ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് നടത്തിയത് കോടികളുടെ തട്ടിപ്പ്: അമ്മയും കൂട്ട്, ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായപ്പോള്‍ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്
തൃശൂര്‍: ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. വിപിന്‍ കാര്‍ത്തിക്കാണ് അറസ്റ്റിലായത്. ഇയള്ക്കെതിരേ 15 ഓളം കേസുകള്‍ നിലവിലുണ്ട്.
അമ്മയുടെ കഥ, മകന്റെ തിരക്കഥയും സംവിധാനവും. മകന് തന്നെ കഥയിലെ ഐ.പി.എസ്. ഓഫീസറായ നായകന്. ഇത്തരത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം നടപ്പാക്കിയത് നിരവധി തട്ടിപ്പുകള്‍. കഥകളെല്ലാം സൂപ്പര്‍ ഹിറ്റായപ്പോള്‍ ഒഴുകിയെത്തിയത് കോടികള്‍. പക്ഷേ ചില തിരക്കഥകള്‍ പാളിപ്പോയി. അപ്പോള്‍ കഥകളും പൊളിഞ്ഞു തുടങ്ങി. ഒടുവില്‍ ആദ്യം അകത്തായത് അമ്മ. പിന്നാലെ മകനും ഇരുമ്പഴിക്കുള്ളിലായി. അപ്പോഴാണ് ഒരുപാട് അണിയറക്കഥകള്‍ പുറത്തുവരുന്നത്. ഐ.പി.എസ് ഓഫിസര്‍ ഇപ്പോള്‍ ഇരുമ്പഴിക്കുള്ളിലായിരിക്കുകയാണ്.
ജില്ലാ അസി.പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് നേരത്തെ ഇയാളുടെ അമ്മ ശ്യാമളയും തട്ടിപ്പ് നടത്തിയിരുന്നു. കേസില്‍ ശ്യാമള അറസ്റ്റിലായതോടെ വിപിന്‍ ഒളിവില്‍ പോയി. അമ്മയും മകനും ചേര്‍ന്നായിരുന്നു തട്ടിപ്പ്. വിവാഹതട്ടിപ്പുകളടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ശ്യാമള റിമാന്‍ഡിലാണ്. ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് വിപിന്‍ തൃശൂര്‍ ഡി.ഐ.ജി ഓഫിസില്‍ പോലും സന്ദര്‍ശനം നടത്തിയതായി കണ്ടെത്തിയിരുന്നു.
ഗുരുവായൂരിലെ ബാങ്ക് മാനേജര്‍ സുധാദേവിയെ കബളിപ്പിച്ച് 97 പവന് സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെന്ന പരാതിയിലാണ് അമ്മയും മകനും കുടുങ്ങിയത്. വേഗത്തില്‍ സൗഹൃദം സ്ഥാപിക്കാനുള്ള മിടുക്ക് ഉപയോഗിച്ചാണ് ബാങ്ക് മാനേജര്‍ സുധാദേവിയെ കബളിപ്പിച്ച് ഇയാള്‍ സ്വര്‍ണവും പണവും തട്ടിയത്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീര്‍ക്കാനുമായാണ് പണവും സ്വര്‍ണവും ആവശ്യപ്പെട്ടത്. 97 പവന് സ്വര്‍ണവും 25 ലക്ഷം രൂപയും നഷ്ടപ്പെട്ട സുധാദേവി നല്കിയ പരാതിയാണ് അമ്മയേയും മകനെയും കുടുക്കിയത്. ഇയാള്‍ തിരിച്ചറിയല്‍ രേഖകള്‍ തിരുത്തുന്നതിനാല്‍ പലയിടത്തും പല പേരിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."