പാമ്പിന്‍ വിഷം മസ്തിഷ്‌കത്തിലേക്ക് അരിച്ചിറങ്ങുമ്പോള്‍ മയക്കമാണെന്ന് കരുതി അവള്‍ കണ്ണിമകള്‍ കൈ കൊണ്ട് വിടര്‍ത്തി പിടിച്ചു
ഷഫ്‌ല ഷെറിന്‍ മരണപ്പെട്ട ദിവസം ഉണ്ടായ അനുഭവങ്ങള്‍ പിതാവ് അഡ്വ അസീസ് വിവരിക്കുന്നു
എന്നെ ഇന്നലെ 3.46 നാണ് മകള്‍ പഠിക്കുന്ന ഗവ.സര്‍വ്വജന സ്‌കൂളില്‍ നിന്നും വിളിക്കുന്നത്. കോടതിയില്‍ ഡ്യൂട്ടിയിലായിരുന്ന ഞാന്‍ അപ്പോള്‍ തന്നെ ഓട്ടൊ വിളിച്ച് പത്ത് മിനിട്ടിനുള്ളില്‍ അവിടെയെത്തി.
ചെന്നു നോക്കുമ്പോള്‍ കുട്ടിയെ അവിടെ ഒരു കസേരയില്‍ ഇരുത്തിയിരിക്കുകയായിരുന്നു. അവളുടെ കാലിലെ കടിയേറ്റ ഭാഗത്ത് നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. മുറിവിനു മുകളില്‍ അവര്‍ തുണി ഉപയോഗിച്ച് കെട്ടിയിരുന്നു. ഒരാള്‍ കാലില്‍ വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ചെന്ന ഉടനെ പ്രധാന അധ്യാപകന്‍ അഞ്ച് 'എ'ക്ലാസിലുള്ള തറയിലെ മാളം എനിക്ക് കാണിച്ചു തന്നിട്ട് പറഞ്ഞു, കുട്ടിയുടെ കാല്‍ മാളത്തിലേക്ക് പോയിരുന്നു എന്തോ കടിച്ചെന്ന് കുട്ടി പറയുന്നു എന്നും പറഞ്ഞു. കുട്ടിക്ക് ആകെ പ്രശ്‌നമുള്ളതായി എനിക്ക് മനസ്സിലായി. ഉടന്‍ തന്നെ കുട്ടിയെ എന്റെ ചുമലിലെടുത്ത് ഞാന്‍ വന്ന ഓട്ടോയില്‍ ബത്തേരിയിലെ ഹോസ്പിറ്റലില്‍ കൊണ്ടു പോയി.
അവിടെ കാഷ്യാലിറ്റിയില്‍ എത്തിയപ്പോള്‍ ആന്റീവനം ഇല്ലെന്ന് പറഞ്ഞു. മുറിവൊന്ന് ഡ്രസ് ചെയ്തു. ആന്റീവനം ഉള്ളത് താലൂക്ക് ഹോസ്പിറ്റലിലാണെന്നും ഉടന്‍ തന്നെ അങ്ങോട്ടേക്ക് കൊണ്ട് പോകാന്‍ പറഞ്ഞു. നേരെത്തെ വന്ന ഓട്ടോയില്‍ തന്നെ താലൂക്ക് ഹോസ്പിറ്റലില്‍ ചെന്നു. കാഷ്യാലിറ്റിയില്‍ ഉള്ള വനിതാ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചു. അവരോട് ആന്റീവനം കൊടുക്കണമെന്നും നേരെത്തെ ഹോസ്പിറ്റലില്‍ നിന്നും അത് പാമ്പ് കുത്തിയതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
അപ്പോള്‍ അവര്‍ പറഞ്ഞു ഒബ്‌സര്‍വേഷന്‍ ഇല്ലാതെ ആന്റീവനം കൊടുക്കാന്‍ പറ്റില്ല. അതിന് ഒരു മണിക്കൂര്‍ വേണം, അതിനിടക്ക് കുട്ടിക്ക് വെള്ളം കൊടുക്കാന്‍ എന്നോട് പറഞ്ഞു. ശ്വാസതടസമോ ഛര്‍ദിയൊ വരികയാണെങ്കില്‍ പറയണമെന്നും പറഞ്ഞു. കുട്ടിയെ ബെഡ്ഡിലേക്ക് കിടത്തി.
കുട്ടിയുടെ ബ്ലഡ് ടെസ്റ്റിന് എടുത്തു, 20 മിനുട്ട് കൊണ്ട് റിസള്‍ട്ട് തരുമെന്നും പറഞ്ഞു. 20 മിനുട്ട് കഴിഞ്ഞ് റിസള്‍ട്ട് വാങ്ങി വരുമ്പോള്‍ അവള്‍ ഛര്‍ദിച്ചു. ഉടന്‍ തന്നെ കുട്ടിയെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.
ഇവിടുന്ന് ആന്റീവനം കൊടുത്താല്‍ മകള്‍ക്ക് ഗുരുതര പ്രശ്‌നമാണെന്നും പറഞ്ഞു കോളേജിലേക്ക് കൊണ്ട് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആന്റീവനം കൊടുക്കാന്‍ അവര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് അവര്‍ തന്നെ വിളിച്ചു.
ഞാനും ഭാര്യയും ഒരു മാഷും കൂടെ കുട്ടിയേയും കൊണ്ട് കോളേജിലേക്ക് പുറപ്പെട്ടു. മോളെ ഇരുത്തി ആയിരുന്നു കൊണ്ടുപോയിരുന്നത് ഇടക്കിടെ അവളുടെ കണ്ണ് അടഞ്ഞു പോകുന്നുണ്ടായിരുന്നു, മോള്‍ കണ്ണിമകള്‍ കൈ കൊണ്ട് വിടര്‍ത്തിപ്പിടിച്ചുകൊണ്ടിരുന്നു.
ഞാന്‍ മോളെ വിളിച്ചുകൊണ്ടിരിക്കുന്നത് കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ ബത്തേരി ഹോസ്പിറ്റലിലെ ഡോക്ടറെ വിളിച്ചപ്പോള്‍ വൈത്തിരി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ പോര്‍ച്ചില്‍ നിന്നും നോക്കിയിട്ട് പറഞ്ഞു ഇത് പാമ്പ് കൊത്തിയതല്ല, ഇവിടെ ഇതിന് ചികിത്സയില്ല. വേഗം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവാന്‍ പറഞ്ഞു. അപ്പോഴേക്കും മകളുടെ ശ്വാസത്തിന് ബുദ്ധിമുട്ട് വന്നു. ഇതു കണ്ട നാട്ടുകാര്‍ പറഞ്ഞു, അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലില്‍ ഇതിനുള്ള ചികിത്സയുണ്ടെന്ന്. അങ്ങോട്ടേക്ക് കൊണ്ട് പോയി.
അപ്പോഴേക്കും ശ്വാസം നിലക്കുന്ന അവസ്ഥയില്‍ എത്തിയിരുന്നു. കുട്ടിയെ കൊണ്ട് ശ്വാസം എടുപ്പിക്കാന്‍ അവര്‍ വളരെയധികം ശ്രമിച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടിയുടെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ പാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."