ബസുകള്‍ മത്സരയോട്ടം തുടരുന്നു; പൊലിസ് ഇടപെടലില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
എടച്ചേരി: സ്റ്റോപ്പുകളില്‍ നിര്‍ത്താതെയുള്ള ബസുകളുടെ മത്സരയോട്ടം കാരണം വിദ്യാര്‍ഥികളുടെ ദുരിതം തുടരുകയാണ്. എടച്ചേരിയിലെ പുതിയങ്ങാടിയിലെ രണ്ട് സ്റ്റോപ്പുകളിലും തലായിയിലെ സ്റ്റോപ്പിലുമാണ് ബസുകള്‍ വിദ്യാര്‍ഥികളുള്ളതിനാല്‍ നിര്‍ത്താതെ പോകുന്നത്.
കാരക്കോത്ത് മുക്ക്, പോപ്പി മുക്ക്, വാട്ടര്‍ ടാങ്ക് എന്നീ ചെറിയ സ്റ്റോപ്പുകളിലും സ്‌കൂള്‍ സമയത്ത് ബസ് നിര്‍ത്താറില്ല. കാലങ്ങളായി നില നില്‍ക്കുന്ന ബസ് ഡ്രൈവര്‍മാരുടെ വിദ്യാര്‍ഥികളോടുള്ള അയിത്തം ഇന്നും തുടരുകയാണ്.
സ്റ്റോപ്പുകളില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ പല സ്വകാര്യ ബസുകളും നിര്‍ത്താതെ പോകുന്നത് പതിവ് കാഴ്ചയാണ്. വടകര തൊട്ടില്‍പാലം റൂട്ടിലാണ് കൂടുതലായും ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ ശത്രുക്കളെപ്പോലെ കരുതുന്നത്.
വടകര സ്റ്റാന്‍ഡില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറണമെങ്കില്‍ ക്ലീനറുടെ കനിവ് കാത്തിരിക്കണം. സീറ്റില്‍ യാത്രക്കാര്‍ നിറഞ്ഞാലും ബസിലേക്ക് ഇവര്‍ക്ക് പ്രവേശനമില്ല. നിന്ന് യാത്ര ചെയ്യുന്നവരും ബസില്‍ നിറഞ്ഞ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടാന്‍ നേരത്തുമാത്രമെ വിദ്യാര്‍ഥികളെ കയറ്റൂ. പ്രധാന ടൗണുകളിലെ സ്റ്റോപ്പുകളില്‍ പോലും വിദ്യാര്‍ഥികളെ കാണുമ്പോള്‍ പല ഡ്രൈവര്‍മാര്‍ക്കും നിര്‍ത്താന്‍ മടിയാണെന്ന് വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ബസുകളുടെ നിര്‍ത്താതെയുള്ള മത്സരയോട്ടം തുടരുന്നതിനാല്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തലായിയില്‍ ബസുകള്‍ തടഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട എടച്ചേരി പൊലിസ് ഈ റൂട്ടില്‍ ഓടുന്ന എല്ലാ ബസുകള്‍ക്കും സ്റ്റോപ്പില്‍ നിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇത് പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ഹോം ഗാര്‍ഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എടച്ചേരി എസ്.ഐ സുനില്‍ പറഞ്ഞു. ചില ദിവസങ്ങളില്‍ സ്‌കൂള്‍ സമയത്ത് സ്റ്റോപ്പുകളില്‍ പൊലിസിന്റെ സാന്നിധ്യവും ഉണ്ടാകുന്നത് കുട്ടികള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
വടകര-തൊട്ടില്‍പാലം റൂട്ടില്‍ ഓര്‍ക്കാട്ടേരി മുതല്‍ വട്ടോളി വരെയുള്ള വിവിധ സ്‌കൂളുകളിലും, ട്യൂഷന്‍ സെന്ററുകളിലും പഠിക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ബസുകാരുടെ അവഗണനയില്‍ സമയത്തിന് ക്ലാസുകളിലെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്നത്.
പത്താം ക്ലാസുകാരായ വിദ്യാര്‍ഥികള്‍ക്ക് മിക്ക സ്‌കൂളുകളിലും സ്‌കൂള്‍ സമയത്തിന് മുന്‍പ് തന്നെ ക്ലാസുകള്‍ തുടങ്ങാറുണ്ട്. ചിലരെങ്കിലും ട്യൂഷന്‍ സെന്ററുകളില്‍ പോകുന്നവരുമാണ്. കാലത്ത് പ്രഭാതഭക്ഷണം പോലും കഴിക്കാന്‍ സമയം ലഭിക്കാതെ സ്‌കൂളിലേക്ക് പുറപ്പെടുന്ന പല വിദ്യാര്‍ഥികളും വിവിധ സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കേണ്ടി വരികയാണ്.
കാലത്ത് 7നും 7.30നും ഇടയില്‍ ഈ റൂട്ടില്‍ സ്വകാര്യ ബസുകളുടെ എണ്ണം കുറവായതും ഇവരുടെ ദുരിതത്തിന് കാരണമാവുന്നുണ്ട്. ഇതിനിടയില്‍ മൂന്നോളം കെ.എസ്.ആര്‍.ടി.സി ബസുകളാണുള്ളത്.
എന്നാല്‍ സര്‍ക്കാര്‍ ബസില്‍ കുട്ടികള്‍ക്ക് കണ്‍സെഷന്‍ ലഭിക്കാത്തതിനാല്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. അവ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നതോടെ കുട്ടികള്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വരും. ഇവരില്‍ പലര്‍ക്കും തങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ വൈകിയെത്തിയാല്‍ പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ മുറകളും ഏറ്റുവാങ്ങേണ്ടി വരും.
സ്‌കൂളിലേക്കുള്ള കുട്ടികളുടെ യാത്രാ സമയങ്ങളില്‍ പ്രധാന സ്റ്റോപ്പുകളിലെങ്കിലും പൊലിസിന്റെ സാന്നിധ്യം ഉറപ്പു വരുത്താനും. ഈ റൂട്ടുകളിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ വിദ്യാര്‍ഥികളോടുള്ള സമീപനം മാറ്റാനും നിയമപാലകര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."