റിയോയില്‍നിന്നു നമുക്കു പഠിക്കാനുള്ളത്
ഓഗസ്റ്റ് അഞ്ചു മുതല്‍ 21 വരെ ലോകത്തിന്റെ കേന്ദ്രം ബ്രസീലിലെ റിയോ ഡി ജനിറോയാണ്. ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് അവിടെ തിരശ്ശീലയുയര്‍ന്നു കഴിഞ്ഞു. കൂടുതല്‍ വേഗവും ഉയരവും താണ്ടാന്‍ ലോകയുവത്വം മാറ്റുരക്കുന്ന ഒളിംപിക്‌സ് വേദികള്‍ ഒരോ നാലുവര്‍ഷം കൂടുമ്പോഴും ലോകകായികവേദിയില്‍ പുതിയ തമ്പുരാക്കന്മാരെ അരിയിട്ടുവാഴിക്കുകയും മറ്റു ചിലരെ എന്നെന്നേയ്ക്കുമായി മായ്ച്ചുകളയുകയും ചെയ്യുന്നു.
വിജയിക്കുക എന്നതിലല്ല പങ്കെടുക്കുക എന്നതിലാണ് ഓരോ കായികതാരവും ഇവിടെ പൂര്‍ണത കണ്ടെത്തുന്നത്. ലോകത്തില്‍ എപ്പോഴും എല്ലാവര്‍ക്കും വിജയിച്ചുകൊണ്ടിരിക്കുക സാധ്യമല്ലല്ലോ. ലക്ഷ്യമെന്നതു വികസ്വരമായ സങ്കല്‍പ്പമാണെന്നും ലക്ഷ്യം കൈവരിക്കുന്നതിനേക്കാള്‍ അതിനുള്ള നിരന്തരമായ ശ്രമമാണു കായികപ്രതിഭയെ സൃഷ്ടിക്കുന്നതെന്നും ഒളിംപി ക്‌സ് നമുക്കു പറഞ്ഞുതരുന്നു.
118 അംഗ ഇന്ത്യന്‍ സംഘമടക്കം 206 രാജ്യങ്ങളില്‍നിന്നുള്ള 10,500 ലേറെ കായികപ്രതിഭകളാണു റിയോ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്. മുപ്പത്തിയൊന്നാമത് ഒളിമ്പിക്‌സിന് ബ്രസീല്‍പോലൊരു മൂന്നാം ലോകരാജ്യം ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കു വളരെയേറെ പ്രചോദനം നല്‍കേണ്ടതാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന രാജ്യമാണു ബ്രസീല്‍. നാണയപ്പെരുപ്പവും ധനക്കമ്മിയും ബ്രസീലിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പരിസരത്തെ വലിയ ഊരാക്കുടുക്കില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്ന സമയത്താണ് ആ രാജ്യത്തിന് ഒളിംപിക്‌സ് പോലൊരു ഐതിഹാസിക കായികമേളയ്ക്ക് ആതിഥ്യംവഹിക്കേണ്ടി വന്നത്.
ഒളിംപിക്‌സ് എന്നാല്‍ പണക്കൊഴുപ്പിന്റെയും ധാരാളിത്വത്തിന്റെയും മേളയാണെന്ന സങ്കല്‍പ്പത്തെ തിരുത്തിക്കുറിച്ച്, ഒരു മൂന്നാംലോകരാജ്യത്തിനു തങ്ങളുടേതായ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് എങ്ങിനെ ലോകോത്തരമായ കായികോത്സവത്തിന് അരങ്ങൊരുക്കാമെന്നു ബ്രസീല്‍ നമുക്ക് കാണിച്ചുതരുന്നു. ഏഷ്യാഡിനും കോമണ്‍വെല്‍ത്ത് ഗെയിംസിനുമപ്പുറം പോകാന്‍ കഴിയാത്ത നമ്മെ സംബന്ധിച്ചടത്തോളം ബ്രസീല്‍ തീര്‍ച്ചയായും പ്രചോദനമാകേണ്ടതാണ്.
റിയോ ഒളിംപിക്‌സില്‍ എനിക്കു കാണാന്‍ കഴിഞ്ഞ മറ്റൊരു പ്രത്യേകത ക്രൗഡ് ഫണ്ടിങ്ങാണ്. പലപ്പോഴും ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള രാജ്യങ്ങളിലെ കായികതാരങ്ങള്‍ക്കു മാത്രമേ ഒളിംപിക്‌സില്‍ പങ്കെടുക്കാനും മെഡലുകള്‍ വാരിക്കൂട്ടാനും കഴിയാറുള്ളൂ. ആഭ്യന്തരയുദ്ധങ്ങളാലും മറ്റും നട്ടംതിരിയുന്ന പല രാജ്യങ്ങള്‍ക്കും തങ്ങളുടെ കായികതാരങ്ങളെ വലിയതുക ചെലവഴിച്ച് ഒളിംപിക്‌സ് വേദിയിലെത്തിക്കാന്‍ കഴിയാറില്ല. അപ്പോള്‍ കായികപ്രതിഭകള്‍ക്ക് മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടിവരുന്നു.
കായികപ്രേമികളായ നിരവധി പേരുടെ വ്യക്തിപരമായ സഹായങ്ങള്‍ സ്വീകരിച്ചാണ് അവര്‍ പലപ്പോഴും രാജ്യാന്തരവേദിയിലെത്തുന്നത്. ആഭ്യന്തരക്കുഴപ്പങ്ങള്‍മൂലം നട്ടംതിരിയുന്ന ലിബിയയുടെ നീന്തല്‍താരം ഡാനിയയെപ്പോലുള്ള കായികതാരങ്ങള്‍ക്കു റിയോയിലെ ഒളിംപിക്‌സ് വേദിയിലെത്തിച്ചേരാന്‍ കഴിഞ്ഞത് ഇത്തരം സുമനസുകളുടെ സഹായംമൂലമാണ്.
ഇതു വലിയൊരു സാധ്യതയിലേയ്ക്കാണു വിരല്‍ചൂണ്ടുന്നത്. പ്രതിസന്ധികള്‍മൂലം കായികതാരങ്ങളെ അന്താരാഷ്ട്രവേദിയിലെത്തിക്കാന്‍ അതതു രാജ്യങ്ങള്‍ക്കു കഴിഞ്ഞില്ലങ്കില്‍ കായികവിനോദങ്ങളെ നെഞ്ചോടുചേര്‍ക്കുന്ന അനേകായിരം മനുഷ്യരില്‍നിന്ന് സഹായം സ്വീകരിച്ച് ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ കഴിയും. നിരവധി കായികതാരങ്ങള്‍ ഇത്തരത്തില്‍ വെബ്‌സൈറ്റുകളിലൂടെയും മറ്റും സഹായധനം സ്വരൂപിച്ചു മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ലോകകായികരംഗം ഇനിമുതല്‍ പണമുള്ളവന്റേതു മാത്രമായിരിക്കില്ലന്ന സന്ദേശവും റിയോ ഒളിംപിക്‌സ് നമുക്കുനല്‍കുന്നുണ്ട്. ലോകത്തിലെ പ്രതിഭയുള്ള, ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്ന ഏത് കായിക താരത്തിനും തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് അതില്‍ പങ്കെടുക്കുന്നതില്‍ പണം ഒരു തടസമാകുന്നില്ലന്ന് വരുമ്പോഴാണ് ഇത്തരം ഒളിംപിക്‌സ് വേദികള്‍ മാനവികതയുടെ ഉത്സവവേദികളാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."