ആരവങ്ങള്‍ക്കിടയിലെ ആ സെല്‍ഫി
എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളില്‍ ഒന്നാണിത്. സന്തോഷകരമായ ജീവിതത്തിനിടയിലേക്കു കടന്നുവന്ന കാന്‍സര്‍ എന്ന ശത്രുവിനോട് 'നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തെയേ തളര്‍ത്താന്‍പറ്റൂ എന്റെ മനസിനെ തളര്‍ത്താന്‍ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന് ' ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനു മുന്നില്‍നിന്ന് ഞാനെടുത്ത സെല്‍ഫി. ഐ.എസ്.എല്‍ പോരാട്ടം കൊച്ചിയില്‍ നടക്കുന്ന സമയം ബ്ലാസ്റ്റേഴ്‌സിന്റെ കളിയുടെ ദിവസം സച്ചിന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതല്‍ എന്നോട് അവള്‍ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാന്‍ പോകണമെന്ന്.
പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു. സെക്കന്‍ഡ് ലൈന്‍ കീമോതെറാപ്പി വീണ്ടും തുടങ്ങി. നിര്‍ഭാഗ്യവശാല്‍ സച്ചിന്‍ വരുന്നതിനു നാലുദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത്. കീമോയുടെ കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്ലാസ്റ്റേഴ്‌സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു. ഇനിയിപ്പോ സച്ചിനെ കാണാന്‍ പോകാന്‍ പറ്റില്ലല്ലേ?
അസുഖം അവസാന സ്റ്റേജില്‍ ആണെന്ന് എനിക്കും അവള്‍ക്കും അറിയാവുന്നതുകൊണ്ട് പിന്നൊരിക്കല്‍ ആവാമെന്ന് ഞാന്‍ പറഞ്ഞില്ല. ഞാന്‍ ചോദിച്ചു, നിനക്ക് ധൈര്യമുണ്ടോ എന്റെ കൂടെ വരാനെന്ന്. ഏറ്റവും അപകടം പിടിച്ച ഏര്‍പ്പാടാണ്. പക്ഷെ എനിക്കപ്പോള്‍ അതാണ് ശരിയെന്നു തോന്നി. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: 'ജനിച്ചാല്‍ നമ്മളൊക്കെ ഒരുനാള്‍ മരിക്കും. അതിനെക്കുറിച്ചോര്‍ത്ത് എനിക്ക് ഭയമില്ല. ഒരു ദിവസമാണെങ്കില്‍ ഒരുദിവസം രാജാവിനെപ്പോലെ...എന്നെ കൊണ്ടുപോകാന്‍ ധൈര്യമുണ്ടോ?'
ഞാന്‍ ഒന്ന് ചിരിച്ചു. എന്നിട്ടു പറഞ്ഞു. മോനെ കുറച്ചു സമയം നോക്കൂ, ഞാനിപ്പോള്‍ വരാമെന്ന്. നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക്. സ്റ്റേഡിയത്തില്‍ കൂടെ നില്‍ക്കാന്‍ നാലുപേരെ ഏര്‍പ്പാടാക്കി ടിക്കറ്റ് എടുത്തു. അടിയന്തര സാഹചര്യത്തില്‍ പുറത്തിറങ്ങാനുള്ള വഴികള്‍, ഹോസ്പിറ്റലില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ മനസിലാക്കി. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു: അപ്പോള്‍ നമ്മള്‍ നാളെ കളി കാണാന്‍ പോകും അല്ലേ? എനിക്കറിയാം എല്ലാം ഒപ്പിച്ചാണ് വരവ്...'
കീമോയുടെ ക്ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു. പിറ്റേന്ന് ഞങ്ങള്‍ സ്റ്റേഡിയത്തിലേക്ക്...നിഴലുപോലെ കൂട്ടുകാര്‍, സപ്പോര്‍ട്ട് തന്ന് കേരളാ പൊലിസ്, സ്റ്റേഡിയത്തിലെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വിസ്...ഒടുവില്‍ പതിനായിരങ്ങളുടെ നടുവില്‍ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈല്‍ വാങ്ങി ഫ്‌ളാഷ് ലൈറ്റ് മിന്നിച്ച് ആര്‍ത്തുവിളിച്ച് സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച...അന്നായിരുന്നു അവളെ കാണാന്‍ ഏറ്റവും സൗന്ദര്യം...ബ്ലാസ്റ്റേഴ്‌സ്...സച്ചിന്‍...ആര്‍പ്പുവിളികള്‍ക്കിടയില്‍ എല്ലാ വേദനകളും മറന്നു ഞങ്ങള്‍... ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ചു കളി കണ്ട ആള്‍ എന്റെ അച്ചു മാത്രമായിരിക്കും.
അച്ചുവെന്നാല്‍ അതാണ്. കടുത്ത പ്രതിസന്ധിയിലും മരണത്തിന്റെ മുന്നില്‍പോലും പതറാത്ത ആ മനസിന്റെ കരുത്ത് മാതൃകയാക്കേണ്ടതുതന്നെയാണ്. കരുത്തനായ മരണമെന്ന ശത്രുവിനെപ്പോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവള്‍ യാത്രയായത്...പ്രതിസന്ധികളുണ്ടാവും. തോറ്റുകൊടുക്കരുത്. അവസാനശ്വാസം വരെയും പോരാടണം. ജീവിതം സുന്ദരമാണ്. ഒരു സെക്കന്‍ഡുപോലും പാഴാക്കരുത്. പരമാവധി ആസ്വദിക്കുക. എല്ലാവര്‍ക്കും നല്ലതേ വരൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."