മുഖ്യസാക്ഷി ആത്മഹത്യ ചെയ്തു; സ്മിത തിരോധാനക്കേസ് അന്വേഷണം പ്രതിസന്ധിയില്‍
കൊച്ചി:11 വര്‍ഷമായി ഷാര്‍ജയില്‍ നിന്ന് കാണാതായ എറണാകുളം ഇടപ്പള്ളി സ്വദേശിനി സ്മിതയ്ക്കുവേണ്ടിയുള്ള അന്വേഷണം വീണ്ടും വഴിമുട്ടുന്നു.
കേസിലെ മുഖ്യസാക്ഷിയും കോഴിക്കോട് സ്വദേശിനിയുമായ ആനിവര്‍ഗീസ് എന്ന ദേവയാനിയുടെ മരണമാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് പ്രതിസന്ധി തീര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 15ന് നുണപരിശോധനയ്ക്കായി ദേവയാനിയെ അഹമ്മദാബാദിലേക്കു കൊണ്ടുപോയിരുന്നു.
അഹമ്മദാബാദില്‍ ട്രെയിന്‍ ഇറങ്ങവെ ശാരീരികബുദ്ധിമുട്ട് പ്രകടിപ്പിച്ച ഇവരെ സി.ബി.ഐ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.14 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ദേവയാനി കഴിഞ്ഞമാസം ഒമ്പതിനാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് അന്വേഷണസംഘം ആദ്യം കരുതിയിരുന്നെങ്കിലും തുടര്‍ന്നു ലഭിച്ച പരിശോധനാഫലത്തില്‍ ദേവയാനിയുടെ മരണം വിഷം കഴിച്ചതുമൂലമാണെന്നു തെളിഞ്ഞു. നുണപരിശോധനയ്ക്കു മുന്‍പ് കേസിലെ നിര്‍ണായകസാക്ഷിയുടെ ആത്മഹത്യ സി.ബി.ഐയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് സി.ബി.ഐ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2005 സെപ്റ്റംബര്‍ ഒന്നിനാണ് നവവധുവായ സ്മിത ഷാര്‍ജയിലുള്ള ഭര്‍ത്താവിനടുത്തേക്ക് പോകുന്നത്.
ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി വിമാനത്താവളത്തില്‍ എത്തി സ്മിതയെ കൂട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍, രണ്ടാംദിവസം സ്മിതയെ കാണാതായെന്നും കാമുകനൊപ്പം കുവൈത്തിലേക്ക് സ്മിത ഒളിച്ചോടിയെന്നുമാണ് സാബു ദുബൈ പൊലിസിനെ അറിയിച്ചത്.
കത്തിലുള്ളത് സ്മിതയുടെ കൈയക്ഷരമല്ലെന്ന് ദുബൈ പൊലിസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.എന്നാല്‍ സ്മിതയുടെ തിരോധാനത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ പരാതിയില്‍ കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സാബുവിനെ അറസ്റ്റു ചെയ്തിരുന്നു.തുടര്‍ന്നാണ് വിവാഹത്തിനുമുമ്പ് സാബുവിനൊപ്പം ദുബൈയില്‍ താമസിച്ചിരുന്ന സുഹൃത്തായ ദേവയാനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
സാബു സ്മിതയെ കത്തികൊണ്ട് കുത്തുന്നത് കണ്ടുവെന്ന് ദേവയാനി മൊഴിനല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. നുണപരിശോധന വേണമെന്ന സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ച ദേവയാനി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമ്മതപത്രവും നല്‍കിയിരുന്നു.
തുടര്‍ന്നാണ് നുണപരിശോധനയ്ക്കായി സി.ബി.ഐ ദേവയാനിയേയും കൊണ്ട് അഹമ്മദാബാദിലെത്തിയത്. അതേസമയം തന്റെ മകളുടെ തിരോധാന കേസിലെ മുഖ്യ സാക്ഷി ദേവയാനിയുടെ ആത്മഹത്യ ഞെട്ടിച്ചുവെന്ന് സ്മിതയുടെ അമ്മ ഫാന്‍സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."