മെഡിക്കല്‍ കോളജില്‍ മണിക്കൂറുകളുടെ കാത്തുനില്‍പ്പ്;ക്യൂ... രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ദുരിതപര്‍വം
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി മണിക്കൂറുകള്‍ കൗണ്ടറില്‍ നില്‍ക്കേണ്ടി വരുന്നത് രോഗികളേയും ബന്ധുക്കളേയും ദുരിതത്തിലാക്കുന്നു.
പ്രവേശന പാസ് എടുക്കുന്നതിനും ബി.പി.എല്‍ പതിപ്പിക്കുന്നതിനും അത്യാഹിത വിഭാഗങ്ങളിലേക്ക് രോഗികള്‍ക്കായുള്ള ചീട്ട് എടുക്കുവാനുമാണ് മണിക്കൂറുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത്.
ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിലേക്ക് കാര്‍ഡ് പതിപ്പിക്കാന്‍ എത്തുന്നവരാണ് ഏറ്റവും കൂടുതല്‍ വലയുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് ബി.പി.എല്‍ പതിപ്പിക്കാനുള്ള സമയപരിതി. എന്നാല്‍ ചികിത്സാര്‍ഥം വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളുടെ ബന്ധുക്കള്‍ കാര്‍ഡ് പതിപ്പിക്കാനായി ക്യൂവില്‍ നിന്ന് കൗണ്ടറിന് സമീപം എത്തുമ്പോഴേക്കും പലപ്പോഴും നാല് മണി കഴിഞ്ഞിരിക്കും.
ഇതോടെ കാര്‍ഡ് പതിപ്പിക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ന്ന് രോഗികള്‍ക്ക് ഉടനടി നല്‍കേണ്ട വിലപിടിപ്പുള്ള മരുന്നുകളും എക്‌സ്‌റേ, രക്തപരിശോധന തുടങ്ങിയവയെല്ലാം പുറത്തുനിന്നോ ആശുപത്രിയില്‍ നിന്നോ പണം കൊടുത്ത് ലഭ്യമാക്കേണ്ട അവസ്ഥയാണ്.
അടുത്ത ദിവസം രാവിലെ എത്തി ക്യൂ നിന്ന് കാര്‍ഡ് പതിച്ചാലും കഴിഞ്ഞ ദിവസം പുറത്തുനിന്ന് വാങ്ങിയ മരുന്നിന്റെയോ മറ്റ് പരിശോധനകളുടേയോ പണം ലഭിക്കാറില്ല. ഇത് വന്‍ സാമ്പത്തിക നഷ്ടമാണ് സാധാരണക്കാരായ രോഗികളുടെ ബന്ധുക്കള്‍ക്ക് വരുത്തിവക്കുന്നത്.
പലപ്പോഴും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് രോഗിയെ തനിച്ചാക്കി കാര്‍ഡ് പതിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ബി.പി.എല്‍ കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചെങ്കില്‍ മാത്രമെ ഇതിന് പരിഹാരമാവുകയുള്ളൂ. ഇക്കാര്യങ്ങളെല്ലാം അധികാരികള്‍ക്ക് അറിയാമെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല.
സി-ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നത് മൂന്ന് കൗണ്ടറുകള്‍ ഒരുമിച്ചാണ്. ഒരു വിഭാഗം പ്രവേശന പാസ് നല്‍ക്കുന്നതിലേക്കും മറ്റൊരു വിഭാഗം അത്യാഹിതത്തില്‍ എത്തുന്ന രോഗിക്ക് വേണ്ടിയുള്ള ചീട്ടുനല്‍ക്കുന്നതിലേക്കുമാണ്. പാസ് മൂലമുള്ള സന്ദര്‍ശനം ഉച്ചക്ക് 12 മണി മുതലാണ്. അതിനാല്‍ അന്യജില്ലയില്‍നിന്ന് രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ നേരത്തെതന്നെ ക്യൂവില്‍ അണിനിരക്കും. ഇതും രോഗികളെ വല്ലാതെ വലയ്ക്കുന്നുണ്ട്.
അത്യസന്ന നിലയില്‍ എത്തുന്ന രോഗികള്‍ക്ക് ചീട്ട് എടുക്കാന്‍ താമസം നേരിടുന്നതിനാല്‍ രോഗിക്ക് ചികിത്സ വൈകുന്നതും നിത്യസംഭവമാണ്. അത്യഹിത വിഭാഗളില്‍നിന്നും 200 ലഅധികം മീറ്റര്‍ നടന്നുവന്ന് വേണം കൗണ്ടറില്‍ എത്തി ചീട്ട് എടുക്കുവാന്‍ ഇതും ഉടനടി ചികിത്സയ്ക്ക് തടസം നേരിടുന്നു.
അത്യാഹിത വിഭാഗത്തിന്റെ സമീപത്ത് തന്നെ 24 മണിക്കൂറും ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടുരുന്നെങ്കിലും രാത്രി എട്ട് മണി മുതല്‍ പിറ്റേന്ന് രാവിലെവരെ മാത്രമാണ് അത്യാഹിത വിഭാഗങ്ങളുടെ സമീപത്തെടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന്. ആശുപത്രി വികനത്തിനായി കേന്ദ്രം അനുവധിക്കുന്ന പണം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാതെ കെട്ടിടങ്ങള്‍ മോഡിപിടിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
ആശുപത്രിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇടണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."