'കാം ജാരി ഹേ' അഥവാ 'കാശി മധുരാ ബാകി ഹേ'!
1949 ഡിസംബര്‍ 22 ന് ബാബരി പള്ളിയില്‍ രാംലല്ല എന്ന ശിശുരാമന്റെ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയ സന്ന്യാസിസംഘത്തിലെ പ്രായംകുറഞ്ഞ ആളായിരുന്ന സന്ത് പരമഹംസനുമായി വര്‍ഷങ്ങള്‍ക്കുശേഷം, പള്ളി പൊളിക്കുന്നതിനു ദൃക്‌സാക്ഷിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിച്ചു തയ്യാറാക്കിയ കുറിപ്പിന്റെ തലക്കെട്ട് 'കാം ജാരി ഹേ' എന്നായിരുന്നു.
പണി തുടരുകയാണ് എന്നാണ് അതിന്റെ മലയാളം. 1949ല്‍ രാംലല്ല വിഗ്രഹം ഒളിച്ചുകടത്തുന്നതും 1992ല്‍ പള്ളി തകര്‍ക്കുന്നതും മുതല്‍ 27 വര്‍ഷത്തിനുശേഷം പള്ളിയുടെ ഭൂമി ക്ഷേത്രനിര്‍മാണത്തിനു വിട്ടുകൊടുക്കുന്ന വിധി വരുന്നതുവരെയുള്ള കാര്യങ്ങള്‍ സവര്‍ണ ഹൈന്ദവ വര്‍ഗീയതയെ സംബന്ധിച്ചു 'കാം ജാരി ഹേ' യാണ്. അവര്‍ പണി തുടരുകയായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയ്ക്കു മേല്‍ ബ്രാഹ്മണിക്കല്‍ ഹൈന്ദവബോധം പണിതുണ്ടാക്കുകയാണു ലക്ഷ്യം. ജനാധിപത്യം, മതേതരത്വം എന്നിവയ്ക്കു പകരം ഹിന്ദുരാഷ്ട്ര നിര്‍മാണമാണു ലക്ഷ്യം. അതിന്റെ പണി ഇനിയും തുടരുക തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കുന്നതിന്റെ ആരംഭമായി ഈ മുഹൂര്‍ത്തത്തെ കണക്കാക്കാം. പള്ളി പൊളിച്ച ശേഷം സംഘ്പരിവാര്‍ ആക്രമിക്കൂട്ടം വിളിച്ച മുദ്രവാക്യവും മറക്കരുത് 'യേ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാക്കി ഹേ', ഇതൊരു നിശ്ചലരൂപം മാത്രമാണ് കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ എന്നര്‍ഥം.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ, ഏറ്റവും വൈകാരികമായ സിവില്‍ കോടതി വ്യവഹാരത്തിനാണ് ഇന്നലെ അന്ത്യമായത്. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയില്‍ 1528 മുതല്‍ നിലനില്‍ക്കുന്ന മുസ്‌ലിം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കം എന്നതിനപ്പുറത്തുള്ള രാഷ്ട്രീയ മാനം ഈ കേസിനുണ്ട്. പ്രത്യേകിച്ചും ഈ സിവില്‍ വ്യവഹാരം നിലനില്‍ക്കേ തന്നെ 1992 ഡിസംബര്‍ ആറിന് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ക്രിമിനല്‍ കുറ്റകൃത്യത്തിലൂടെ പള്ളി സംഘ്പരിവാര്‍ നേതൃത്വത്തില്‍ തകര്‍ത്തുവെന്നതു വസ്തുതയായിരിക്കെ.
1949ല്‍ പള്ളിയില്‍ ശിശുരാമന്റെ പ്രതിമ ഒളിപ്പിച്ചതു നിയമവിരുദ്ധമാണെന്നും 1992ല്‍ പള്ളി പൊളിച്ചത് അങ്ങേയറ്റം നിന്ദ്യമായ നിയമലംഘനമാണെന്നും ചൂണ്ടിക്കാണിച്ച സുപ്രിംകോടതി തന്നെയാണു പള്ളി തകര്‍ക്കുകയും ശിശുരാമ വിഗ്രഹം ഒളിച്ചുകടത്തുകയും ചെയ്തവര്‍ക്കു പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകൊടുത്തത്. ഇതെഴുതുമ്പോള്‍ 1045 പേജുള്ള വിധിന്യായം ലഭ്യമായിട്ടേയുള്ളൂ. അതുകൊണ്ട് അതിന്റെ സൂക്ഷ്മാംശങ്ങളിലേയ്ക്കു പോകാനായിട്ടില്ല. പക്ഷേ, ഒന്നര നൂറ്റാണ്ടിനു മുമ്പ് ഒറ്റപ്പെട്ട സംഘടനകളാരംഭിച്ച ചില പ്രാദേശിക തര്‍ക്കങ്ങളെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന വൈകാരിക രാഷ്ട്രീയായുധമാക്കി മാറ്റാന്‍ സംഘ്പരിവാറിനും അതിന്റെ രാഷ്ട്രീയാവയവമായ ബി.ജെ.പിക്കും സാധിച്ചുവെന്നതാണു വിധിയുടെ ബാക്കിപത്രം.
മൂന്നു പതിറ്റാണ്ടിലേറെയായി 'അയോധ്യ'യെന്ന സ്ഥലനാമവും ശ്രീരാമനെന്ന ദൈവനാമവും ഭൂരിപക്ഷവര്‍ഗീയതയുടെ, ആണത്വ വെല്ലുവിളികളുടെ, ആള്‍ക്കൂട്ടാക്രമണത്തിന്റെ, രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള പരിപൂര്‍ണ പുച്ഛത്തിന്റെ പ്രതീകമാണ്. സംഘ്പരിവാര്‍ മാത്രമല്ല ഈ കേസിലെ പ്രതികള്‍. സംഘ്പരിവാറിന്റെ ഇന്നുള്ള വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ച, ബാബരി ഭൂമി തര്‍ക്കം ഈ നിലയ്‌ക്കെത്തിച്ച കോണ്‍ഗ്രസ്സിനും അതിന്റെ നേതാക്കളായ രാജീവ് ഗാന്ധി, നരസിംഹറാവു, വീര്‍ ബഹാദൂര്‍ സിങ്ങ് തുടങ്ങിയവര്‍ക്കുമൊക്കെ വലിയ പങ്കുണ്ട്.
1528 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ കാലത്തു നിര്‍മിച്ച പള്ളി സംബന്ധിച്ച് 1855 ലാണു തര്‍ക്കമുണ്ടായത്. പ്രാദേശിക കോടതിയിലെത്തിയെങ്കിലും നിരസിക്കപ്പെട്ടു. ഇതിനിടെയാണു ഹിന്ദുവര്‍ഗീയതയ്ക്കു സംഘടിത രൂപം വരുന്നത്. ഇതോടെ വര്‍ഗീയ കലാപങ്ങള്‍ മറ്റുള്ളിടങ്ങളിലെപ്പോലെ അയോധ്യയിലുമെത്തി. 1934ലെ കലാപത്തിന്റെ ഭാഗമായി പള്ളിയുടെ മിനാരത്തിനും പള്ളിക്കും തകരാറുകള്‍ പറ്റിയെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ പുതുക്കിപ്പണിതു.
1950ലാണ് ഈ വിഷയം ഔദ്യോഗികമായി കോടതിയിലെത്തുന്നത്. ഫൈസാബാദ് കോടതിയില്‍ നാട്ടുകാരനായ ഹാഷിം അന്‍സാരി പള്ളി പ്രാര്‍ത്ഥനയ്ക്കായി തുറന്നു തരണമെന്നാവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചു. ബദലായി ഗോപാല്‍ സിങ്ങ് വിശരാരദും മഹന്ത് പരമഹംസ് രാമചന്ദ്രദാസും രാംലല്ലയെ പൂജിക്കാനായി ക്ഷേത്രം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടും ഹരജി നല്‍കി. 1959ല്‍ നിര്‍മോഹി അഖാഡയും 1961ല്‍ സുന്നി വഖ്ഫ് ബോര്‍ഡും കക്ഷിചേര്‍ന്നു.
ഇതിനിടയില്‍ സംഘ്പരിവാര്‍ തങ്ങളുടെ പണിയുമായി പതുക്കെ മുന്നോട്ടുനീങ്ങുന്നുണ്ടായിരുന്നു. 1964ല്‍ ഗോള്‍വാള്‍ക്കറുടെയും എസ്.എസ് ആപ്‌തേയുടെയും നേതൃത്വത്തിലാരംഭിച്ച വി.എച്ച്.പിയെ സംഘ്പരിവാര്‍ ബാബരി പള്ളിക്കെതിരായ നീക്കങ്ങളുടെ ചുമതലയേല്‍പ്പിച്ചു. 1980ല്‍ എ.ബി വാജ്‌പേയിയെ മുന്‍ നിര്‍ത്തി സംഘ്പരിവാര്‍ രൂപം നല്‍കിയ ബി.ജെ.പി നാലു വര്‍ഷത്തിനുള്ളില്‍, 1984ല്‍ പള്ളി നിലനില്‍ക്കുന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനുള്ള സമിതി രൂപീകരിച്ചു. എല്‍.കെ അദ്വാനിക്കായിരുന്നു നേതൃത്വം. അതേ വര്‍ഷം രാംജാനകി യാത്രയൊക്കെ ആരംഭിച്ച് രാമജന്മഭൂമി കലാപത്തിനു ബി.ജെ.പി പദ്ധതിയിട്ടുവെങ്കിലും ഇന്ദിരാഗാന്ധിയുടെ അപ്രതീക്ഷിത കൊലപാതകം സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഈ നീക്കങ്ങളൊക്കെ അപ്രത്യക്ഷമായി.
രാജീവ് ഗാന്ധി അധികാരത്തില്‍ വന്നതോടെയാണ് ഇക്കാണുന്ന തരത്തില്‍ ഭൂമി തര്‍ക്കം രാമക്ഷേത്ര നിര്‍മാണത്തിലേയ്ക്ക് വഴി മാറുന്നത്. 1986ല്‍ ഫൈസാബാദ് ജില്ലാ കോടതി പള്ളി പരിസരം പൂജയ്ക്ക് തുറന്നുകൊടുക്കാമെന്നു പ്രഖ്യാപിച്ചു. രാമചന്ദ്രഗുഹയടക്കുമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതൊരു സര്‍ക്കാര്‍ ഒത്തുകളിയാണെന്നാണ്. പ്രാദേശിക ഭരണകൂടത്തിനും എന്തിന്, ദൂരദര്‍ശനുവരെ ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നത്രേ. വിധി വന്ന് ഒരു മണിക്കൂറിനുള്ളില്‍ പള്ളിയുടെ ഗേറ്റ് ഹൈന്ദവാരാധനയ്ക്കായി തുറക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൂര്‍ദര്‍ശന്‍ ഹാജരുണ്ടായിരുന്നു. അഴിമതിക്കേസുകളില്‍ കറപുരണ്ട സര്‍ക്കാരിന്റെ ശ്രദ്ധമാറ്റല്‍ ശ്രമങ്ങളുമായും ഇവ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ഇക്കാലത്ത് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി എന്‍.ഡി തിവാരിയുടെ സ്ഥാനത്തിനു രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ വീര്‍ബഹാദൂര്‍സിങ്ങിനെ വച്ചത് തന്നെ ബാബരി കേസിനെ അട്ടിമറിക്കാനാണെന്ന വാദമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടനെ വീര്‍ബഹാദൂര്‍ സിങ്ങ് വഖ്ഫ് ബോര്‍ഡ് അധ്യക്ഷന്‍ ഫര്‍ഹാദ് അലിയെ വിളിച്ചു യു.എസ് അംബാസഡര്‍ പദവി വാഗ്ദാനം ചെയ്തത് ഇന്നു രഹസ്യമല്ല. പള്ളിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനു വിട്ടുനല്‍കണമെന്നതായിരുന്നു വ്യവസ്ഥ.
ഒരു വശത്ത് ഷബാനു കേസ് വിധിയില്‍ മുസ്‌ലിം വ്യക്തിനിയമത്തിനനുകൂലമായി നിയമനിര്‍മ്മാണം നടത്തിയും മറുവശത്ത് വി.എച്ച്.പിക്കു പള്ളിയുടെ മണ്ണില്‍ രാമക്ഷേത്രത്തിനു തറക്കല്ലിടാന്‍ അനുവദിച്ചും രാജീവ് ഗാന്ധി ഈ വര്‍ഷങ്ങളില്‍ മതപ്രീണനത്തിലൂന്നിയും പ്രവര്‍ത്തിച്ചു. രാമജന്മഭൂമിക്കു വേണ്ടി വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള ഈ കൊലവിളിക്കാലത്തിനു കൂടുതല്‍ കരുത്തു നല്‍കിയതായിരുന്നു ദൂരദര്‍ശനിലെ രാമായണ, മഹാഭാരത പരമ്പരകള്‍. അതിനും രാജീവ് ഗാന്ധിക്കാണ് ഇവര്‍ നന്ദി പറയുക.
അതിനിടെ 1986 ല്‍ ബി.ജെ.പി അധ്യക്ഷസ്ഥാനത്തേയ്ക്ക് എല്‍.കെ അദ്വാനിയെത്തിയത് രാമജന്മഭൂമി കലാപത്തിനു പുതിയ ദിശാബോധം നല്‍കി. 1990 സെപ്റ്റംബര്‍ 25ന് അദ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേയ്ക്കു നടത്തിയ രഥയാത്ര സമസ്തിപൂരില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതും ചരിത്രം. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്നതാണ്.
ഇന്നു ബാബരിപള്ളി ഭൂമി അവകാശതര്‍ക്കത്തിന്റെ വിധി വരുമ്പോള്‍ ആരും നീതി നടപ്പാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. തെളിവുകളേക്കാള്‍ ഹിന്ദുമത വിശ്വാസത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നായിരുന്നു ഭൂമി മൂന്നായി ഭാഗിക്കാന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി പോലും വിധിച്ചത്. ആ വിധി നില്‍ക്കുമെന്നെങ്കിലും ശുദ്ധമനസ്‌കരും ശുഭപ്രതീക്ഷാവാദികളും കരുതിയിരുന്നു. ഒന്നും സംഭവിച്ചില്ല. പള്ളി പണിത 1528 മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ട 1859 വരെയുള്ള കാലങ്ങളില്‍ മുസ്‌ലിം സമുദായം മാത്രമാണു പള്ളി ഉപയോഗിച്ചതെന്നതിനു തെളിവ് ഹാജരാക്കാന്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ഹാജരായവര്‍ക്കു കഴിഞ്ഞില്ലെന്നാണു വിധിയില്‍ പറയുന്നത്.
ക്ഷേത്രം പൊളിച്ചാണു പള്ളി പണിതതെന്നതിനു തെളിവില്ല. എങ്കിലും രാമജന്മഭൂമി നിലനിന്നത് അവിടെയാണ് എന്ന വിശ്വാസം മുഖവിലയ്‌ക്കെടുക്കണമെന്നാണു കോടതി പറയുന്നത്. തെളിവ് പ്രധാനമല്ല, വിശ്വാസം പിന്തുടരൂ എന്നതാണ് അതിന്റെ മലയാളം.
എപ്പോഴും ജനാധിപത്യം ശക്തിപ്പെടുമ്പോള്‍ തളരുന്ന, ഒളിക്കുന്ന ചരിത്രമേ സംഘ്പരിവാര്‍ ശക്തികള്‍ക്കുള്ളൂ. ജനാധിപത്യം ക്ഷയിക്കുമ്പോള്‍ മതേതരത്വം ദുര്‍ബലപ്പെടുമ്പോള്‍ അവര്‍ ശക്തിപ്രാപിക്കും. ഭരണഘടനാസ്ഥാപനങ്ങളെ പോലും വിഴുങ്ങുന്ന കരുത്തായി അവര്‍ വളരും. ജനാധിപത്യവും മതേതരത്വവും തിരിച്ചു പിടിക്കുകയെന്നതാണു 'കാം ജാരി ഹേ' എന്ന മുദ്രവാക്യത്തിനുള്ള മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."