ലൈഫ്മിഷന്‍ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും:പരാതികള്‍ ഓഗസ്റ്റ് 10 വരെ സമര്‍പ്പിക്കാം
കൊല്ലം: സംസ്ഥാനത്തെ എല്ലാ ഭവനരഹിതര്‍ക്കും സുരക്ഷിതമായ വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട കൊല്ലം ജില്ലയിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ മിത്ര റ്റി അറിയിച്ചു.
പട്ടിക എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധനക്ക് ലഭിക്കും. കരട് പട്ടിക തദ്ദേശസ്ഥാപന പരിധിയിലുള്ള കുടുംബശ്രീ ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലും പ്രസിദ്ധീകരിക്കും.
ബന്ധപ്പെട്ട വാര്‍ഡ് അംഗത്തിനും കൗണ്‍സിലര്‍ക്കും പട്ടിക ലഭ്യമാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കുടുംബശ്രീ നടത്തിയ സര്‍വേയിലൂടെയാണ് അര്‍ഹരുടെ കരട് പട്ടിക തയാറാക്കിയത്. പട്ടിക സംബന്ധിച്ച ആദ്യ ഘട്ടം ആക്ഷേപങ്ങളും പരാതികളും ആഗസ്റ്റ് 10 നകം അതത് തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നല്‍കണം.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപ്പീല്‍ നല്‍കാം. അര്‍ഹരെ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കാം. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍, ഭൂമി ഉണ്ടെങ്കിലും വീടില്ലാത്തവര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പട്ടിക പ്രസിദ്ധീകരിക്കുക.
ഒന്നാം വിഭാഗത്തില്‍ റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലും സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമിയില്ലാത്തവര്‍, വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ളവര്‍, പരമ്പരാഗതമായി സ്വത്ത് കൈമാറിക്കിട്ടാന്‍ സാധ്യതയില്ലാത്തവര്‍ എന്നിവരാണ് അര്‍ഹര്‍.
രണ്ടാം വിഭാഗത്തില്‍ നഗരങ്ങളില്‍ അഞ്ച് സെന്റിനും ഗ്രാമപ്രദേശങ്ങളില്‍ ഇരുപത്തിയഞ്ച് സെന്റിനും താഴെ ഭൂമിയും റേഷന്‍കാര്‍ഡുമുള്ള കുടുംബങ്ങള്‍ക്കാണ് അര്‍ഹത.
രണ്ട് വിഭാഗങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പെന്‍ഷന്‍ കൈപ്പറ്റുന്ന അംഗങ്ങള്‍, സ്വന്തം ആവശ്യത്തിനായി കാര്‍ തുടങ്ങിയ നാലുചക്ര വാഹനങ്ങള്‍ ഉള്ളവര്‍, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ വീട് ഉള്ളവര്‍, പരമ്പരാഗതമായി വീടുകള്‍ കൈമാറികിട്ടാന്‍ സാധ്യതയുള്ളവര്‍ എന്നിവര്‍ അര്‍ഹരല്ല.
അഗതികളായവരെ റേഷന്‍കാര്‍ഡ് ഇല്ലെങ്കിലും ഉള്‍പ്പെടുത്താം. അവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കണം. അര്‍ഹരായവര്‍ കരട് പട്ടികയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കും പരാതി നല്‍കാം.
അതത് വാര്‍ഡ് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പരാതി നല്‍കാം.
ആക്ഷേപങ്ങള്‍ നല്‍കുന്നവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ആക്ഷേപത്തോടൊപ്പം രേഖപ്പെടുത്തിയിരിക്കണം.
ആക്ഷേപത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവ് ഹാജരാക്കേണ്ട ഉത്തരവാദിത്വം ആക്ഷേപം ഉന്നയിക്കുന്നവരുടേതായിരിക്കും.
അര്‍ഹരായവരുടെ പട്ടിക പരിശോധിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, ഭരണപക്ഷത്തുനിന്നും അല്ലാത്ത ഒരംഗം, സെക്രട്ടറി എന്നിവര്‍ അടങ്ങിയ സ്‌ക്രൂട്ടിനി ആന്‍ഡ് അപ്പീല്‍ കമ്മിറ്റി രൂപീകരിക്കണം.
ആദ്യഘട്ട അപ്പീലുകള്‍ പരിശോധിച്ച് ഓഗസ്റ്റ് 20നകം പട്ടിക പുനപ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട ആക്ഷേപങ്ങളും പരാതികളും ഓഗസ്റ്റ് 25നകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഈ ഘട്ടത്തിലുള്ള പരാതികള്‍ പരിഹരിച്ച് ആഗസ്റ്റ് 31 നകം പട്ടിക പ്രസിദ്ധീകരിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ 20 വരെ ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടിക അംഗീകരിച്ച് സെപ്റ്റംബര്‍ 25 നകം അതത് തദ്ദേശസ്ഥാപനങ്ങള്‍ പട്ടികക്ക് അന്തിമ അംഗീകാരം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."