HOME
DETAILS
MAL
എച്ച്.എന്‍.എല്‍ ഏപ്രിലിലോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും
backup
November 18 2019 | 02:11 AM
എം.ഷഹീര്‍
കോട്ടയം: തകര്‍ച്ചയിലേക്കും അടച്ചുപൂട്ടലിലേക്കും പോകുകയായിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏപ്രിലിലോടെ ഏറ്റെടുക്കും. വൈദ്യുതി ബില്‍ കുടിശികയുള്‍പ്പെടെ പ്രധാന കടമ്പകളാണെങ്കിലും സ്വതന്ത്രമായി കമ്പനി പ്രവര്‍ത്തിപ്പിക്കാനാകുമെന്നത് ആശ്വാസകരമാണ്.
എന്‍.സി.എല്‍.ടി ട്രിബ്യൂണലിന് മുന്‍പാകെ ഇന്ന് ഡല്‍ഹിയിലും 19ന് കൊച്ചിയിലും നടക്കുന്ന ഹിയറിങ്ങിന് ശേഷമാകും കമ്പനിയുടെ ബാധ്യത സംസ്ഥാനം ഏറ്റെടുക്കുക. വൈദ്യുതി കുടിശികയിനത്തില്‍ കെ.എസ്.ഇ.ബിക്കും അസംസ്‌കൃത വനവിഭവങ്ങള്‍ വാങ്ങിയതിന് വനംവകുപ്പിനും മാത്രമായി 100 കോടി നല്‍കാനുണ്ട്. ഏറ്റെടുക്കലിന്റെ ആദ്യപടിയായി 25 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് കൈമാറും. സഹകരണ ബാങ്ക് വായ്പയും ജീവനക്കാരുടെ ശമ്പള കുടിശികയും കൊടുത്തുതീര്‍ക്കാനായി ഈ തുക ഉപയോഗിക്കും.
ഏപ്രിലോടെ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ പത്രങ്ങള്‍ക്ക് ഉള്‍പ്പെടെ അച്ചടിയാവശ്യത്തിനുള്ള പേപ്പറാണ് എച്ച്.എന്‍.എല്ലില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍, അച്ചടിരംഗത്തുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായ കടലാസ് ഉല്‍പ്പാദിപ്പിക്കാന്‍ കമ്പനിയുടെ യന്ത്രസാമഗ്രികള്‍ക്ക് പരിമിതിയുണ്ട്. ഇക്കാര്യം മുന്നില്‍ക്കണ്ട് യന്ത്രങ്ങളുടെ ആധുനികവല്‍ക്കരണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
കടലാസ് ഉല്‍പ്പാദനം മാത്രമായി കമ്പനിയുടെ പ്രവര്‍ത്തനം ചുരുക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. 700 ഏക്കറോളം വരുന്ന ഭൂമിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി അനുബന്ധമായി മറ്റു വ്യവസായ സംരംഭങ്ങള്‍ കൂടി ആരംഭിക്കുന്ന ബൃഹത്പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."