കലാമാമാങ്കത്തിന് ഇനി രണ്ടുനാള്‍; സ്വര്‍ണക്കപ്പ് ഇന്നെത്തും
കാഞ്ഞങ്ങാട്: 28 വര്‍ഷങ്ങള്‍ക്കുശേഷം കാസര്‍കോട്ടെത്തിയ 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തുളുനാട്.
28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് കൗമാര കലാമാമാങ്കം അരങ്ങേറുന്നത്. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കാന്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ പ്രധാന വേദിക്ക് എതിര്‍വശത്തായി 7000 ചതുരശ്രയടി വിസ്തൃതിയില്‍ ദൃശ്യവിസ്മയം ഒരുക്കുന്നുണ്ട്. ഇതിനായി ബേക്കല്‍ കോട്ടയുടെ മാതൃകയില്‍ പ്രവേശന കവാടം തയാറാക്കുന്നുണ്ട്.
അരയിപ്പുഴ സഞ്ചാരം, കലോത്സവ കാഴ്ചകള്‍, കലോത്സവ പന്തലില്‍ നിന്ന് തെയ്യക്കാവുകളിലേക്ക് ടൂര്‍ പാക്കേജ് എന്നിവയും ഒരുക്കുന്നുണ്ട്. പ്രധാന വേദിയില്‍ ഉദ്ഘാടന ദിവസം രാവിലെ 7.30 മുതല്‍ 8.45 വരെ വാദ്യമേളമൊരുക്കും.
ചങ്ങമ്പുഴ കലാകായിക വേദി വാണിയംപാറയുടെ അലാമിക്കളി, ഗോത്രപ്പെരുമ രാവണേശ്വരത്തിന്റെ മംഗലം കളി എന്നിവയും അരങ്ങേറും.
കലോത്സവ ചാംപ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കലോത്സവ നഗരിയിലെത്തും. കോഴിക്കോട്ട് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കാഞ്ഞങ്ങാട്ടെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."