മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ബി.ജെ.പി, ശിവസേനയെ പിന്തുണച്ച് കോണ്‍ഗ്രസ്
മുംബൈ: തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷമില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. എന്‍.സി.പി- കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ശിവസേനയോട് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ഇപ്പോള്‍ റിസോര്‍ട്ടിലുള്ള 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയെ പിന്തുണയ്ക്കാമെന്ന നിലപാടെടുത്തു. ബി.ജെ.പിയെ എന്തുവില കൊടുത്തും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ആശയപരമായി വ്യത്യാസങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസുമായി ശത്രുതയില്ലെന്ന് നേരത്തെ ശിവസേന പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 15 ദിവസത്തിനു ശേഷവും ബി.ജെ.പി- ശിവസേന സര്‍ക്കാര്‍ രൂപീകരണ സാധ്യത അടഞ്ഞതോടെയാണ് സഞ്ജയ് റാവുത്തിന്റെ ഈ പ്രസ്താവന.
മഹാരാഷ്ട്രയുടെ കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബി.ജെ.പി നേതാക്കളും ഗവര്‍ണര്‍ ഭഗത് സിങ് കൊശയാരിയെ കണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കിയത്.
സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ഗവര്‍ണര്‍ വീണ്ടും ക്ഷണിച്ചതോടെ രണ്ടു പ്രാവശ്യം ബി.ജെ.പി യോഗം ചേര്‍ന്നു. ഇതിലാണ് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന തീരുമാനത്തില്‍ എത്തിയത്.
288 അംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- ശിവസേന സഖ്യത്തിന് കേവലഭൂരിപക്ഷമായ 145 ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം അടക്കം 50:50 അനുപാതത്തില്‍ വിഹിതം വയ്ക്കണമെന്ന ഉപാധി ശിവസേന ബി.ജെ.പിക്കു മുന്നില്‍ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ഇരു പാര്‍ട്ടികളും ഉടക്കിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."