അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നു; ഒരു കുട്ടി കൂടി മരിച്ചു
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശു മരണം ആവര്‍ത്തിക്കുന്നു. വീണ്ടും ഒരു ആദിവാസി ശിശു കൂടി മരണപ്പെട്ടു. പുതൂര്‍ പഞ്ചായത്തില്‍ സ്വര്‍ണഗദ്ദ ഊരിലെ അഞ്ച് മാസം പ്രായമുള്ള നയനിക എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.
അയ്യപ്പന്‍ ശിവകാമി ദമ്പതിമാരുടെ ആദ്യ കുട്ടിയായ നയനിക ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയായ നയനിക രണ്ടാം ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
ചൊവ്വാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണമടയുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഈ മാസം പുതൂരും അഗളിയിലും മാത്രം ഓരോ യുവതികളുടെ ഗര്‍ഭം അലസിപ്പോയിരുന്നു. അമ്മമാരുടെ ആരോഗ്യ കുറവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വളര്‍ച്ച പൂര്‍ത്തിയാവാതെ മാസം തികയാതെ ഉള്ള പ്രസവങ്ങളാണേറെയും.
മേഖലയിലെ സ്ത്രീകളില്‍ പോഷകാഹാര കുറവ,് പുകയില ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം, അടുപ്പിച്ചുള്ള പ്രസവങ്ങള്‍ എന്നിവ ഗര്‍ഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഭക്ഷണ കാര്യത്തിലും ആരോഗ്യ കാര്യത്തിലും പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ പലരും തയ്യാറാകാത്തതാണ് പ്രശ്‌നം ഗുരുതരമാവാന്‍ കാരണമെന്ന് വനിതാ ശിശു ക്ഷേമ വകുപ്പ് പറയുന്നു. ഉമ്മത്താംപടിയില്‍ ഗര്‍ഭസ്ഥശിശു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."