മഞ്ചക്കണ്ടി വെടിവയ്പ്പില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മഞ്ചക്കണ്ടി ഏറ്റുമുട്ടലിലും യു.എ.പി.എ ചുമത്തിയതിലും മുന്‍ നിലപാടിലുറച്ചു മുഖ്യമന്ത്രി പിണാറായി വിജയന്. വി.എസ് ശിവകുമാറിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. റിസര്‍വ് വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ക്കെതിരെ നിരോധിത സംഘടനയില്‍പ്പെട്ട സായുധരായ സി.പി.ഐ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലിസ് സ്വയം രക്ഷാര്‍ഥമാണ് തിരികെ വെടിവച്ചത്. ഇതിലാണ് ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ പോയ ഒറ്റപ്പാലം സബ് കലക്ടര്‍ അടക്കമുള്ള സംഘത്തിന് നേരെയും വീണ്ടും നിറയൊഴിച്ചു.
സ്വയം രക്ഷാര്ഥം തണ്ടര്‍ബോള്‍ട്ട് സംഘം തിരികെ വെടിവച്ചതില്‍ ഒരു മാവോയിസ്റ്റ് പ്രവര്ത്തകന് കൂടി കൊല്ലപ്പെട്ടു. ജനാധിപത്യ സംവിധാനത്തെ തകര്‍ത്ത് കലാപ കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തകര്‍ക്കുന്ന അപ്രായോഗികമായ പ്രത്യയശാസ്ത്ര നിലപാടാണ് മാവോയിസ്റ്റുകളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസിന് വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് സുപ്രിംകോടതി വിധിയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാര്‍ഗ നിര്‍ദേശവും അനുസരിച്ച് സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പൊലിസ് ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനക്ക് അയക്കുവാന്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."