പട്യാലയിലെ 'ഡ്രാക്കുള' കോട്ട
''പട്യാല ക്യാംപ് അത്‌ലറ്റിക് ഫെഡറേഷന്‍ ഉന്നതരു3െട സുഖാവാസത്തിനുള്ള അവധിക്കാല ഫാം ഹൗസ് ആണ്. കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള അന്തരീക്ഷമില്ല..'' പഞ്ചാബിലെ പട്യാല നേതാജി സുഭാഷ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (എന്‍.എസ്.എന്‍.ഐ.എസ്). ഇന്ത്യയിലെ കായിക താരങ്ങളുടെ പ്രധാന പരിശീലന കളരിയെ കുറിച്ച് അഭിപ്രായം പറഞ്ഞത് മറ്റാരുമല്ല. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ജാവലിന്‍ ത്രോയിലെ പരിശീലകന്‍ ഗാരി കാല്‍വര്‍ട്ട് ആണ്. രാജ്യത്തെ കളി എഴുത്തുകാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഗാരി പട്യാല സെന്ററിന്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്.
''ക്യാംപുകള്‍ ആത്മബന്ധം നിറഞ്ഞതാകണം. എന്നാല്‍, പരിശീലകര്‍ തമ്മിലെ പടലപിണക്കങ്ങളും ഫെഡറേഷന്റെ തരികിടകളും കാലാവസ്ഥയും തിരിച്ചടിയാണ് ''- ബന്ധം ഊഷ്മളമല്ലാത്ത പട്യാല കായിക താരങ്ങളുടെ കുരുതിക്കളമാണെന്ന് ഗാരി കാല്‍വര്‍ട്ട് തുറന്നെഴുതി. ക്യാംപ് ബംഗളൂരുവിലേക്ക് മാറ്റാന്‍ ഫെഡറേഷനുമായി ഗാരി മല്ല യുദ്ധം നടത്തി. ഒടുവില്‍ ബംഗളൂരുവില്‍ പരിശീലന ക്യാംപ് തുറക്കാന്‍ ഫെഡറേഷന്‍ വഴങ്ങി.
അഞ്ച് ശിഷ്യന്‍മാരുമായി ഗാരി കാല്‍വര്‍ട്ട് ബംഗളൂരുവില്‍ എത്തി. അതിന് ഫലവും കണ്ടു. ജൂനിയര്‍ തലത്തില്‍ നീരജ് ചോപ്ര ലോക റെക്കോര്‍ഡിന് ഉടമയായി. പട്യാല ക്യാംപിലെ ടീം ട്രയല്‍സും സെലക്ഷനും സുതാര്യമല്ല.
കീഴടങ്ങി നില്‍ക്കുന്നവര്‍ക്ക് സസുഖം വാഴാം. എതിര്‍ക്കപ്പെടുന്നവരെ പി.യു ചിത്രയെ പോലെ ചതിയില്‍ വീഴ്ത്തും. കേന്ദ്ര കായിക മന്ത്രാലത്തിന്റെയോ സായിയുടെയോ നിരീക്ഷണം ഇല്ലാതെ നടക്കുന്ന ട്രയല്‍സും സെലക്ഷനുമെല്ലാം വെറും പ്രഹസനം മാത്രം.
തകിടം മറിക്കുന്ന കാലാവസ്ഥ
1990 കളുടെ മധ്യത്തില്‍ ബഹാദൂര്‍ സിങ് അത്‌ലറ്റിക് കോച്ചായി എത്തി. ഇതോടെയാണ് പട്യാല എന്‍.എസ്.എന്‍.ഐ.എസ് ഇന്ത്യന്‍ ടീമിന്റെ ദേശീയ പരിശീലന ക്യാംപായി മാറിയത്. 268 ഏക്കറിലായി വിശാലമായ ക്യാംപസ്. എല്ലാം തകിടം മറിക്കുന്ന കാലാവസ്ഥ. വര്‍ഷത്തില്‍ നാല് മാസം ചൂട് 46 ഡിഗ്രി വരെ ഉയരും. മൂന്ന് മാസം രണ്ട് ഡിഗ്രി വരെയാണ് തണുപ്പിന്റെ കാഠിന്യം. കാലാവസ്ഥ തിരിച്ചടിക്കുന്ന പട്യാല ക്യാംപ് കായിക താരങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ്. 12 മാസം കൃത്യമായി പരിശീലനം നടത്താന്‍ ഇവിടെ കഴിയില്ല.
ദക്ഷിണേന്ത്യന്‍ താരങ്ങളാണ് പട്യാല ക്യാംപില്‍ ദുരിതം പേറുന്നത്. പട്യാലയില്‍ ചൂട് കൂടുന്നതോടെ കായിക താരങ്ങളുടെ ദുരിത കാലം തുടങ്ങുകയായി. പരുക്കില്‍ നിന്ന് പെട്ടെന്ന് മോചിതരാകാന്‍ കഴിയാത്ത അവസ്ഥ. ഒരു ഡസനിലേറെ പരാതികളാണ് പട്യാല ക്യാംപിനെ കുറിച്ച് ഫെഡറേഷനും കായിക മന്ത്രാലയത്തിനും താരങ്ങള്‍ നല്‍കിയത്. മറുപടി ഉണ്ടായില്ല. ക്യാംപ് ഉന്നതരുടെ ഫാം ഹൗസായി തന്നെ തുടരുന്നു.
എന്തിനിത്ര പ്രണയം
ഫെഡറേഷന്‍ ഉന്നതര്‍ക്കും ചീഫ്, ഡപ്യൂട്ടി പരിശീലകര്‍ക്കും പാട്യാല ക്യാംപിനോട് കടുത്ത പ്രണയമാണ്. ഓരോ വര്‍ഷവും പട്യാല ക്യാംപിലേക്ക് വരുന്ന താരങ്ങളുടെ പട്ടിക എ.എഫ്.ഐ നേരത്തെ തന്നെ സായിക്ക് നല്‍കും. 160 താരങ്ങള്‍ വരെ പട്ടികയില്‍ ഉണ്ടാകും. താമസത്തിനും ഭക്ഷണത്തിനുമുള്ള പണം ഫെഡറേഷനുള്ള ഫണ്ടില്‍ നിന്ന് മുന്‍കൂട്ടി തന്നെ സായി വസൂലാക്കും. ഇതിന്റെ ബാക്കിയേ ഫെഡറേഷന് കൊടുക്കാറുള്ളു. പട്ടിക നല്‍കി കഴിഞ്ഞാല്‍ ക്യാംപിന് എത്താത്ത താരങ്ങളുടെ ചെലവ് കുറവ് ചെയ്യില്ല.
ആദ്യ കാലത്തൊന്നും പട്യാല ക്യാംപില്‍ എത്തേണ്ടത് നിര്‍ബന്ധമായിരുന്നില്ല. പിന്നീട് നിയമമാക്കി. നിര്‍ബന്ധിത പട്യാല ക്യാംപിന് പിന്നില്‍ നിരവധി കളികളുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഇടക്കിടെ ഫെഡറേഷന്‍ ഗോസായിമാര്‍ക്ക് പരിശോധന എന്ന പേരില്‍ സുഖവാസത്തിനായി വളരെ കുറഞ്ഞ സമയത്തില്‍ പറന്നിറങ്ങാനുള്ള സൗകര്യം. ചീഫ് കോച്ചായ ബഹദൂര്‍ സിങ് അടക്കമുള്ള പരിശീലകരുടെ വ്യക്തി താത്പര്യ സംരക്ഷണം. മേലാളരുടെ ഈ ഫാം ഹൗസ് എന്നും കറവ പശുവാണ്.
ഉത്തേജകത്തിന്റെ പൊന്നാപുരം കോട്ട
ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഉത്തേജകത്തിന്റെ പൊന്നാംപുരം കോട്ടയാണ് പട്യാല ക്യാംപ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന 'മെലഡോണിയം' സുലഭാമായി ലഭിക്കുന്ന ഔഷധ വില്‍പനശാല. പരിശീലകരും കായിക താരങ്ങളും തന്നെയാണ് പ്രധാന വിതരണക്കാര്‍. പുറത്തേ പരിശീലനം താരങ്ങളെ വഴിതെറ്റിക്കുമെന്നാണ് അധികൃതരുടെ വാദം. പട്യാലയിലെ വഴിതെറ്റലിന് ഉത്തേജകം നല്‍കുന്നതും ഇവര്‍ തന്നെ. അടുത്തിടെ മലയാളി താരം ജിതിന്‍ പോളിന്റെ മുറിയില്‍ നിന്ന് നാല് പെട്ടി 'മെലഡോണിയം' ആണ് പിടികൂടിയത്. പരിശോധനക്ക് വിധേയമാകാതെ ആര്‍ക്കും കടക്കാനാകാത്ത, 24 മണിക്കൂറും ശക്തമായ സുരക്ഷാ സംവിധാനമുള്ള ക്യാംപസ് ആ ക്യാംപസിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് നിരോധിത മരുന്ന് പിടികൂടിയത്. അധികൃതരുടെ ഒത്താശയോടെയാണ് മരുന്നടിയും കച്ചവടവും എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മരുന്നടിയെ എതിര്‍ത്താല്‍ ഇവിടെ അധിക കാലം വാഴാനാകില്ല. ഉത്തേജക ഉപയോഗത്തിനെതിരേ പ്രതികരിച്ച ഉത്തരേന്ത്യക്കാരനായ ഡോക്ടറുടെ അവസ്ഥ പരിതാപകരമായിരുന്നു. മരുന്നടി പുറം ലോകത്ത് എത്തിക്കാന്‍ ശ്രമിച്ച ഡോക്ടറെ സെക്യൂരിറ്റിക്കാരെ ഉപയോഗിച്ച് പലതവണ ക്രൂര മര്‍ദനത്തിന് വിധേയനാക്കി. മാസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട ഡോക്ടര്‍ ഒടുവില്‍ ജോലി രാജിവച്ച് രക്ഷപ്പെട്ടു.
http://suprabhaatham.com/indian-sports-background-sotries-part-2/
രക്ഷപ്പെട്ടവരും കുടുങ്ങിയവരും
കായിക താരങ്ങളില്‍ പലരും പട്യാലയിലെ ഡ്രാക്കുള കോട്ടയില്‍ നിന്ന് രക്ഷ തേടിയത് സംസ്ഥാന സര്‍ക്കാരിനെ ഉപയോഗിച്ചായിരുന്നു. ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ശ്രാബനി നന്ദ പട്യാലയില്‍ നിന്ന് രക്ഷപ്പെട്ടത് ഒഡിഷ സര്‍ക്കാരിന്റെ ഇടപെടലിലാണ്. ദ്യുതി ചന്ദ് പ്രത്യേക പരിശീലനത്തിന് അനുമതി വാങ്ങി ഹൈദരാബാദില്‍ എത്തി. എന്നാല്‍, ക്യാംപ് വിടാന്‍ തീരുമാനിച്ചതിന്റെ പേരില്‍ രാജ്യത്തെ മികച്ച 400 മീറ്റര്‍ താരം എം.ആര്‍ പൂവമ്മക്ക് ദുരിതം പേറേണ്ടി വന്നു. പരിശീലകനായ രമേശ് ക്യാംപ് വിട്ടതോടെ പൂവമ്മയും മംഗലാപുരത്ത് പരിശീലനം നടത്താന്‍ തീരുമാനിച്ചു.
പൂവമ്മയെ പാട്യാല ക്യാംപില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സമ്മര്‍ദ്ദവും ഭീഷണിയും പലവഴിക്ക് വന്നു. പൂവമ്മ ജോലി ചെയ്യുന്ന ഒ.എന്‍.ജി.സി വഴിയും മംഗലാപുരത്ത് നേരിട്ടെത്തി എ.എഫ്.ഐ അധികൃതരും ഭീഷണിയും സമ്മര്‍ദ്ദവും ശക്തമാക്കി. ഒടുവില്‍ പൂവമ്മ ദേശീയ ക്യാംപിലേക്ക് മടങ്ങി. 2013 ല്‍ 51.75 സെക്കന്‍ഡില്‍ കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ പൂവമ്മയ്ക്ക് പിന്നീട് ഇന്നുവരെ അതിന് തൊട്ടടുത്ത് എത്താനായിട്ടില്ല. താരങ്ങളുടെ പ്രകടനം മോശമായാല്‍ പരിശീലകര്‍ക്ക് ആരോടും മറുപടി പറയേണ്ട. അതാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ്. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത പങ്കെടുത്ത 50 ശതമാനത്തിലേറെ താരങ്ങളും ദേശീയ ക്യാംപിന് പുറത്ത് പരിശീലനം നടത്തിയവരാണ്. ബംഗളൂരു, ഊട്ടി, തിരുവനന്തപുരം സെന്ററുകളിലായിരുന്നു പരിശീലനം. അനില്‍ഡ തോമസും അനു രാഘവനും ജിസ്‌ന മാത്യുവും മുഹമ്മദ് അനസും കുഞ്ഞി മുഹമ്മദും ആരോക്യ രാജീവും ഉള്‍പ്പെട്ടതാണ് 4-400 വനിതാ, പുരുഷ റിലേ ടീം. ഇവരെല്ലാം ദക്ഷിണേന്ത്യക്കാര്‍. ക്യാംപ് നടക്കുന്നതാകട്ടെ പട്യാലയിലെ താളം തെറ്റുന്ന കാലാവസ്ഥയിലും. ക്യാംപ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ ഫെഡറേഷന്‍ മേധാവികള്‍ക്ക് ഇപ്പോഴും വൈമനസ്യമാണ്.
റാഗിങ് തുടര്‍കഥ
പാട്യാല ക്യാംപില്‍ റാഗിങിന് ഇരയാക്കപ്പെടുന്നവരിര്‍ സീനിയര്‍ ജൂനിയര്‍ താരങ്ങളെന്ന് വ്യത്യാസമില്ല. നിര്‍ബന്ധിച്ചും ഭീഷണിയിലും വഴങ്ങി പട്യാലയിലേക്ക് എത്തുന്ന കായിക താരങ്ങള്‍. രാജ്യത്തെ 80 ശതമാനം കായിക താരങ്ങള്‍ക്കും ഇവിടേക്ക് വരാന്‍ താത്പര്യമില്ല. ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്ക് ദുഃസ്വപ്നമാണ് പട്യാല. ആഹാരവും കാലാവസ്ഥയും മാത്രമല്ല പട്യാല ക്യാംപിലെ സ്ഥിരം കുറ്റികളായ മുതിര്‍ന്ന താരങ്ങളുടെ റാഗിങും കനത്ത ഭീഷണിയാണ്. വര്‍ഷങ്ങളായി പട്യാല ക്യാംപിലുള്ള മുതിര്‍ന്ന താരങ്ങളുടെ പീഡനത്തിന് ആദ്യമായി എത്തുന്ന ജൂനിയര്‍ താരങ്ങളാണ് ഏറെയും ഇരയാക്കപ്പെടുന്നത്. സീനിയര്‍ താരമാണെങ്കിലും ഇവരുടെ ശല്യത്തില്‍ നിന്ന് മുക്തരല്ല. രാജ്യത്തെ വേഗപ്പറവ ദ്യുതി ചന്ദിനെ പരിശീലനത്തിനിടെയും അല്ലാത്തപ്പോഴും ആണ്‍കുട്ടിയെന്ന് വിളിച്ചായിരുന്നു മാനസികമായി പീഡിപ്പിച്ചത്. പരിശീലകരുടെ കൈയാളുകളായ ഇവരെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. നിരന്തരം പരാതികളും വിവാദങ്ങളും ഉയര്‍ന്നിട്ടും പട്യാലയില്‍ നിന്ന് ദേശീയ ക്യാംപ് മാറ്റാനും ഫെഡറേഷനും തയ്യാറല്ല. താരങ്ങളുടെ ബത്തയും ക്യാംപിനായി ചെലവഴിക്കുന്ന പണവും നേട്ടങ്ങളായി വേറെയും. പരിശീലകരെയും താരങ്ങളെയും സ്വതന്ത്രരായി വിട്ടാല്‍ ഫെഡറേഷന്റെ പിടി അയയും. ആ ഭയമാണ് പട്യാലയില്‍ തന്നെ ദേശീയ ക്യാംപ് ഉറപ്പിച്ചു നിര്‍ത്താന്‍ കാരണം.
(തുടരും)
കേരള അത്‌ലറ്റിക് അസോസിയേഷന് ബിഗ് സല്യൂട്ട്
ഒരു സംഘടനയും തങ്ങളുടെ മുകളിലുള്ളവരെ ചോദ്യം ചെയ്യാനോ പിണക്കാനോ പോകുന്ന പതിവില്ല. പ്രത്യേകിച്ച് കായിക രംഗത്ത്. കേരള അത്‌ലറ്റിക് അസോസിയേഷന്‍ ആ പതിവ് തെറ്റിച്ചിരിക്കുന്നു. ധീര നിലപാടാണ് പി.യു ചിത്രയുടെ വിഷയത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ഐ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയത്. ഫെഡറേഷന്റെ തുറന്ന കത്തിന് തുറന്ന മറുപടി എഴുതിയ അസോസിയേഷന്‍ എല്ലാവരും പി.ടി ഉഷമാരും രാധാകൃഷ്ണന്‍ നായര്‍മാരുമല്ലെന്ന് തെളിയിച്ചു.
ചിത്ര എന്ന കായിക താരത്തിന് പിന്നില്‍ അവര്‍ ധീരമായി നിലകൊണ്ടു. ബി.സി.സി.ഐ ആയിരുന്നു ഇത്തരം വിവാദത്തില്‍ അകപ്പെട്ടതെങ്കില്‍ കെ.സി.എ ഒരിക്കലും ഇത്തരം നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പ്.
http://suprabhaatham.com/klikkalam-special-story-1/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."