ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദവി വീതം വയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒരു ഇംഗ്ലീഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം വിവാദത്തിൽ. കോൺഗ്രസിനെ ഒന്നിച്ച് നിർത്തിയ ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെ ഇംഗ്ലീഷ് ടെലിവിഷൻ ചാനലിനോട് പറഞ്ഞത് .അധികാരം പങ്ക് വയ്ക്കാൻ ഒരു ധാരണയുണ്ടെന്നും അത് മാധ്യമങ്ങളോട് ചർച്ച ചെയ്യാനുദ്ദേശിക്കുന്നില്ല എന്നും ഡി കെ പറഞ്ഞിരുന്നു.
എന്നാൽ ഒരു തരത്തിലുള്ള അധികാരം പങ്കുവയ്ക്കൽ ഫോർമുലയെക്കുറിച്ചും തനിക്കറിയില്ലെന്നും എല്ലാ തീരുമാനവും ഹൈക്കമാൻഡിന്‍റേതാകുമെന്നുമാണ് ഡി കെയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. ഇതോടെ കൂടുതൽ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറയുന്നതാണ് അവസാനവാക്കെന്നും പറഞ്ഞ് ഡി കെ ശിവകുമാർ വിവാദം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കർണാടക കോൺഗ്രസിൽ അധികാരത്തർക്കം പതിയെ വീണ്ടും തല പൊക്കുന്നതിന്‍റെ സൂചനയായി ഈ പ്രസ്താവനകൾ മാറിക്കഴിഞ്ഞിരിക്കുകയാണ്.
ഇന്ന് ഹാസനിൽ സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി പിന്നാക്കസംഘടനകൾ സംഘടിപ്പിക്കുന്ന സ്വാഭിമാന സന്നിവേശ എന്ന മെഗാറാലി, പാർട്ടി പരിപാടിയാക്കി മാറ്റി അതിൽ ഡി കെ അടക്കം എല്ലാ മുതിർന്ന നേതാക്കളും പങ്കെടുക്കാനിരിക്കേയാണ് പുതിയ വിവാദം പിറന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."