ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം
ഗ്വാങ്ഷു: ചൈനയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണനേട്ടം. കഴിഞ്ഞ ദിവസം രണ്ട് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്.
ഇളവെനില്‍ വാളറിവാന്, ദിവ്യാന്‍ഷ് പന്‍വാര്‍ എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇളവെനില്‍ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദിവ്യാന്‍ഷും സ്വര്‍ണം നേടി. ഫൈനലില്‍ 250.1 ആയിരുന്നു ദിവ്യാന്‍ഷിന്റെ സ്കോര്‍. 250 സ്കോറോടെ ഹംഗറിയുടെ ഇസ്ത്വാന് പെനി വെള്ളിയും 228.4 സ്കോറില്‍ സ്ലൊവാക്യയുടെ പാട്രിക് ജാനി വെങ്കലവും സ്വന്തമാക്കി. ഇളവെനില്‍ ഫൈനലില്‍ 250.8 സ്കോര്‍ നേടിയപ്പോള്‍ തായ്വാന്റെ ലിന് യിങ് ഷിന്(250.7) വെള്ളിയും റൊമാനിയയുടെ ലൗറ ജോര്ഗെറ്റ(229) വെങ്കലവും നേടി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭക്കര്‍ സ്വര്‍ണം നേടിയിരുന്നു. ഈ ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ ആദ്യസ്വര്‍ണം കൂടിയാണിത്. മത്സരത്തില്‍ 244.7 എന്ന സ്കോറില്‍ ജൂനിയര്‍ ലോകകപ്പ് റെക്കോര്‍ഡും മനു തകര്‍ത്തു. ഇന്ത്യയുടെ മറ്റൊരു താരം യശസ്വിനി ദേശ്വാളും ഈ ഇനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഫൈനലില്‍ ആറാം സ്ഥാനത്തായി. 241.9 സ്കോറോടെ സെര്‍ബിയയുടെ സൊരാന അരുനോവിച്ച് വെള്ളിയും 221.8 സ്കോര്‍ നേടി ചൈനയുടെ ക്വിയാന് വാങ് വെങ്കലവും സ്വന്തമാക്കി. മൂന്ന് സ്വര്‍ണവുമായി ഇന്ത്യയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."