പാക് ഭരണത്തില്‍ സൈന്യം പിടിമുറുക്കുമെന്ന് ആശങ്ക; ഇന്ത്യയില്‍ ജാഗ്രത
ന്യൂഡല്‍ഹി: പാകിസ്താന്‍ സുപ്രിം കോടതിയുടെ നിര്‍ണായകമായ വിധി വന്നതോടെ നവാസ് ശരീഫിന് പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന ആശങ്കയില്‍ രാജ്യം അതീവ ജാഗ്രതയില്‍.
പാക്ഭരണത്തില്‍ സൈന്യം കൂടുതല്‍ പിടിമുറുക്കുന്നത് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകുമെന്ന കണക്കു കൂട്ടലിലാണ് ഇന്ത്യ. ആര് അധികാരത്തില്‍ വന്നാലും പാക് വിദേശ-പ്രതിരോധ നയത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. എന്നിരുന്നാലും ശരീഫ് അധികാരത്തിലേറിയപ്പോള്‍ അത് ജനാധിപത്യ സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിലേക്ക് ഏറെക്കുറെ എത്തിയിരുന്നു.
എന്നാല്‍ ഭരണം തുടരുന്നതിനിടയില്‍ പ്രതീക്ഷിച്ച മാറ്റങ്ങളൊന്നും പാക് ഭരണത്തില്‍ നിന്നുണ്ടായില്ലെന്ന് മാത്രമല്ല സൈന്യത്തിന്റെ അനുമതിയില്ലാതെ ഒരു ചര്‍ച്ചയും നടത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നവാസ് ശരീഫ്.
പാകിസ്താന്റെ വിദേശ നയവും പ്രതിരോധ നയവും മുന്‍കാലത്തേതില്‍ നിന്ന് വ്യത്യസ്തമാകില്ലെന്നും അതേ സമയം അതിര്‍ത്തികടന്നുള്ള ആക്രമണം ഈ സാഹചര്യത്തില്‍ ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ.
ഇന്ത്യയോട് പാക് സൈന്യത്തിനും അവരുടെ ചാര സംഘടനയായ ഐ.എസ്.ഐയ്ക്കും ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.
അതിര്‍ത്തികടന്നുള്ള ആക്രമണം നിലവിലുള്ളതുപോലെ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താന്‍ ആര് ഭരിക്കുന്നു എന്നത് ആ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ വിലയിരുത്താറില്ല. പാകിസ്താന്‍ വിദേശ നയത്തില്‍ തന്നെ ഭീകരത കയറ്റുമതി ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുതയെന്നും വിദേശ കാര്യമന്ത്രാലയം വിലയിരുത്തുന്നു.
സൈന്യവുമായി നല്ല ബന്ധത്തിലായിരുന്നില്ല നവാസ് ശരീഫ്. കരസേനാ മേധാവി ജനറല്‍ ജാവേദ് ബാജ്്‌വയുമായും ഐ.എസ്.ഐ മേധാവി ലഫ്. ജനറല്‍ നവേദ് മുക്താറുമായും അദ്ദേഹം സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.
ഇന്ത്യക്കെതിരേ പോരാടാന്‍ ശരീഫ് സര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കുന്നില്ലെന്ന് ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ ആരോപിച്ചിരുന്നു. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശരീഫ് ശ്രമിച്ചപ്പോഴെല്ലാം അത് സൈന്യം വിലക്കിയിരുന്നു. ഇതെല്ലാം മുന്നിലുള്ള സാഹചര്യത്തിലാണ് അതിര്‍ത്തി കടന്നുള്ള ആക്രമണം ശക്തമാകുമെന്ന വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."