സമാധാനത്തിന് കര്‍താര്‍പൂര്‍ ഇടനാഴിപോലുള്ള പദ്ധതികള്‍ അനിവാര്യം: മെഹബൂബ
ശ്രീനഗര്‍: അക്രമവും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് കശ്മിരിനെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ അതിര്‍ത്തി പാതപോലുള്ള പദ്ധതികള്‍ കൊണ്ടുവരികയാണ് അഭികാമ്യമെന്ന് പി.ഡി.പി അധ്യക്ഷയും കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
ജമ്മു കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ ധീരവും സത്യസന്ധവും മനുഷ്യത്വപരമായതുമായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഇന്നലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങും ചേര്‍ന്നാണ് കര്‍താര്‍പൂര്‍ അതിര്‍ത്തി പാതക്ക് തറക്കല്ലിട്ടത്. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.
പാകിസ്താനിലെ ചരിത്രപ്രസിദ്ധമായ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ സിഖ് തീര്‍ഥാടകര്‍ക്ക് എളുപ്പത്തിലെത്താന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സാധ്യമാകും. നാളെ പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കര്‍താര്‍പൂര്‍ പാതക്ക് തറക്കല്ലിടും.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്ന് പാകിസ്താനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പാത പണിയണമെന്ന് സിഖ് വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കി.മീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന ഈ ഗുരുദ്വാര.
ഹിന്ദു തീര്‍ഥാടകര്‍ക്ക് ഒരുതരത്തിലുള്ള തടസവുമില്ലാതെ ശാരദാ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള പാത തുറക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭീകരാക്രമണങ്ങളിലും മറ്റുമായി ജനങ്ങള്‍ കൊല്ലപ്പെടുന്ന സംഭവത്തില്‍ അവര്‍ ദുഃഖം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."