ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു; ജീവന്‍ വച്ച് പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ്, അമിത്ഷായുടെ വീടിനു മുന്നില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്ക് നല്‍കിയിരുന്ന ഉന്നത എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഇനി മുതല്‍ ഇവര്‍ക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഉണ്ടാവുക.
തീരുമാനത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.
'അവര്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെ ജീവന്‍ വച്ച് കളിക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് അവരിതു ചെയ്തത്'- കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ചോദിച്ചു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 ല്‍ വധിക്കപ്പെട്ടതിനു പിന്നാലെയാണ് ഇവര്‍ക്ക് എസ്.പി.ജി സുരക്ഷ നല്‍കിയിരുന്നത്. വ്യക്തിപരമായ പ്രതികാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുടെ കുരുടന്മാരായിരിക്കുകയാണെന്നും എസ്.പി.ജി സുരക്ഷ പിന്‍വലിക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന മറുപടി. അതേസമയം, വിവരം ഇവരെ ഔദ്യോഗികമായി അറിയിച്ചിട്ടല്ലെന്നാണ് റിപ്പോര്‍ട്ട്.
സി.ആര്‍.പി.എഫ് സേനയുടെ 100 വീതം സുരക്ഷാ സൈനികരുടെ സുരക്ഷയാണ് എസ്.പി.ജിയിലൂടെ ഇവര്‍ക്ക് ലഭിച്ചിരുന്നത്.
എസ്.പി.ജി സുരക്ഷയുമായി ഗാന്ധിമാര്‍ പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ബുള്ളറ്റ് പ്രതിരോധ കാര്‍ ഈ പരിധിയില്‍ വരുന്നുണ്ടെങ്കിലും അതുപയോഗിക്കുന്നില്ല, വാഹനത്തിന്റെ മുകളില്‍ ഇരിക്കുന്നു, 1991 ന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ 156 യാത്രകളില്‍ 143 ലും എസ്.പി.ജി സുരക്ഷ എടുത്തില്ല, അവസാന നിമിഷം മാത്രമാണ് അദ്ദേഹം യാത്രാ വിവരം പങ്കുവയ്ക്കുന്നത്.. ഇങ്ങനെയുള്ള കാരണങ്ങളും സര്‍ക്കാര്‍ പറയുന്നു.
സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ എസ്.പി.ജിയില്‍ 3000 അംഗങ്ങളാണുള്ളത്. ഇനി പ്രധാനമന്ത്രിക്കു മാത്രമായിരിക്കും ഈ സുരക്ഷയുണ്ടാവുക.
പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുന്നതിനാണ് 1985 ല്‍ എസ്.പി.ജി രൂപീകരിച്ചത്. ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേവര്‍ഷത്തിലായിരുന്നു ഇത്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ, മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷക്കാലം സുരക്ഷ നല്‍കാന്‍ എസ്.പി.ജി ആക്ടില്‍ ഭേദഗതി വരുത്തി.
2003 ല്‍ വാജ്‌പേയിയുടെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും ഭേദഗതി ചെയ്തു. 10 വര്‍ഷത്തില്‍ ഒരു വര്‍ഷമാക്കിയാണ് ചുരുക്കിയത്. അല്ലെങ്കില്‍ ഭീഷണിയുടെ സാഹചര്യം നോക്കി വര്‍ധിപ്പിക്കാം.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനുള്ള എസ്.പി.ജി സുരക്ഷ പിന്‍വലിച്ചിരുന്നു. അതുപോലെ മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവഗൗഡ, വി.പി സിങ് എന്നിവരുടെ എസ്.പി.ജി സുരക്ഷയും പിന്‍വലിച്ചു. എന്നാല്‍ വാജേപേയിക്കുള്ള സുരക്ഷ 2018 ല്‍ അദ്ദേഹം മരിക്കുന്നതു വരെ തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."