ദുരിതാശ്വാസ ധനസഹായലിസ്റ്റ്; അര്‍ഹരെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാവുന്നു
ഹരിപ്പാട്: ദുരിതാശ്വാസ ധനസഹായലിസ്റ്റില്‍ നിന്ന് അര്‍ഹരെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് വീട് നശിച്ചവര്‍ക്കായി നല്‍കാന്‍ തയാറാക്കിയ ധനസഹായ ലിസ്റ്റിലാണ് അര്‍ഹരെ അവഗണിച്ച് അനര്‍ഹരായവര്‍ക്ക് 59 ശതമാനം വരെ കെടുതി റിപ്പോര്‍ട്ട് ചെയ്ത് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
കുട്ടനാട്ടിലെ വീയപുരം പഞ്ചായത്തില്‍ ഡിപ്പോ പാലം ഒഴികെ രണ്ടാം വാര്‍ഡ് പൂര്‍ണമായും ഒറ്റപ്പെട്ട് വെള്ളത്തിനടിയിലായിരുന്നു.
വീട് പൂര്‍ണമായി നശിച്ചവയ്ക്ക് പുറമെ ഈ പ്രദേശത്തെ മുഴുവന്‍ വീടുകളും പ്രളയത്തില്‍ മുങ്ങുകയും വീടുകളുടെ ഭിത്തികള്‍ നെടുകെ പിളര്‍ന്നതു മുതല്‍ ഇരുത്തിയും ചരിഞ്ഞും വിള്ളലേറ്റും പ്രതിസന്ധി നേരിടുകയാണ് ജനങ്ങള്‍.
ഈ സാഹചര്യം നില നില്‍ക്കെ ധനസഹായ ലിസ്റ്റില്‍ നിന്ന് അര്‍ഹരെ ഒഴിവായതാണ് പ്രതിഷേധത്തിന് കാരണമായത്. ഏകദേശം 350 ലധികം അംഗങ്ങള്‍ അപേക്ഷകരായിരിക്കെ 220 പേരുടെ ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ സമീപ വാര്‍ഡുകളിലെ പ്രളയ ബാധിതരാകാത്ത നിരവധി കുടുംബങ്ങള്‍ക്ക് 50 ശതമാനത്തിന് മുകളില്‍ നാശം സംഭവിച്ചതായി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് ജില്ലാ കലക്ടറുടെ പേരില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അപ്പീല്‍ നല്‍കാനുള്ള സമയ പരിധി ഇന്നലെ അവസാനിക്കുകയും ചെയ്തു.
നല്‍കിയിട്ടുള്ള അപ്പീലിന്മേല്‍ എന്ന് തീര്‍പ്പ് കല്‍പ്പിക്കുമെന്ന ആശങ്കയും അപേക്ഷകര്‍ക്കുണ്ട്. റേഷന്‍ കാര്‍ഡ് തീര്‍പ്പു കല്‍പ്പിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അപ്പീലില്‍ ഇന്നും തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല എന്നിരിക്കെയാണ് ധനസഹായത്തിന്മേലുള്ള പുതിയ അപ്പീലെന്നും വ്യാപകമായ പരാതി ഉയരുന്നത്. ദുരന്തത്തിനിരയായ കുട്ടനാട്, ചെങ്ങന്നൂര്‍, പള്ളിപ്പാട്, മണ്ഡലങ്ങളിലേയും, ഹരിപ്പാട് നഗരസഭാ വാര്‍ഡുകളായ 11, 12, 13, 14, 15, എന്നിവിടങ്ങളിലേയും ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
പ്രളയത്തിനിരയായ ദുരിത ബാധിതരുടെ അപേക്ഷകളില്‍ അടിയന്തിര തീര്‍പ്പുകല്‍പ്പിച്ച് ധനസഹായ വിതരണത്തിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."