റിയോയില്‍ നിരാശയ്ക്കിടയിലും പ്രതീക്ഷ; അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
റിയോ ഡി ജനീറോ: ഇന്ത്യക്ക് കടുത്ത നിരാശ നല്‍കി രണ്ടാം ദിനവും കടന്നു പോയപ്പോള്‍ പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് സമ്മാനിച്ചത് അമ്പെയ്ത്ത് താരങ്ങള്‍. വനിത ആര്‍ച്ചറി റീക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി, ബൊംബെയ്‌ല ദേവി, ലക്ഷ്മി റാണി മാജി ടീം ക്വാര്‍ട്ടറിലെത്തിയാണ് പ്രതീക്ഷ കാത്തത്. ആദ്യ ദിനത്തില്‍ ഹോക്കി ടീം വിജയം കണ്ടെങ്കിലും പിന്നീട് നടന്ന മത്സരങ്ങളിലൊന്നും മികവിലേക്കുയരാന്‍ ഇന്ത്യക്കായില്ല. വനിതാ വിഭാഗം ഡബിള്‍സ്, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, വനിതാ ഭാരോദ്വഹനം എന്നിവയില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു.
കരുത്തോടെ
ഇന്ത്യന്‍ വനിതകള്‍
അമ്പെയ്ത്ത് റീക്കര്‍വ് വിഭാഗത്തില്‍ 5-3ന് കൊളംബിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഗ്യറെ, സാഞ്ചസ്, റെന്‍ഡന്‍ സഖ്യമാണ് കൊളംബിയക്ക് വേണ്ടി കളത്തിലിറങ്ങിയത്. എന്നാല്‍ നേരത്തെ ടീമിനത്തില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ച ദീപിക കുമാരി, ബൊംബെയ്‌ല ദേവി, ലക്ഷ്മി റാണി മാജി സഖ്യം മികച്ച രീതിയിലാണ് ആരംഭിച്ചത്. തിരിച്ചടിച്ച കൊളംബിയന്‍ സഖ്യം ഒരു ഘട്ടത്തില്‍ സ്‌കോര്‍ 3-3 എന്ന നിലയിലെത്തിച്ചെങ്കിലും വിട്ടുകൊടുക്കാതെ പൊരുതിയ ഇന്ത്യന്‍ ടീം മത്സരം സ്വന്തമാക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ റഷ്യയാണ് ഇന്ത്യക്ക് എതിരാളി.
ജയമില്ലാതെ ജിത്തു
ഷൂട്ടിങില്‍ മെഡല്‍ സാധ്യതയുണ്ടായിരുന്ന ജിത്തു റായ് പുറത്തായതാണ് ഇന്ത്യക്ക് ഹൃദയഭേദകമായത്. ഫൈനല്‍ റൗണ്ടിലെത്തിയ ശേഷമായിരുന്നു താരത്തിന്റെ പുറത്താകല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ 78.7 പോയിന്റോടെ എട്ടാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. മികച്ച താരങ്ങള്‍ ഉള്‍പ്പെട്ട ഫൈനലില്‍ ജിത്തുവിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്നു ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 28.9 പോയിന്റാണ് താരത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. പിന്നീടങ്ങോട്ട് സ്ഥിരതയില്ലായ്മ തിരിച്ചടിയാവുകയായിരുന്നു.
വിയറ്റ്‌നാം താരം ഹൊവാങ് സുവാന്‍ വിന്‍ ഈ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ആതിഥേയരുടെ ഫെലിപ്പ് അല്‍മെയ്ഡ വു വെള്ളിയും ചൈനയുടെ പാങ് വെയ് വെങ്കലവും സ്വന്തമാക്കി. ഒളിംപിക്‌സില്‍ വിയറ്റ്‌നാമിന്റെ ആദ്യ സ്വര്‍ണം കൂടിയാണ് വിന്‍ സ്വന്തമാക്കിയത്. നേരത്തെ ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം ഗുര്‍പ്രീത് സിങ് യോഗ്യത റൗണ്ടില്‍ പുറത്തായിരുന്നു.
ഫൈനല്‍ കാണാതെ ഹീ10 മീറ്റര്‍ വനിതാ വിഭാഗം എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു രണ്ടാം ദിനം ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 380 പോയിന്റോടെ 14ാം സ്ഥാനത്തെത്താനേ ഹീനയ്ക്ക് സാധിച്ചുള്ളൂ. ആദ്യ റൗണ്ടുകളില്‍ പിന്നിട്ടു നിന്ന ഹീന അവസാന നിമിഷം മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. എന്നാല്‍ ആദ്യ എട്ടില്‍ സ്ഥാനം പിടിക്കാന്‍ താരത്തിന് സാധിച്ചില്ല.
നിരാശപ്പെടുത്തി മീര
ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന്റെ തോല്‍വിയാണ് ഇന്ത്യക്ക് ലഭിച്ച മറ്റൊരു തിരിച്ചടി. 48 കിലോ സ്‌നാച്ച് വിഭാഗത്തില്‍ നിരാശാജനകമായിരുന്നു മിരയുടെ പ്രകടനം. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ട താരം രണ്ടാംവട്ടം തിരിച്ചുവന്നെങ്കിലും അവസാന ശ്രമത്തില്‍ തോറ്റു പുറത്താവുകയായിരുന്നു.
സാനിയ സഖ്യവും വീണു
വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-പ്രാര്‍ഥനാ തോംബാരെ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനീസ് ജോഡിയായ ഷായ് ഷാങ്-ഷായ് പെങ് സഖ്യത്തോടാണ് തോല്‍വി വഴങ്ങിയത്. ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും നിര്‍ണായക പിഴവുകളാണ് ഇരുവരെയും തോല്‍വിയിലേക്ക് തള്ളിയിട്ടത്. സ്‌കോര്‍ 7-6(8-6), 5-7, 7-5. നേരത്തെ പെയ്‌സ്-ബൊപ്പണ്ണ സഖ്യം പുരുഷ വിഭാഗം ഡബിള്‍സിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ടെന്നീസില്‍ ഇനി മിക്‌സഡ് ഡബിള്‍സില്‍ മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷയുള്ളത്.
ടേബിള്‍ ടെന്നീസില്‍ പൂര്‍ണ പരാജയം
ടേബിള്‍ ടെന്നീസിലും പ്രതീക്ഷളുമായിറങ്ങിയ ടീമിന് ആദ്യ റൗണ്ടില്‍ പുറത്താകാനായിരുന്നു വിധി. പുരുഷ,വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യ പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി.
പുരുഷ വിഭാഗത്തില്‍ വെറ്ററന്‍ താരം അജന്ത ശരത് കമാല്‍ റൊമാനിയയുടെ ക്രിസന്‍ അഡ്രിയാനോട് ഒന്നിനെതിരേ നാലു സെറ്റുകള്‍ക്ക് തോറ്റത്. സ്‌കോര്‍ 11-8, 14-12, 9-11, 11-6, 11-8. മറ്റൊരു താരം സൗമ്യജിത്ത് ഘോഷിനും പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. തായ്‌ലന്‍ഡിന്റെ പാദസാക്കിനോടാണ് ലോക 68ാം റാങ്കുകാരനായ സൗമ്യജിത്ത് പരാജയപ്പെട്ടത്. സ്‌കോര്‍ 11-8, 11-6, 12-14, 11-6, 13-11.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."