ആവശ്യത്തിന് റെയ്ഞ്ചര്‍മാരില്ല:പേര്യ, മാനന്തവാടി റെയ്ഞ്ചുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു
മാനന്തവാടി: വന്യമൃഗശല്യം ഏറെ രുക്ഷമായി തുടരുന്ന നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ രണ്ട് റെയ്ഞ്ചുകളില്‍ റെയ്ഞ്ച് ഓഫിസര്‍മാരില്ലാത്തത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പേര്യ, മാനന്തവാടി റെയ്ഞ്ചുകളിലാണ് ഓഫിസര്‍മാരില്ലാത്തത്. ഇത് ഓഫിസ് പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെയുമാണ് സാരമായി ബാധിക്കുന്നത്.
മാനന്തവാടി റെയ്ഞ്ച് ഓഫിസര്‍ ഏപ്രില്‍ 30നും പേര്യ റെയ്ഞ്ച് ഓഫിസര്‍ ജൂണ്‍ 30നും റിട്ടയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബേഗൂര്‍ റെയ്ഞ്ചര്‍ക്ക് മാനന്തവാടി റെയ്ഞ്ചിന്റെ അധിക ചുമതല നല്‍കാന്‍ നീക്കം നടന്നെങ്കിലും ഈ റെയ്ഞ്ചിന്റെ അധിക ചുമത വഹിക്കാന്‍ ബോഗൂര്‍ റെയ്ഞ്ചര്‍ വിസമ്മതിച്ചതായാണ് പറയപ്പെടുന്നത്. സംസ്ഥാനത്തെ വനംവകുപ്പിന്റെ ഏറ്റവും വലിയ റെയ്ഞ്ചുകളില്‍ ഒന്നാണ് ബേഗൂര്‍. കൂടാതെ ഇന്ത്യയില്‍ തന്നെ വന്യമൃഗ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്ത തിരുനെല്ലി പഞ്ചായത്ത് ബേഗൂര്‍ റെയ്ഞ്ചിന് കീഴിലാണെന്നും ജോലി ഭാരം ഇരട്ടിയാക്കുന്നുണ്ട്. നിലവില്‍ സാമുഹ്യ വനവല്‍ക്കരണ മാനന്തവാടി റെയ്ഞ്ചര്‍ക്കാണ് ഇപ്പോള്‍ മാനന്തവാടി റെയ്ഞ്ചിന്റ് അധിക ചുമതല. സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനാല്‍ ഈ റെയ്ഞ്ച് ഓഫിസര്‍ക്കും രണ്ട് റെയ്ഞ്ചിലെയും ദൈനംദിന കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ രണ്ട് ഡി.എഫ്.ഒമാരുടെ കീഴിലാണ് ഈ ഓഫിസര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഷ്ടടപരിഹാരം ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ച് നല്‍കുന്നതിന് കാലതാമസം നേരിടുന്നതിനും കാരണം രണ്ട് റെയ്ഞ്ചുകളിലും സ്വതന്ത്ര ചുമതലയുള്ള ഓഫിസര്‍മാരെ നിയമിക്കാത്തതിനാലാണ്. സംസ്ഥാനത്ത് 14 ഡെപ്യൂട്ടി റെയ്ഞ്ചര്‍മാര്‍ക്ക് റെയ്ഞ്ചര്‍മാരായി പ്രമോഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവരെ നിയമിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായിട്ടില്ല.
ഇതോടെ ഓഫിസ് പ്രവര്‍ത്തനവും ഫീല്‍ഡിലെ പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് വനപാലകര്‍. കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങളും കൃത്യനിര്‍വഹണത്തിന് തിരിച്ചടിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."