ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം: നടപടികള്‍ക്ക് തുടക്കം
മണ്ണാര്‍ക്കാട്: ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ക്ക് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് തുടക്കമായി. ഇന്നലെ ജില്ലാ കലക്ടര്‍ ഡോ. ഡി. ബാലമുരളി സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി.കഴിഞ്ഞ ദിവസം ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജും സ്ഥലം സന്ദര്‍ശിച്ചിരുന്നു.ചിറ്റൂര്‍ മേഖലയിലെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
തത്തേങ്ങലത്ത് 165 ഹെക്ടര്‍ വനഭൂമിയാണ് റവന്യൂ വകുപ്പിന് വിട്ടു കിട്ടിയിട്ടുള്ളത്. ഇതില്‍ എത്ര ഏക്കര്‍ കൃഷിയോഗ്യമാക്കി മാറ്റാന്‍ കഴിയും എന്നത് വരും ദിവസങ്ങളില്‍ സര്‍വ്വേ നടത്തി പരിശോധിക്കും.
തുടര്‍ന്ന് പ്ലോട്ടുകളായി തിരിച്ച് ആദിവാസികളെ പുനരധിവസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുഴ, പാറക്കെട്ടുകള്‍ എന്നിവയെ ഒഴിവാക്കിയാണ് കൃഷിസ്ഥലം കണ്ടെത്തുക. കൂടാതെ വീട് നിര്‍മ്മിക്കുന്നതിന് നാല് സെന്റ്‌റും ഇവര്‍ക്കായി നല്‍കും. മലസര്‍, മലയന്‍, ഇരപാലന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട 141 കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.
150 കുടുംബങ്ങള്‍ക്ക് കൂടി ഇവിടെ ഭൂമി പതിച്ചു നല്‍കാന്‍ കഴിയുമെന്നും 2019 ജനുവരി ആദ്യത്തോടെ പദ്ധതി ആരംഭിക്കാന്‍ ആകുമെന്നും സബ് കലക്ടര്‍ അറിയിച്ചു. റവന്യൂ അധികൃതരും ഗ്രാമ വികസന അ തോറിറ്റിയും, തെങ്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രധിനികളും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."