കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോ അവഗണനയില്‍
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി ഡിപോയോടുള്ള അവഗണന തുടരുന്നു. കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പട്ടണമായ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപോ ആരംഭിച്ചപ്പോള്‍ വയനാട്ടിലെ ജനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. സംസ്ഥാന സര്‍വിസുകള്‍ക്ക് പുറമെ അന്തര്‍ സംസ്ഥാന സര്‍വിസുകളും നടത്തി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന ഡിപോയാണ് മാറിമാറി വന്ന സര്‍ക്കാരുകളുടെ അവഗണനമൂലം തരം താഴ്ത്തപ്പെട്ടത്.
ഡിപോയില്‍ നിന്നും നൂറാമത്തെ സര്‍വിസ് കൊട്ടിഘോഷിച്ച് ആരംഭിച്ചെങ്കിലും 100 സര്‍വിസുകള്‍ക്ക് ഓടാനുള്ളത് 80 ബസ് മാത്രം. അതില്‍ 54 എണ്ണം 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും. മറ്റു ഡിപോകളില്‍ ഓടിത്തളര്‍ന്ന ബസുകളാണ് ബത്തേരിക്ക് പുതിയ ബസുകള്‍ എന്ന പേരില്‍ ചായം തേച്ച് നല്‍കപ്പെട്ടിരിക്കുന്നത്. ആവശ്യമായ ജീവനക്കാരുടെ കുറവ്, സ്‌പെയര്‍പാര്‍ട്‌സിന്റെ അഭാവം, ടയര്‍ എന്നിവയെല്ലാം ഡിപോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഡിപോയുടെ അധികൃതരുടെ അവഗണനക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ആവശ്യമായ ജീവനക്കാരേയും സ്‌പെയര്‍പാര്‍ട്‌സും അനുവദിച്ച് ബത്തേരി ഡിപോയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കണമെന്ന് വയനാട് ജില്ല ഗതാഗത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ബത്തേരി ഡിപോയെ ജില്ലാ ഡിപോയായി നിലനിര്‍ത്തണം.
വൈകിട്ട് ആറിന് ശേഷം രാത്രി പത്ത് വരെ കോഴിക്കോടുനിന്ന് ബത്തേരിക്കും തിരികെ കോഴിക്കോടിനും സര്‍വിസ് നടത്താന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം. താമരശേരിക്കും കല്‍പ്പറ്റക്കും ബത്തേരിക്ക് ഓടാനുള്ള സര്‍വിസുകള്‍ നല്‍കിയതിനാല്‍ രാത്രി എട്ടോടെ സര്‍വിസുകള്‍ അവസാനിപ്പിക്കുന്നതിനാലാണ് ആറിന് ശേഷം കോഴിക്കോട് നിന്ന് ബത്തേരിക്കും ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്കും സര്‍വിസുകള്‍ ഇല്ലാതായത്. കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെയാണ് വയനാട്ടിലെ ജനങ്ങള്‍ ഒരു പരിധിവരെ യാത്രക്കായി ആശ്രയിക്കുന്നത്. എത്രയും പെട്ടെന്ന് യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.എം തോമസ് അധ്യക്ഷനായി.
മോഹനന്‍ നവരംഗ്, പി.സി. ജോര്‍ജ്, സലിം കുരുടന്‍കണ്ടി, സിറാജുദ്ദീന്‍, അബ്ദു, നാസര്‍ കാസിം, പ്രദീപ്, വിനയന്‍, എം. രാമകൃഷ്ണന്‍, സംഷാദ്, റസാഖ്, ദാമോദരന്‍, മൊയ്തീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."