ഗുജറാത്തില്‍ എം.എല്‍.എയെ തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ പൊലിസ് സഹായത്തോടെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പൊലിസിനെ ഉപയോഗിച്ച് തങ്ങളുടെ എം.എല്‍.എയെ തട്ടിക്കൊണ്ടു പോകുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശര്‍മയുമാണ് വിഷയം ഉന്നയിച്ചത്.
ഗുജറാത്തിലെ സംവരണ മണ്ഡലമായ വ്യാരയില്‍ നിന്നുള്ള പുനഭായ് ഗുമിത്തിനെ ജില്ലാ പൊലിസ് സൂപ്രണ്ട് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുമിതിന് കോണ്‍ഗ്രസ് സീറ്റു നല്‍കില്ലെന്നും അതു കൊണ്ട് ബി.ജെ.പിയില്‍ ചേരണമെന്നുമാണ് പൊലിസ് അദ്ദേഹത്തോട് പറഞ്ഞതെന്നും ഗുലാം നബി ആരോപിച്ചു. ബി.ജെ.പി ദേശീയ പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സീറ്റ് വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥനാണ് കോണ്‍ഗ്രസ് എം.എല്‍.എയെ തട്ടിക്കൊണ്ടു പോയത്. പിന്നീട് തനിക്കു വസ്ത്രം മാറാനുണ്ടെന്ന് പറഞ്ഞാണ് എം.എല്‍.എ രക്ഷപ്പെട്ടതെന്നും ഗുലാം നബി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, ഇതു തെറ്റായ വിവരമാണെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വതന്ത്രവും മികച്ച രീതിയിലും തെരഞ്ഞെടുപ്പു നടത്തുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."