വ്യാജരേഖയുണ്ടാക്കി കോടികള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍
മഞ്ചേരി: വ്യാജ രേഖകളുണ്ടാക്കി ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സലിം അറസ്റ്റുചെയ്തു. ആനക്കയം ട്രീജി വില്ലയില്‍ തയ്യില്‍ അഹമ്മദി(50)നെയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റുചെയ്തത്. ഇയാള്‍ താമസിക്കുന്ന ആനക്കയത്തെ വില്ലയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
മേലാറ്റൂര്‍ പൊലിസ് സ്‌റ്റേഷനില്‍ മേലാറ്റൂര്‍ ഫെഡറല്‍ ബാങ്ക് മാനേജറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വ്യാജരേഖ ചമച്ച് മേലാറ്റൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും ഒരു കോടി രൂപ തരപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ ഇയാളുടെ ഭാര്യ സമീറ, സഹോദരന്‍ മുനീര്‍ റഹ്മാമന്‍, സഹോദര ഭാര്യ മുംതാസ് എന്നിവരും പ്രതികളാണ്. 20 വര്‍ഷത്തോളമായി മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ആ സ്ഥലത്തെ വിലാസം ഉപയോഗിച്ച് പാന്‍കാര്‍ഡ് അടക്കമുള്ള രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ആഡംബര കാറുകളിലെത്തി ബാങ്ക് മാനേജര്‍മാരെ പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്താണ് വ്യാജരേഖ വെച്ച് കോടികള്‍ വായ്പ വാങ്ങുന്നത്. പണം തിരിച്ചടക്കാതിരുന്നാല്‍ കേസ് വരുമ്പോള്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കും. പല കേസുകളിലും ഉദ്യോഗസ്ഥര്‍തന്നെ പണം അടച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും മൂന്ന് കോടിയോളം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയ സംഭവത്തില്‍ കേസ് നിലവിലുണ്ട്. ഈ കേസില്‍ ഇയാളുടെ ഭാര്യയും പ്രതിയാണ്. നിലവില്‍ 12 കോടിയോളം രൂപ ഇയാള്‍ക്ക് കേസില്‍ ബാധ്യതയുണ്ട്. വിവിധ വിലാസത്തില്‍ പാന്‍കാര്‍ഡ് എടുത്തതിനാല്‍ ബാങ്കുകളുടെ സിബിക് വെരിഫിക്കേഷനില്‍ തട്ടിപ്പ് കണ്ടെത്താനും സാധിച്ചിരുന്നില്ല.
അന്വേഷണത്തില്‍ പ്രതികളുടെ പേരില്‍ നിരവധി ചെക്കുകേസുകളുമുണ്ട്. പ്രതിയെ പിടികൂടിയതറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി ആളുകളാണ് പരാതിയുമായി പൊലിസിനെ സമീപിക്കുന്നത്. അന്വേഷണ സംഘത്തില്‍ എസ്.ഐ ഉമ്മര്‍ മേമന, എ.എസ്.ഐ കൃഷ്ണന്‍, മുഹമ്മദാലി, ഷൈജു, പി.സഞ്ജീവ്, സെയ്തു മുഹമ്മദ്, ബിനു മനോജ്, യൂനുസ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."