കേരള പുനര്‍നിര്‍മാണം: സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോഴും സംസ്ഥാന പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയകാലത്ത് ഒരുമിച്ചുനിന്ന കേരളത്തെ സാലറി ചലഞ്ചിലൂടെ വിഭജിക്കാനായി എന്നതാണ് സര്‍ക്കാരിന്റെ നേട്ടം.
കേരളത്തെ പുനര്‍നിര്‍മിക്കുകയല്ല, പുതിയ കേരളം സൃഷ്ടിക്കാന്‍ പോകുകയാണെന്നുപറഞ്ഞ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലുണ്ടായ പരാജയം മൂടിവയ്ക്കാനാണ് കേന്ദ്രത്തില്‍ നിന്ന് തുക നല്‍കിയില്ലെന്നുപറഞ്ഞ് കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യമെടുത്തത്. പ്രളയത്തില്‍ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചുകയറ്റുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് മടങ്ങിയവര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. പ്രഖ്യാപനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും വലിയൊരു വിഭാഗത്തിന് ഈ തുക ലഭിച്ചിട്ടില്ല. വി.എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യ സരോജിനിക്കുപോലും പണം കിട്ടിയത് രണ്ടുമാസം കഴിഞ്ഞാണ്. സി.പി.എം പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക്് തുക കിട്ടിയപ്പോള്‍ അര്‍ഹരായവര്‍ തഴയപ്പെട്ടു. വീട്ടില്‍ വെള്ളം കയറാത്ത സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എക്കുപോലും പണം കിട്ടി.
പ്രളയബാധിതരായ ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന പ്രഖ്യാപനം ബാങ്കുകള്‍ പാലിച്ചില്ല. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതുണ്ടായില്ല. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടതില്‍ 1,42,107 പേര്‍ കുടുംബശ്രീ വഴി ധനസഹായത്തിന് അപേക്ഷ നല്‍കി. 38,441 പേര്‍ക്കാണ് വായ്പ അനുവദിച്ചത്. 997.06 കോടി വായ്പ നല്‍കേണ്ടിടത്ത് 308.81 കോടി മാത്രമാണ് നല്‍കിയത്. പ്രളയത്തില്‍ സംസ്ഥാനത്ത് 56,439 ഹെക്ടര്‍ കൃഷി നശിച്ചതിലൂടെ 1345 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 233.84 കോടിയുടെ കാര്‍ഷിക ഇടപെടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് കഴിഞ്ഞമാസം ഉത്തരവിറങ്ങിയെങ്കിലും ബാങ്കുകള്‍ ജപ്തി നോട്ടിസുകള്‍ അയക്കുകയാണ്.
പ്രളയത്തിനുശേഷം സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള രൂപരേഖപോലും തയാറാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്റായി കെ.പി.എം.ജിയെ നിയമിച്ചപ്പോള്‍തന്നെ പ്രതിപക്ഷം എതിര്‍ത്തതാണ്. ആ പരീക്ഷണം പൂര്‍ണമായി പരാജയപ്പെട്ടപ്പോഴാണ് പുതിയ കള്‍സള്‍ട്ടന്‍സിയെ കണ്ടെത്താന്‍ ആഗോളതലത്തില്‍ ടെന്‍ഡര്‍ വിളിച്ചത്. അത് എന്നു നടക്കുമെന്ന് കണ്ടറിയണം. പ്രളയത്തിന്റെ മറവില്‍ സംസ്ഥാനത്തെ പദ്ധതി 10 ശതമാനം വെട്ടിച്ചുരുക്കിയതായും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."