പത്തനാപുരത്ത് ഒരാഴ്ചയായി കുടിവെള്ളമില്ല
അരീക്കോട്: വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് അധികൃതരും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കാരണം നിരവധി കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുന്നു. കീഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം, തേക്കിന്‍ചുവട് ഭാഗങ്ങളിലാണ് ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിക്കിടക്കുന്നത്. പത്തനാപുരം പെട്രോള്‍ പമ്പിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പെപ്പ് പൊട്ടിയത് നന്നാക്കാന്‍ നടപടിയില്ലാത്തതാണ് പ്രദേശവാസികളെ കുഴക്കുന്നത്.
പൈപ്പ് പൊട്ടിയ വിവരം അരീക്കോട് കിളിക്കല്ലിങ്ങലിലെ വാട്ടര്‍ അതോറിറ്റിയുടെ ഓഫിസില്‍ അറിയിച്ചെങ്കിലും നന്നാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കീഴുപറമ്പ് ശുദ്ധജല പദ്ധതിയില്‍ നിന്നാണ് പത്തനാപുരം ഭാഗങ്ങളിലേക്ക് വെള്ളമെത്തുന്നത്. അഞ്ഞൂറോളം കുടുംബങ്ങളാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളത്തെ ആശ്രയിക്കുന്നത്.
പൊതുമരാമത്ത് വകുപ്പില്‍ നിന്നും റോഡ് പൊളിക്കാന്‍ അനുമതി ലഭിക്കാത്തതിനാലാണ് പൊട്ടിയ പൈപ്പുകള്‍ നന്നാക്കാത്തതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍ ജലവിഭവ വകുപ്പ് പത്തനാപുരം, തേക്കിന്‍ചുവട് ഭാഗങ്ങളിലെ റോഡ് പൊളിക്കാന്‍ സാധാരണയായി അനുമതി ചോദിക്കാറില്ലെന്നും തന്നിഷ്ട പ്രകാരം റോഡ് വെട്ടിപൊളിക്കലാണ് പതിവെന്നും പൊതുമരാമത്ത് അസി.എന്‍ജിനിയര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇരു വകുപ്പുകളും തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ കുടിവെള്ളം ലഭിക്കാതായതോടെ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. പൈപ്പുകള്‍ പൊട്ടിയിട്ട് ഒരാഴ്ചയായെങ്കിലും കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി ഓഫിസില്‍ നിന്നും റോഡ് പൊളിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ഓഫിസിലേക്ക് വിളിച്ചത്.
റോഡ് പൊളിക്കാനുള്ള അനുമതി ഫോണ്‍ മുഖേനെ ആവശ്യപ്പെട്ടതും ഇതിന് മുന്‍പ് അനുമതി വാങ്ങാതെ റോഡ് പൊളിച്ചതുമാണ് പൊതുമരാമത്ത് വകുപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ കുടിവെള്ള പൈപ്പ് നന്നാക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ മഴക്കാലം കഴിഞ്ഞതിന് ശേഷം മാത്രമെ റോഡ് പൊളിക്കുന്നതിനുള്ള അനുമതി ലഭിക്കുകയൊള്ളുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് വാട്ടര്‍ അതോറിറ്റിയെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. എന്നാല്‍ റോഡ് പൊളിക്കാന്‍ അനുമതി ആവശ്യമെങ്കില്‍ രേഖാമൂലം അപേക്ഷ ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അസി.എന്‍ജിനിയര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."