുതലപ്പൊഴിയെ മറികടക്കുന്ന കുറ്റന്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്.
ദിവസവും നൂറ് കണക്കിന് കാഴ്ചക്കാരെത്തുന്ന മുതലപ്പൊഴിയില്‍ അവധി ദിവസങ്ങളില്‍ ആയിരങ്ങളാണ് ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്യദിക്കാനെത്തി കൊണ്ടിരിക്കുന്നത്. നിലവില്‍ ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യം പോലും നിര്‍വ്വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത ഒരവസ്ഥയാണ്. വരാന്‍ പോകുന്ന ടൂറിസ വികസനം പെരുമാതുറക്കും പരിസര പ്രദേശങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."