ആരോഗ്യവിഭാഗം അധികൃതര്‍ മത്സ്യം കൊണ്ടുപോയി; വ്യാപാരികള്‍ പ്രതിഷേധിച്ചു
തിരൂര്‍: നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യബോക്സുകള്‍ എടുത്തുകൊണ്ടുപോയതിനെ തുടര്‍ന്ന് മത്സ്യവ്യാപാരികളുടെ പ്രതിഷേധം.
തിരൂര്‍ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തി നിറയെ മത്സ്യങ്ങളുള്ള നാല് പെട്ടികള്‍ എടുത്തുകൊണ്ടുപോയതില്‍ പ്രതിഷേധിച്ചാണ് മത്സ്യവ്യാപാരികള്‍ സംഘടിച്ച് രംഗത്തെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മൂന്നാം പെരുന്നാള്‍ ദിനത്തില്‍ പോലും നല്ല നിലയില്‍ കച്ചവടം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. മത്സ്യവിപണനം നടത്താന്‍ ഉപയോഗിക്കുന്ന മാര്‍ക്കറ്റിലെ തട്ടിന് പ്രതിമാസം 3450 രൂപ വാടക നല്‍കിയാണ് മാര്‍ക്കറ്റിലെ 42 മത്സ്യവ്യാപാരികള്‍ കച്ചവടം നടത്തുന്നതെന്നിരിക്കെ മാലിന്യം നീക്കം ചെയ്യാനോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനോ നഗരസഭ സൗകര്യമൊരുക്കാതെയാണ് ഇടക്കിടെ പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നതെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.
പെരുന്നാളായതിനാല്‍ ഏതാനും കച്ചവടക്കാര്‍ അവധിയായതിനാലാണ് മത്സ്യബോക്സുകള്‍ പല ഭാഗങ്ങളിലായി കിടന്നത്. എന്നാല്‍ ഇതൊന്നും മനസിലാക്കാതെയാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തതെന്ന് മത്സ്യവ്യാപാരികള്‍ ആരോപിച്ചു.
എന്നാല്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യാവശ്യത്തിനുള്ള മത്സ്യം സൂക്ഷിച്ചതിനാലാണ് നടപടിയെടുത്തതെന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."