യാത്രാ ക്ലേശം: നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് ആരംഭിക്കും
നെയ്യാറ്റിന്‍കര: യാത്രാക്ലേശം പരിഹരിക്കുന്നതിനായി നെയ്യാറ്റിന്‍കരയില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
ഓണക്കാലത്തുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞദിവസം എം.എല്‍.എ കെ.ആന്‍സലന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു തീരുമാനം അറിയിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ധനുവച്ചപുരം-വെളളറട , മാരായമുട്ടം-കോട്ടയ്ക്കല്‍-പാലിയോട് , വ്‌ളാത്താങ്കര-പൂഴിക്കുന്ന് , മഞ്ചവിളാകം-കാരക്കോണം , പഴയകട-പൊഴിയൂര്‍ , കമുകിന്‍കോട്-കാഞ്ഞിരംകുളം എന്നിവിടങ്ങളിലേയ്ക്കാണ് ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. കൂടാതെ ടി.ബി ജങ്ഷന്‍ , കാരക്കോണം , ആലുംമൂട് , അമരവിള , മാരായമുട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനായി ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ 10 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. യോഗത്തില്‍ ഡി.ടി.ഒ സുരേഷ് , എ.ഒ സുദര്‍ശനന്‍ ആചാരി , എ.ഡി.എ മനോഹരന്‍ , സംഘടനാ ഭാരവാഹികളായ രഞ്ജിത്ത് , ഇദിരീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."