സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് സംസ്ഥാനം; മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പറന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തി നട്ടം തിരിയുന്നതിനിടെ ഇന്ന് വെളുപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശത്തേയ്ക്ക് വിമാനം കയറി.
സംസ്ഥാനത്തേക്ക് വിദേശ മൂലധനം ആകര്‍ഷിക്കുന്നതിന് ലക്ഷ്യംവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പത്തു ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും വിമാനം കയറിയത്.
നാളെ മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍.
നാളെ ജപ്പാനിലെ ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാനിലെ മന്ത്രിമാരുമായും കൂടിക്കാഴ്ചകളുണ്ട്. ഒസാക്ക സര്‍വകലാശാല, ഷൊനാന്‍ ഗവേഷണ കേന്ദ്രം, സകെമിനാറ്റോ തുറമുഖം, സാനിന്‍ മേഖലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവ സംഘം സന്ദര്‍ശിക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജൈക്ക), നിസാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും ഷിമെയ്ന്‍ ഗവര്‍ണറുമായും ചര്‍ച്ച നടത്തും. ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.
കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
കൊറിയയിലെ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് കേരളത്തില്‍ നിക്ഷേപിക്കുക എന്ന ബാനറില്‍ സോളില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ട്. എല്‍.ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കേരളത്തിന്റെ ആയുര്‍വേദം ടൂറിസത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള ചര്‍ച്ചകളും നിശ്ചയിച്ചിട്ടുണ്ട്. കൊറിയയുടെ സാംസ്‌കാരിക സ്‌പോര്‍ട്‌സ്, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
കൊറിയയിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിക്കും. ബുസാനിലെ കൊറിയ മാരിട്ടൈം ആന്റ് ഓഷ്യന്‍ യൂനിവേഴ്‌സിറ്റി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദ്യ സംസ്ഥാനത്തിന് ഗുണകരമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേരത്തെ വിവിധ വകുപ്പുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും സഹായത്തോടെ ഭക്ഷ്യസംസ്‌കരണ രംഗത്തും ഖരമാലിന്യ നിര്‍മാര്‍ജന രംഗത്തും പദ്ധതികള്‍ കൊണ്ടുവരാമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെള്ളപ്പൊക്ക നിയന്ത്രണം പഠിക്കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ മുഖ്യമന്ത്രിയും സംഘവും നെതര്‍ലന്‍സ് സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ സ്വിറ്റ്‌സര്‍ലന്‍്, ഫ്രാന്‍സ്, യു,കെ എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി എത്തിയിരുന്നു. കൂടാതെ പ്രളയ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
കേരളം സന്ദര്‍ശിച്ച ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ സംസ്ഥാനവുമായുള്ള സഹകരണത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ നടത്തുന്ന സന്ദര്‍ശനം അനിവാര്യമാണോ എന്ന് ചോദ്യം ഉയരുന്നുണ്ട്.
പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പോലും കഴിയാതെ സംസ്ഥാനം വലയുമ്പോഴാണ് നിക്ഷേപത്തിന് എന്നു പറഞ്ഞുള്ള യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."