പകര്‍ച്ചപ്പനി ശക്തമാവുമ്പോഴും ഗവ. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കു ദുരിതപര്‍വം
പേരൂര്‍ക്കട: പകര്‍ച്ചപ്പനി ജില്ലയില്‍ പടരുമ്പോള്‍ ഒരു ഗവ. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കു സമ്മാനിക്കുന്നതു ദുരിതപര്‍വ്വം. മണിയറവിള സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികളാണ് ബുദ്ധിമുട്ടുന്നത്. ദിനംപ്രതി 750നും 900നുമിടയ്ക്ക് ആള്‍ക്കാര്‍ ഇവിടെ ചികില്‍സ തേടിയെത്തുന്നുണ്ട്. അടുത്തിടെ ഈ ആശുപത്രിയെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നും ചികില്‍സയിയും കിട്ടുന്നില്ല. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 7 വരെയും 8 മണിമുതല്‍ അടുത്ത ദിവസം രാവിലെ 8 വരെ ഡോക്ടറുടെ സേവനം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ലഭിക്കുന്നില്ല. രാത്രി 8 മണിയ്ക്ക് ശേഷം കിടത്തി ചികിത്സ തേടുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ പരിചരിക്കുന്നതിന് ഒരു നേഴ്‌സ് മാത്രമാണുള്ളത്. ഇതുസംബന്ധിച്ച് ദിവസവും വാക്ക് തര്‍ക്കവുമുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം രോഗിയോടൊപ്പമെത്തിയ ഒരാള്‍ നേഴ്‌സിനോട് അപമര്യാദയായി പെരുമാറിയതില്‍ പൊലിസിന് ഇടപെടേണ്ട അവസ്ഥയുണ്ടായിരുന്നു.
പകര്‍ച്ചപ്പനിക്ക് വേണ്ട മരുന്നിനായി രോഗികള്‍ നെട്ടോട്ടമോടുകയാണിവിടെ. ജീവന്‍ രക്ഷാമരുന്നുകളായ വിവിധ ഇന്‍ജക്ഷനുള്ളവ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍, ബി.പിക്കുള്ള അമിലോ ഡിപ്പിന്‍, ശ്വാസതടസ മരുന്നുകള്‍ എന്നിവയും ഇവിടെ കിട്ടാക്കനിയാണ്. പനിബാധിതരില്‍ നിരവധി പേര്‍ക്ക് കൗണ്ട് കുറയുകയും ഡെങ്കിപ്പനി ബാധിച്ചവരെയും മറ്റ് സ്വകാര്യ ആശുപത്രികളില്‍ പോകേണ്ടതായ സ്ഥിതിയെന്നാണ് രോഗികള്‍ പറയുന്നത്. എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സ് ഇതുവരെ നിരത്തിലിറക്കിയിട്ടില്ല. ഡ്രൈവറുടെ നിയമനം വൈകുന്നതാണ് കാരണമത്രേ.
കിടത്തി ചികിത്സ തേടുന്നവര്‍ക്ക് പരാതി മാത്രമേ ഉള്ളൂ. രോഗികള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള കക്കൂസാകെ ഇടിഞ്ഞ് തകര്‍ന്ന നിലയിലാണ്. കുളിമുറിയിലും കക്കൂസിലും വൈദ്യുതിയില്ല. അടുത്തിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നെങ്കിലും പാതി വഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്ടറെ നിയമിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇതുവരെ ഡെന്റല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഇവിടേക്ക് പനിബാധിതരുടെ ഒഴുക്കാണിപ്പോള്‍. ഒ.പി.ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് കുറിപ്പടിയുമായി ഫാര്‍മസിയിലെത്തുമ്പോഴാണ് മരുന്നില്ലെന്നറിയുന്നത്. ഫാര്‍മസിസ്റ്റും നേഴ്‌സുമാരും ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ഉള്ളമരുന്ന് പോലും സമയത്തിന് നല്‍കാനാകുന്നില്ല. ആശുപത്രിയിലെ വിഷയങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സന്ദര്‍ശനം നടത്തിയ തൊഴിച്ചാല്‍ മറ്റ് നടപടികളെന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."