HOME
DETAILS

സാമ്പത്തിക മാന്ദ്യം മറികടക്കണമെങ്കില്‍

  
backup
November 22 2019 | 21:11 PM

how-to-overcome-economic-crisis-12

 

 

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഗവണ്‍മെന്റിന്റെ ഉടമാവകാശം കൈയൊഴിക്കാന്‍ കൈക്കൊണ്ട ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു എന്നുള്ളതാണ് സാമ്പത്തികരംഗത്തു നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. അതനുസരിച്ച് ചില കമ്പനികളില്‍ സര്‍ക്കാര്‍ ഓഹരി വിഹിതം 51 ശതമാനത്തില്‍ താഴെയാക്കും. ഇങ്ങിനെ വിഹിതം കുറച്ചാല്‍ തന്നെയും അവയില്‍ സര്‍ക്കാര്‍ നിയന്ത്രണം നിലനിര്‍ത്തുമെന്നായിരുന്നു കുറച്ച് മുമ്പ് ധനമന്ത്രി നടത്തിയ പ്രഖ്യാപനം. എന്നാല്‍ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുവാനും അവയുടെ നിയന്ത്രണം പൂര്‍ണ്ണമായും സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കുവാനുമാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. വില്‍ക്കുവാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പറഞ്ഞിട്ടില്ല. എങ്കിലും ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ സര്‍ക്കാരിനുള്ള 53.29 ശതമാനം ഓഹരികളും പൂര്‍ണ്ണമായും വില്‍ക്കാനാണ് തീരുമാനം. കൊച്ചിന്‍ റിഫൈനറി അതോടെ പൂര്‍ണ്ണമായും സ്വകാര്യ മേഖലയിലാവും. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ 63.75 ശതമാനം ഓഹരിയും സര്‍ക്കാര്‍ വില്‍ക്കുകയാണ്. എയര്‍ ഇന്ത്യയും സ്വകാര്യ മേഖലയ്ക്ക് വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറെക്കുറെ സ്വകാര്യ മേഖലക്ക് പൂര്‍ണ്ണമായും കൈമാറപ്പെടുന്നു എന്നതിന്റെ അടയാളമായിരിക്കും ഈ വില്‍പ്പനകള്‍.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു വില്‍പ്പന? നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കുവാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ വില്‍പ്പനകള്‍ നടക്കുന്നത്. എയര്‍ ഇന്ത്യയുടെ ആറ് ശതമാനം ഓഹരികളും സര്‍ക്കാരിന്റേതാണ്. ഭാരത് പെട്രോളിയത്തില്‍ പാതിയിലേറെയും അങ്ങിനെതന്നെ. സര്‍ക്കാര്‍ കയ്യൊഴിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഷിപ്പിങ് കോര്‍പ്പറേഷനില്‍ 63.75 ശതമാനവും കണ്ടയ്‌നര്‍ കോര്‍പ്പറേഷനില്‍ 30.8 ശതമാനവും ഓഹരികള്‍ പൊതു ഉടമയിലാണ്. ചുരുക്കത്തില്‍ പൊതു ഉടമയിലുള്ള ജനങ്ങളുടെ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് വില്‍പ്പന നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഴയ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങി വെച്ച ഉദാരവല്‍ക്കരണ നയത്തിന്റെ തുടര്‍ച്ചയാണിത്. കോണ്‍ഗ്രസ്, യു. പി.എ സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും പൊതുമേഖലയെ കയ്യൊഴിച്ചിരുന്നില്ല. എന്‍.ഡി.എ തീര്‍ത്തും സ്വകാര്യവല്‍ക്കരണത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു.
ഈ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ നാടിന്റെ സാമ്പത്തിക സ്ഥതിയെക്കുറിച്ച് നാം ആലോചിക്കണം. വളരെ ആപത്ക്കരമായ അവസ്ഥയിലേക്കാണ് രാജ്യത്തിന്റെ സാമ്പത്തികമാന്ദ്യം ചെന്നെത്തുന്നത്. കാര്‍ഷിക മേഖല ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞു. ഓട്ടോമൊബൈല്‍ വ്യവസായം ചരിത്രത്തിലില്ലാത്ത തരത്തില്‍ പ്രതിസന്ധിയിലാണ്. ടെക്‌സ്റ്റൈല്‍ വ്യവസായ രംഗത്ത് ഉല്‍പ്പാദനവും വിപണനവും ഏതാണ്ട് നിലച്ചു കഴിഞ്ഞു.
ജി.ഡി.പിയുടെ വളര്‍ച്ച ഇത്രയും കുറഞ്ഞ തോതില്‍ പതിനഞ്ചു കൊല്ലമായി ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മ കഴിഞ്ഞ നാല്‍പ്പത്തിയഞ്ചു കൊല്ലത്തെ കണക്കു വെച്ചു നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ്. ബാങ്കുകളില്‍ കിട്ടാക്കടം പെരുകി വരുന്നു. വൈദ്യുതോല്‍പ്പാദനം വളരെ കുറഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ദുരിതത്തിന്റെ ആഴമാണ്.
അഴിമതി തുടച്ചു മാറ്റി എന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു എന്നുമാണ് നരേന്ദ്ര മോദിയുടെയും നിര്‍മ്മലാ സീതാരാമന്റെയും മറ്റും അവകാശവാദം. മുന്‍ സര്‍ക്കാര്‍ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് അവര്‍ വാദിക്കുന്നു. ഇന്‍കം ടാക്‌സ് വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെയും സി.ബി.ഐയെയും മറ്റും ഉപയോഗിച്ച് കാടിളക്കിക്കൊണ്ടുള്ള ചില നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ബി.ജെ.പിയ്‌ക്കെതിരായി നില്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളാണ് ഒട്ടുമുക്കാലും ഇത്തരം ഓപ്പറേഷനുകള്‍ക്ക് ഇരയാവുന്നത്.
ഒരു വശത്ത് ഇത്തരം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയും സാമ്പത്തിക രംഗത്ത് അച്ചടക്കം കൈവരും എന്നു തെറ്റായ പ്രതീതി ജനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ യഥാര്‍ഥ സ്ഥിതി എന്താണ്? രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് അടച്ചുപൂട്ടി. ഏഴായിരത്തി അറുനൂറു കോടി നഷ്ടത്തിലായ എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ബി.എസ്.എന്‍.എല്‍ തകര്‍ന്നു കഴിഞ്ഞു. അന്തിമമായി അത് ജിയോയുടെ കൈപ്പിടിയിലൊതുങ്ങുമെന്നാണ് കണക്കുകൂട്ടല്‍. അവിടെയുള്ള 54000 ജീവനക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. എച്ച്.എ.എല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ല. തപാല്‍ വകുപ്പ് 15000 കോടി രൂപയുടെ നഷ്ടത്തിലാണ്. എയര്‍സെല്‍ അടച്ചുപൂട്ടി. ജെ.പി ഗ്രൂപ്പ് തകര്‍ന്നു. ഒരു കാലത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയിരുന്ന ഒ.എന്‍.ജി.സി ഇപ്പോള്‍ നഷ്ടത്തിലാണ്. വിഡിയോ കമ്പനി പാപ്പരായി. ടാറ്റാ ഡോകോമോയും തകര്‍ന്നു. മൊത്തത്തില്‍ ഇത് സൂചിപ്പിക്കുന്നത് വികസിതമോ വികസ്വരമോ ആയ സമൂഹത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സാമൂഹ്യ സുരക്ഷിതത്വം ഇന്ത്യയില്‍ ഇല്ലാതായിരിക്കുന്നു എന്നാണ്.
സാമ്പത്തിക വികസനത്തില്‍ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും പരസ്പര വിശ്വാസത്തിനും വലിയ പങ്കുണ്ട്. ഈ വിശ്വാസം തകര്‍ന്നു പോയാല്‍ സാമ്പത്തിക പുരോഗതി ഉണ്ടാവുകയില്ല. കച്ചവടക്കാര്‍ക്കും മൂലധനം ഇറക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും വ്യവസായ സംരംഭകര്‍ക്കുമെല്ലാം ആ ആത്മവിശ്വാസമുണ്ടായിരുന്നു. തുടക്കം മുതല്‍ തന്നെ മോദി ഗവണ്‍മെന്റ് ചെയ്തുപോന്നത് ഈ വിശ്വാസം നശിപ്പിക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റ് ചെയ്തതെല്ലാം തെറ്റായിരുന്നുവെന്നും രാജ്യത്തുടനീളം കള്ളപ്പണത്തിന്റെ വിളയാട്ടമായിരുന്നുവെന്നും പ്രചരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അതിന്റെ ഭാഗമായി നോട്ട് നിരോധനം ഏര്‍പ്പെടുത്തി. അശാസ്ത്രീയമായ രീതിയില്‍ ജി.എസ്.ടി നടപ്പിലാക്കി. അതുമൂലം സംഭവിക്കുന്ന തകിടം മറിച്ചിലുകളെ നേരിടാന്‍ യാതൊരു ബദല്‍നീക്കവുമുണ്ടായില്ല താനും. ഇത് വ്യവസായികളിലും ബിസിനസുകാരിലും സംരംഭകരിലും സൃഷ്ടിച്ച ഭീതി കുറച്ചൊന്നുമല്ല.
പല വ്യവസായികളും സര്‍ക്കാര്‍ അധികൃതരില്‍ നിന്നുണ്ടായേക്കാവുന്ന പീഡനങ്ങളെച്ചൊല്ലിയുള്ള ഭീതിയിലാണ് കഴിയുന്നത്. സംരംഭകര്‍ പുതിയ പ്രൊജക്ടുകള്‍ തുടങ്ങാന്‍ മടിക്കുന്നു. ബാങ്കുകള്‍ വായ്പ നല്‍കാന്‍ സന്ദേഹിക്കുന്നു. വന്‍നാശം വരുത്തിക്കൊണ്ടിരിക്കുകയാണ് ബാങ്കുകള്‍. വിജയ് മല്യയും നീരവ് മോദിയുമടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വന്‍കട ബാധ്യതയുണ്ടാക്കിയ നിരവധി കുത്തക മുതലാളിമാര്‍ രാജ്യം വിടുകയും കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളേണ്ടി വരികയും ചെയ്യുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്തു ചെയ്യും? മൊത്തത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്നത് ഭീതിയും സംശയവും ആശങ്കയുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനിവാര്യമാണ്. രാജ്യം അഭിമുഖീകരിക്കുന്നത് ഇത്തരമൊരു സാമ്പത്തിക മാന്ദ്യത്തെയാണ്.കഫെ കോഫി ഡേയുടെ ഉടമയും പ്രമുഖ സംരംഭകനുമായ വി.ജി സിദ്ധാര്‍ഥയുടെ ആത്മഹത്യയെപ്പറ്റി ഓര്‍ക്കുക. മികച്ച സംരംഭകനായിരുന്നു സിദ്ധാര്‍ഥ. അനേകര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ഉടമ. വ്യത്യസ്ത മേഖലകളില്‍ വ്യാപിച്ചു നില്‍ക്കുന്ന വാണിജ്യ ശൃംഖലയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടി. സിദ്ധാര്‍ഥന്റെ ഭാര്യാ പിതാവായ എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നതുപോലും ഈ വേട്ടയാടലുകള്‍ മൂലമാണത്രേ. ഇത്തരം വേട്ടയാടലുകള്‍ സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷത്തില്‍ എങ്ങനെയാണ് സാമ്പത്തിക വളര്‍ച്ചയുണ്ടാവുക.
വളര്‍ച്ച മുരടിപ്പാണ് തൊഴിലില്ലായ്മയിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുന്നത് എന്നത് വളരെ ലളിതമായ സാമ്പത്തിക തത്വമാണ്. എല്ലാവരും കള്ളന്മാരാണെന്നും അവരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കി താനൊരു സ്വച്ഛ് ഭാരതം സൃഷ്ടിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് പ്രധാനമന്ത്രി ഒച്ചപ്പാടുണ്ടാക്കിയിട്ട് യാതൊരു കാര്യവുമില്ല. സാമ്പത്തിക വികസനത്തിന് തടയിടുന്ന വിശ്വാസമില്ലായ്മയും ഭീതിയും അവസാനിപ്പിച്ച് യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. തങ്ങള്‍ മാത്രമാണ് രക്ഷകര്‍ എന്ന് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ അനുനിമിഷം വിളിച്ചുകൂട്ടിയിട്ടെന്ത് കാര്യം.
സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള ഒരേയൊരു വഴി രാജ്യത്തെ പൊതു സ്വകാര്യ മേഖലാ സംരംഭങ്ങളെ ഉദ്ദീപിപ്പിക്കുകയും കാര്‍ഷികവും കാര്‍ഷികേതരവുമായ മേഖലകളെ ഒരേ സമയം ഉത്തേജിപ്പിക്കുകയുമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അതൊന്നും പരിഗണനയിലില്ല. അതിനു പകരം വിമാനത്താവളങ്ങള്‍ അദാനിക്ക് വില്‍ക്കുക, ചരിത്രസ്മാരകങ്ങള്‍ വാടകക്ക് കൊടുക്കുക, റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയ പരിഹാസ്യമായ നടപടികളാണ് അവലംബിക്കുന്നത്. ഭാരത് പെട്രോളിയവും മറ്റും വില്‍പ്പനക്ക് വെച്ചതോടെ ചിത്രം പൂര്‍ത്തിയായി. ഇതൊക്കെ ചെയ്യുന്നത് ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യക്ക് നേട്ടം കൈവരിക്കുന്നതിനുള്ള സന്ദര്‍ഭം ആസന്നമായ ഒരു ഘട്ടത്തിലാണ് എന്നുള്ളതാണ് കൂടുതല്‍ ദൗര്‍ഭാഗ്യകരം. ചൈനയുടെ സാമ്പത്തിക രംഗം ഇപ്പോള്‍ മന്ദതയിലാണ്. അത് ഇന്ത്യയ്ക്ക് കയറ്റുമതിക്കുള്ള നിരവധി അവസരങ്ങള്‍ തുറന്നുതരുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തേണ്ട സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതും സംരംഭകരുടെ ആത്മവിശ്വാസം മുച്ചൂടും നശിക്കുന്നതും. ഈ അവസ്ഥയെ ദേശീയ സുരക്ഷ, പൗരത്വം, പശുവിന്റെ പവിത്രത എന്നൊക്കെപ്പറഞ്ഞ് നേരിടാനാണ് ബി.ജെ.പിയുടെ ശ്രമം. ഇത്തരം ചികിത്സകള്‍ എത്രത്തോളം ഫലിക്കും എന്ന് കണ്ടറിയുക!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago