രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാരിന് ധൂര്‍ത്തെന്ന് പ്രതിപക്ഷം
.
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി.
ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചയും വിഭവ സമാഹരണത്തിലെ പിടിപ്പുകേടും നിയന്ത്രണമില്ലാത്ത ചെലവും ധൂര്‍ത്തും കാരണം ഉണ്ടായിരിക്കുന്ന ധനപ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി തോമസ് ഐസക്കിന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട് വീട്ടുകാരണവന്‍മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എന്തു പറഞ്ഞാലും കിഫ്ബി എന്നാണ് ധനകാര്യമന്ത്രിയുടെ മറുപടിയെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നികുതി വകുപ്പില്‍ അരാജകത്വമാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സര്‍ക്കാരിന്റെ ചെലവ്. ഇനി ജലീല്‍ വന്ന് മാര്‍ക്കിട്ടാല്‍ പോലും ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഒരു ദുസ്ഥിതിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ട്രഷറിയില്‍ നിയന്ത്രണം കാരണം കോടികളുടെ ബില്ലുകളാണ് തടഞ്ഞുവച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വികസന പ്രവര്‍ത്തനങ്ങളെ ഇതു ബാധിച്ചു. കരാറുകാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുന്നു. എത്ര വന്‍കിട പദ്ധതി തുടങ്ങി എന്നു പോലും മറുപടി പറയാന്‍ പറ്റാത്ത സര്‍ക്കാരാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 23,000 കോടിയുടെ നികുതി പിരിക്കാന്‍ സാധിക്കാത്തത് അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് ബജറ്റില്‍ എഴുതിവച്ചവര്‍ മൂന്ന് വര്‍ഷംകൊണ്ട് പിരിക്കാനുള്ളത് 30,000 കോടി രൂപയാണ്.
അതിനേക്കാള്‍ വലിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇപ്പോഴെന്ന് ധനമന്ത്രി തുറന്നു പറഞ്ഞിരിക്കുകയാണ്. 2016ല്‍ മലയാളിയുടെ ആളോഹരി കടം 48,078 രൂപയായിരുന്നു. മൂന്ന് വര്‍ഷംകൊണ്ട് 72,430 രൂപയാക്കി വര്‍ധിപ്പിച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്കെന്നും സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി തോമസ് ഐസക്ക് പ്രതിപക്ഷത്തെ ചെറുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിയ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതു മാത്രമല്ല ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. മൂന്നുവര്‍ഷം കൊണ്ട് അഞ്ചു ലക്ഷം കുട്ടികള്‍ പുതിയതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനം വരുന്നു. ഇവയെല്ലാം ധൂര്‍ത്തല്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല പരിമിതികള്‍ക്കുള്ളില്‍നിന്ന് കാര്യക്ഷമമായി ചെലവാക്കുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി ബാലന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിക്ക് ചെറുവിരല്‍ അനക്കാന്‍ കഴിഞ്ഞോയെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
ശാസ്ത്രീയമായി അഴിമതി നടത്തുന്ന സര്‍ക്കാരായി ഇതുമാറി. ഷേക്‌സ്പിയറിന്റെ നാടകത്തിലെ ഇയാഗോയുടെ പതിപ്പാണ് മന്ത്രി തോമസ് ഐസക്ക്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മന്ത്രി തെറ്റിദ്ധരിപ്പിക്കുകയും കേരളത്തെ സര്‍വനാശത്തിലേക്ക് എത്തിക്കുകയും ചെയ്യുകയാണ്.
കേരളത്തിലെ ധനകാര്യ സംവിധാനം കുളംതോണ്ടിയ മന്ത്രിയെ കുറ്റപ്പെടുത്താതിരിക്കാനാകില്ല. ലക്കും ലഗാനുമില്ലാതെ കടംവാങ്ങി കേരളത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."