യു.പിയിലും ബി.ജെ.പിയുടെ തന്ത്രം എസ്.പി, ബി.എസ്.പി നിയമസഭാംഗങ്ങള്‍ രാജിവച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൂന്ന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ രാജിവച്ചു. ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സമാജ് വാദി പാര്‍ട്ടിയിലെ രണ്ട് അംഗങ്ങളും ബി.എസ്.പിയിലെ ഒരംഗവുമാണ് രാജിവച്ചത്.
എസ്.പി നേതാക്കളായ ബുക്കല്‍ നവാബ്, യശ്വന്ത് സിന്‍ഹ എന്നിവരും ബി.എസ്.പിയിലെ താക്കൂര്‍ ജെയ്്‌വീര്‍ സിങ്ങുമാണ് നേതൃത്വത്തെ ഞെട്ടിച്ച് രാജിവച്ചത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇവര്‍ രാജിവച്ചിട്ടുണ്ട്.
രാജിവച്ച ശേഷം രാഷ്ട്രീയ ശിഈ സമാജ് സ്ഥാപകന്‍ കൂടിയായ ബുക്കല്‍ നവാബ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പുകഴ്ത്താനും മടികാണിച്ചില്ല. ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കുടുംബ വഴക്കിനെതുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം ഇവരുടെ രാജി അപ്രതീക്ഷിതമായ സംഭവമാണെന്ന് വിശേഷിപ്പിച്ച എസ്.പി നേതാവ് അഖിലേഷ് യാദവ്, ബി.ജെ.പിയുടെ അധാര്‍മികമായ നടപടിയാണ് ഇതിനു പിന്നിലുള്ളതെന്ന് വിമര്‍ശിക്കുകയും ചെയ്തു. ബിഹാറില്‍ നടത്തിയ ഗൂഢാലോചനക്കു പിന്നാലെ ഉത്തര്‍പ്രദേശിലും ബി.ജെ.പി രാഷ്ട്രീയ സദാചാരം ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അഖിലേഷ് ആരോപിച്ചു.
ബി.ജെ.പിയുടെ ഇത്തരം ചെയ്തികളെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അംഗങ്ങളുടെ രാജിക്കു പിന്നില്‍ ബി.ജെ.പിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടെന്നതിന് സംശയമില്ല. ബുക്കല്‍ നവാബിനെ താന്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമാണ് അദ്ദേഹം. എന്നാല്‍ രാജി സംബന്ധിച്ച ഒരു സൂചനയും അദ്ദേഹം നല്‍കിയിരുന്നില്ലെന്നും അഖിലേഷ് പറഞ്ഞു.
അതേസമയം ബുക്കല്‍ നവാബ് രാജിവച്ചത് ഈ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മത്സരിക്കുന്നതിനുവേണ്ടിയാണെന്നാണ് വിവരം. ഇപ്പോള്‍ യു.പി നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രിക്ക് ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് ജയിക്കേണ്ടതുണ്ട്.
യോഗിക്കുപുറമെ ഉപമുഖ്യമന്ത്രിമാരായ കേശവ്പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രിമാരായ സ്വതന്ത്രദേവ് സിങ്, മൊഹ്‌സിന്‍ റാസ എന്നിവരും നിയമസഭാംഗങ്ങളല്ല. ഇവര്‍ക്കും വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."