വിധി കേള്‍ക്കാനൊരുങ്ങി അയോധ്യ
ഫൈസാബാദ്: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജ്യം ഉറ്റുനോക്കുന്ന കേസിന്റെ വിധി കേള്‍ക്കാനും അതേത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങളെ നേരിടാനും ഒരുങ്ങി അയോധ്യ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ച് 40 ദിവസം നീണ്ടുനിന്ന മാരത്തണ്‍ വാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം 16നാണ് കേസ് വിധി പറയാനായി മാറ്റിവച്ചത്. ഈ മാസം 17ന് ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കുന്നതിനാല്‍ അതിന് മുന്‍പായി ഏതുസമയത്തും വിധി പുറത്തുവരാനിടയുണ്ട്.
ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയെഴുതുന്നതില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ കേസിന്റെ വിധി പുറത്തുവരുന്നതോടെ അതിന്റെ പ്രതികരണങ്ങള്‍ നേരിടാനും അയോധ്യയും ഉത്തര്‍പ്രദേശും ഒരുങ്ങിക്കഴിഞ്ഞു. ഒരുക്കങ്ങള്‍ ഇങ്ങനെ:
= അയോധ്യയുടെ മുഴുവന്‍ സുരക്ഷാചുമതലയും അഡീഷനല്‍ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്.
=ഫൈസാബാദ് ജില്ലയില്‍ നാലു വ്യക്തികളില്‍ കൂടുതല്‍ സംഘം ചേരുന്നതിന് ഡിസംബര്‍ അവസാനം വരെ നിരോധനമുണ്ട്.
= യെല്ലോ, ഗ്രീന്‍, ബ്ലൂ, റെഡ് എന്നിങ്ങനെ വിവിധ മേഖലകളാക്കി തിരിച്ചാണ് അയോധ്യയില്‍ സുരക്ഷാ വിന്യാസം നടത്തിയത്.
=അയോധ്യയിലെ ഓരോ ഗ്രാമങ്ങളിലും പ്രത്യേകം തമ്പടിച്ച് നാട്ടുകാരുമായി സംസാരിച്ച് പൊലിസുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
=എട്ടു താല്‍ക്കാലിക ജയിലുകളാണ് അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. തടവുകാര്‍ കൂടുകയാണെങ്കില്‍ സ്‌കൂളുകളും കോളജുകളും താല്‍ക്കാലിക ജയിലുകളാക്കി മാറ്റും.
=ഭീകരവിരുദ്ധ സേന (എ.ടി.എസ്), ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), ക്രൈംബ്രാഞ്ച് എന്നിവയുടെ ഉദ്യോഗസ്ഥര്‍ ദിവസങ്ങളായി അയോധ്യ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയാണ്.
= ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലെയും എല്ലാ ഫീല്‍ഡ് ഓഫിസര്‍മാരുടെയും ലീവുകള്‍ ഈ മാസം 30വരെ റദ്ദാക്കി. പൊലിസുകാര്‍ക്കു പുറമെ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഈ മാസം ഇനി അവധിയെടുക്കാനാവില്ല.
= സാമൂഹിക മാധ്യമങ്ങള്‍ മുഖേന പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനായി യു.പി പൊലിസിനു കീഴിലുള്ള പ്രത്യേക സൈബര്‍ സെല്ല് നിരീക്ഷണം നടത്തിവരുകയാണ്. സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം നിരീക്ഷിക്കാനായി മാത്രം യു.പി പൊലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
= വിധി എന്തായാലും സാമുദായിക സൗഹാര്‍ദത്തിനു ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാവരുതെന്ന് മീററ്റിലെ ഇമാമുമാരും പണ്ഡിതരും ആഹ്വാനംചെയ്തു.
= കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക ഉത്തര്‍പ്രദേശ് സ്വദേശിയായ ജഡ്ജി ജസ്റ്റിസ് അശോക് ഭൂഷന്റെ ജൗന്‍പൂരിലുള്ള വസതിക്കു ചുറ്റും സുരക്ഷ ശക്തമാക്കി. വസതിക്കു ചുറ്റും സായുധസേനയെ വിന്യസിപ്പിച്ചു.
= വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള രാമജന്മഭൂമി ട്രസ്റ്റ് രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി തുടങ്ങിയ ശിലാനിര്‍മാണം തല്‍ക്കാലം നിര്‍ത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."