പാരിസ് ഭീകരാക്രമണം: മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലിസ് കേരളത്തില്‍
കൊച്ചി: പാരിസ് ഭീകരാക്രമണ കേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലിസ് കേരളത്തിലെത്തി. സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് സുബ്ഹാനിയെ ചോദ്യം ചെയ്യും.
സുബ്ഹാനി ഹാജ മൊയ്തീന് പാരിസ് ആക്രമണത്തില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇറാഖിലെ മൗസിലില്‍ വച്ച് സുബ്ഹാനി പാരിസ് ആക്രമണം നടത്തിയ സംഘവുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.
ഉമര്‍ ഖാതി ഖലീഫ് എന്ന പേരിലുള്ള എന്‍.ഐ.എ റജിമെന്റില്‍ ജോലി ചെയ്തതായി സുബ്ഹാനി എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു. അബൂ സുലൈമാന്‍ അല്‍ ഫ്രാന്‍സി എന്നയാളായിരുന്നു ഗ്രൂപ്പിന്റെ കമാന്‍ഡര്‍. ഇയാള്‍ ഫ്രഞ്ചുകാരനാണെന്നാണ് സംശയിക്കുന്നത്. സുബ്ഹാനി റജിമെന്റില്‍ താമസിക്കുന്നതിനിടെ പാരിസ് ആക്രമണത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന അബൂ സുലൈമാന്‍, അബ്ദുല്‍ ഹമീദ്, അബ്ദുസ്സലാം, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ സുലൈമാനിയെ കാണാന്‍ വന്നിരുന്നുവെന്നും സുബ്ഹാനി മൊഴി നല്‍കിയിട്ടുണ്ട്.
പാരിസ് ഭീകരാക്രമണക്കേസില്‍ അന്വേഷണം നടത്താനായി മൂന്നു ദിവസമാണ് ഫ്രഞ്ച് പൊലിസ് ഇന്ത്യയില്‍ തങ്ങുന്നത്. വിദേശരാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി, ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമായാണ്.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഇപ്പോള്‍ വിചാരണ തടവുകാരനാണ്.
ഐ.എസ് കക്യാംപില്‍വച്ച് സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുബ്ഹാനി ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച സുബ്ഹാനിയെ ഐ.എസ് ആസ്ഥാനമായ റഖയില്‍ ജയിലാക്കിയെങ്കിലും ഇന്ത്യയില്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കാമെന്ന ഉറപ്പില്‍ വിട്ടയക്കുകയായിരുന്നുവെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. 2015 നവംബറിലെ പാരിസ് ഭീകരാക്രമണത്തില്‍ 137 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."