36 പി.ഡബ്ല്യു.ഡി നിര്‍മാണങ്ങളില്‍ ഗുണനിലവാരമില്ല
തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കിഫ്ബി തടസം നില്‍ക്കുന്നുവെന്ന് വിമര്‍ശനമുന്നയിച്ച മന്ത്രി ജി.സുധാകരന് കിഫ്ബിയുടെ തിരിച്ചടി. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി കിഫ്ബി മന്ത്രിക്ക് മറുപടി നല്‍കിയത്.
പൊതുമരാമത്ത് വകുപ്പിന്റെ 36 നിര്‍മാണപ്രവൃത്തികളില്‍ ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്നും തുടര്‍ന്നാണ് 12 പദ്ധതികള്‍ക്കു സ്റ്റോപ് മെമ്മോ നല്‍കിയതെന്നും കിഫ്ബി വ്യക്തമാക്കി. ധനലഭ്യതയ്‌ക്കൊപ്പം ഗുണനിലവാരം ഉറപ്പാക്കലും തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കിഫ്ബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടില്‍ തന്നെ ഇന്‍സ്‌പെക്ഷന്‍ അതോറിറ്റി (സാങ്കേതികം ഭരണപരം) എന്ന സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയിലും കര്‍ശനമായ ഗുണനിലവാര പരിശോധനയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളും ഉണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം വകുപ്പിന് ഇല്ലെന്ന മന്ത്രിയുടെ വാദവും കിഫ്ബി തള്ളി. ഈ റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍നിന്ന് കൈമാറുന്നില്ലെന്നും വകുപ്പിന്റെ ഉടമസ്ഥതയിലും അധികാരപരിധിയിലും നിന്നുകൊണ്ടു മാത്രമാണ് പദ്ധതികള്‍ നടപ്പാക്കുകയെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്റെ വിമര്‍ശനം. 'പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്ത് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥന്‍ അത് വെട്ടുകയാണ്. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്' എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."